മതപഠനവിലക്ക്: ഭരണകൂട നീക്കത്തിനെതിരെ സ്പാനിഷ് സഭ

മതപഠനവിലക്ക്: ഭരണകൂട നീക്കത്തിനെതിരെ സ്പാനിഷ് സഭ

മതപഠനം വെട്ടിച്ചുരുക്കാനും വത്തിക്കാനുമായുള്ള പഴയ കരാറുകള്‍ പുനഃപരിശോധിക്കാനുമുള്ള സ്പെയിന്‍ ഭരണകൂടത്തിന്‍റെ നീക്കത്തില്‍ സ്പാനിഷ് കത്തോലിക്കാ മെത്രാന്‍ സംഘം കടുത്ത ആശങ്ക രേഖപ്പെടുത്തി. മതസ്വാതന്ത്ര്യത്തിനും മതവിദ്യാഭ്യാസത്തിനുമുള്ള അവകാശം ഭരണഘടനാകല്‍പിതമാണെന്നു മെത്രാന്‍ സംഘം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസസമ്പ്രദായത്തില്‍ മതത്തിന് ആവശ്യമായ പരിഗണന നല്‍കണം. അത് ഒരു വ്യക്തിയുടെ സമഗ്രരൂപീകരണത്തിന് ആവശ്യമാണ്. രാഷ്ട്രത്തിന്‍റെ അധികാരമുപയോഗിച്ച് അടിച്ചേല്‍പിക്കുന്ന ധാര്‍മ്മികത കൊണ്ട് അതിനെ പകരം വയ്ക്കാനാവില്ല – മെത്രാന്മാര്‍ വിശദീകരിച്ചു.

കത്തോലിക്കാ വിദ്യാലയങ്ങള്‍ക്കുള്ള ധനസഹായം വെട്ടിച്ചുരുക്കുമെന്നും സ്കൂള്‍ പാഠ്യപദ്ധതിയിലെ ഒരു വിഷയമെന്ന നിലയില്‍ മതം ഒഴിവാക്കുമെന്നും സ്പാനിഷ് സര്‍ക്കാര്‍ പ്രസ്താവിച്ചിരുന്നു. സ്കൂള്‍ പാഠ്യപദ്ധതിയില്‍ മതം എന്ന വിഷയത്തിനു പകരമായി "പൗര, ധാര്‍മ്മിക മൂല്യങ്ങള്‍" എന്ന നിര്‍ബന്ധിത വിഷയം ഉള്‍പ്പെടുത്തുമെന്നതാണ് സര്‍ക്കാര്‍ നിലപാട്.

എന്നാല്‍ തങ്ങളുടെ മക്കള്‍ക്കാവശ്യമുള്ള വിദ്യാഭ്യാസമാതൃക തിരഞ്ഞെടുക്കാനുള്ള അവകാശം സ്പാനിഷ് ഭരണഘടന മാതാപിതാക്കള്‍ക്ക് ഉറപ്പു നല്‍കുന്നുണ്ടെന്ന് മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. 1978-ലെ ഭരണഘടനയിലുള്ള ഈ അവകാശം 1979-ല്‍ വത്തിക്കാനുമായുണ്ടാക്കിയ ധാരണയിലും ഉറപ്പു നല്‍കുന്നുണ്ട്. അതിനാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ നീക്കം സ്വതന്ത്രമായ അദ്ധ്യയനത്തിനു ഭീഷണിയും വിദ്യാഭ്യാസ അടിയന്തിരാവസ്ഥയുടെ ഭീഷണിയുയര്‍ത്തുന്നതുമാണെന്ന് സ്പെയിനിലെ വാലെന്‍സ്യാ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ അന്‍റോണിയോ കനിസാറെസ് പ്രസ്താവിച്ചു. സ്പെയിനിലെ വിദ്യാഭ്യാസ സംവിധാനത്തില്‍ 26 ശതമാനം വരുന്ന കത്തോലിക്കാ സ്കൂളുകള്‍ ഗണനീയമായ പങ്കു വഹിക്കുന്നുണ്ട്. അവയ്ക്കുള്ള സര്‍ക്കാര്‍ ധനസഹായം വെട്ടിച്ചുരുക്കുന്നത് കുട്ടികളുടെ അവകാശലംഘനമായി മാറുമെന്നു സഭാനേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org