കത്തോലിക്കാ-ഓര്‍ത്തഡോക്സ് ദൈവശാസ്ത്ര സംഭാഷണം പുരോഗമിക്കുന്നു

കത്തോലിക്കാ-ഓര്‍ത്തഡോക്സ് ദൈവശാസ്ത്ര സംഭാഷണം പുരോഗമിക്കുന്നു

കത്തോലിക്കാസഭയും പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്ര സംഭാഷണത്തിനുള്ള സംയുക്ത അന്താരാഷ്ട്ര കമ്മീഷന്‍റെ യോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സംബന്ധിച്ചു. ഈ സംഭാഷണത്തില്‍ ഇതുവരെയുണ്ടാക്കാന്‍ കഴിഞ്ഞ പുരോഗതിയുടെ പേരില്‍ പാപ്പ ദൈവത്തിനു നന്ദി പറഞ്ഞു. പാശ്ചാത്യവും പൗരസ്ത്യവുമായ ദൈവശാസ്ത്രാവിഷ്കാരങ്ങളെ പരസ്പരപൂരകമായിട്ടാണ്, പരസ്പര വിരുദ്ധമായിട്ടല്ല കാണേണ്ടതെന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ ഉദ്ധരിച്ചു മാര്‍പാപ്പ ആവശ്യപ്പെട്ടു.

കൂദാശകളെ കുറിച്ചുള്ള വിചിന്തനമാണ് സംയുക്ത ദൈവശാസ്ത്ര കമ്മീഷന്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സമ്പൂര്‍ണ ഐക്യത്തിലേയ്ക്കുള്ള പ്രയാണത്തിന് ഈ വിചിന്തനങ്ങള്‍ സഹായിക്കുമെന്നും പരിശുദ്ധ ബലി ഒന്നിച്ചര്‍പ്പിക്കാന്‍ ഇതിടയാക്കുമെന്നും മാര്‍പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.

സംഭാഷണത്തിനെത്തിയിരിക്കുന്ന പൗരസ്ത്യസഭകള്‍ മിക്കവയും മധ്യപൗരസ്ത്യദേശങ്ങളില്‍ നിന്നുള്ളവയാണെന്നു സൂചിപ്പിച്ച മാര്‍പാപ്പ അവിടെ നടക്കുന്ന യുദ്ധങ്ങളേയും അക്രമങ്ങളേയും മതമര്‍ദ്ദനങ്ങളേയും പരാമര്‍ശിക്കുകയും ദുരിതമനുഭവിക്കുന്ന ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയില്‍ അനന്യമായ സ്ഥാനം വഹിച്ച ഈ നാട് സംഘര്‍ഷങ്ങളുടെ ദീര്‍ഘരാത്രിക്കു ശേഷം സമാധാനത്തിന്‍റെ പ്രഭാതം ദര്‍ശിക്കട്ടെയെന്ന പ്രാര്‍ത്ഥന എന്നും തന്നിലുണ്ടെന്നു പാപ്പ പറഞ്ഞു. ഈ നാടുകളിലെ സഭകളില്‍നിന്നു ധാരാളം വിശുദ്ധരുണ്ടായിട്ടുണ്ട്. അവരവിടെ സമാധാനത്തിന്‍റെ വിത്തുകള്‍ വിതച്ചിട്ടുണ്ട്. സമകാലിക രക്തസാക്ഷികള്‍ സ്വന്തം രക്തം കൊണ്ട് ആ വിത്തുകളെ നനയ്ക്കുന്നുണ്ട്. അവ വളര്‍ന്നു ഫലമണിയുക തന്നെ ചെയ്യും-മാര്‍പാപ്പ പറഞ്ഞു.

വത്തിക്കാന്‍ ക്രൈസ്തവൈക്യകാര്യാലയവും കോപ്റ്റിക്, സിറിയന്‍, അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭകളും ചേര്‍ന്ന് 2003-ലാ ണ് ദൈവശാസ്ത്ര സംഭാഷണത്തിനുള്ള സംയുക്ത കമ്മീഷന്‍ സ്ഥാപിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org