കന്ദമാലിലെ ഏഴു ‘നിരപരാധികള്‍’ സിബിസിഐ സമ്മേളനവേദിയില്‍

കന്ദമാലിലെ ഏഴു ‘നിരപരാധികള്‍’ സിബിസിഐ സമ്മേളനവേദിയില്‍

സുപ്രീം കോടതി ജാമ്യം അനുവദിച്ച ഒറീസയിലെ കന്ദമാലിലെ ഏഴു 'നിരപരാധികള്‍' ബാംഗ്ലൂരില്‍ നടന്ന സിബിസിഐ പ്ലീനറി സമ്മേളന വേദിയിലെത്തി. 11 വര്‍ഷക്കാലം ജയില്‍വാസമനുഭവിച്ച ഇവരുടെ ജാമ്യത്തിനായി സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ശക്തമായ ഇടപെടലുകള്‍ നടത്തിയ പത്രപ്രവര്‍ത്തകന്‍ ആന്‍റോ അക്കരയാണ് അഖിലേന്ത്യാ മെത്രാന്‍ സമിതിയുടെ സമ്മേളന വേദിയില്‍ ഇവരെ എത്തിച്ചത്. സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ വധവുമായി ബന്ധപ്പെട്ടു കന്ദമാലില്‍ അരങ്ങേറിയ ക്രൈസ്തവ പീഡനങ്ങളെത്തുടര്‍ന്ന് വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റിലാകുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തവരാണ് ഈ ഏഴുപേര്‍.

കന്ദമാലിലെ കലാപത്തെത്തുടര്‍ന്ന് നിരവധി തവണകളില്‍ അവിടം സന്ദര്‍ശിച്ചു റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ ആന്‍റോ അക്കര ലക്ഷ്മണാനന്ദയുടെ വധത്തെയും തുടര്‍ന്നു നടന്ന ക്രൈസ്തവ പീഡനങ്ങളെയും കുറിച്ചു "ലക്ഷ്മണാനന്ദയെ കൊന്നതാര്" എന്ന പേരില്‍ ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചിരുന്നു. വ്യാജ ആരോപണങ്ങളുടെ പേരില്‍ ജയിലിലായ ഏഴുപേരുടെ മോചനത്തിനായി ദേശീയ തലത്തില്‍ പല കര്‍മ്മപരിപാടികളും അദ്ദേഹം ആവിഷ്ക്കരിക്കുകയും ചെയ്തു. സിബിസിഐ സമ്മേളനവേദിയിലെത്തിയ കന്ദമാലിലെ 'നിരപരാധികളായ' ഏഴു പേരെയും സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സ്വാഗതം ചെയ്തു. ജാമ്യത്തിനപ്പുറം ഏഴുപേരുടെയും വിടുതലിനുവേണ്ടിയാണു എല്ലാവരും പരിശ്രമിക്കേണ്ടതെന്ന് സമ്മേളനത്തില്‍ പ്രസംഗിച്ച ആന്‍റോ അക്കര അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org