കൊറോണ വൈറസിനെ അതീജീവിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് കൈകോര്‍ക്കും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ലോകമെമ്പാടും പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ അതി ജീവിക്കാനും ജനങ്ങളെ ഭീതിയില്‍ നിന്നകറ്റി ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാരത കത്തോലിക്കാസഭയുടെ സജീവ പങ്കാളിത്തവും പിന്‍ബലവുമുണ്ടാകുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തിനെതിരെ കേരള സംസ്ഥാനം തുടക്കം കുറിച്ച് പൊതുസമൂഹം ഏറ്റെടുത്ത ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് ലെയ്റ്റി കൗണ്‍സില്‍ രാജ്യ വ്യാപക പ്രചാരണം നല്‍കും. രാജ്യത്തുടനീളം വേരോട്ടമുള്ള കത്തോലിക്കാസഭയുടെ വിവിധ ശുശ്രൂഷാ സംവിധാനങ്ങളിലൂടെ ബ്രേക്ക് ദ ചെയിന്‍ ബോധവല്‍ക്കരണപ്രക്രിയയില്‍ ഭാരതസഭയിലെ വിവിധ സംഘടനകളും സ്ഥാപനങ്ങളും പങ്കുചേരും.

ആഗോള കത്തോലിക്കാസഭയുടെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും നിര്‍ദ്ദേശങ്ങള്‍ മാനിച്ചുകൊണ്ട് സിബിസിഐ അധ്യക്ഷനും, സഭാതലവന്മാരും, വിവിധ രൂപതാധ്യക്ഷന്മാരും നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ദേശീയതലം മുതല്‍ കുടുംബകൂട്ടായ്മകളും കുടുംബങ്ങളുംവരെ മാറ്റമില്ലാതെ നടപ്പിലാക്കും. സഭയിലെ വിവിധ സാമൂഹ്യപ്രസ്ഥാനങ്ങളും അല്മായ സംഘടനകളും പൊതുസമൂഹത്തിലും വിവിധങ്ങളായ മാധ്യമങ്ങളിലൂടെയും കൊറോണ വൈറസിനെതിരെയുള്ള ജനകീയ ബോധവല്‍ക്കരണ പ്രക്രിയയില്‍ പങ്കുചേരും.

വിശ്വാസികളൊത്തുചേര്‍ന്നുള്ള പ്രാര്‍ത്ഥനകളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ സഭയുടെ തീരുമാനങ്ങളുടെ മറവില്‍ ആചാരാനുഷ്ഠാനങ്ങളെ അധിക്ഷേപിക്കുന്നതിനും വിശ്വാസത്തെ വെല്ലുവിളിക്കുന്നതിനും ചില കേന്ദ്രങ്ങള്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ വിശ്വാസിസമൂഹം പുച്ഛിച്ചുതള്ളും. കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ ആളുകള്‍ തടിച്ചുകൂടിയുള്ള പ്രാര്‍ത്ഥനകള്‍ തല്‍ക്കാലം വേണ്ടെന്നുവെച്ചതുകൊണ്ട് ദിവ്യബലികള്‍ ഇല്ലെന്ന് ആരും ദുര്‍വ്യാഖ്യാനം ചെയ്യരുത്. വൈദികര്‍ അര്‍പ്പിക്കുന്ന ദിവ്യബലികളും വിശ്വാസിസമൂഹത്തിന്‍റെ പ്രാര്‍ത്ഥനാശുശ്രൂഷകളും ലോകത്തുടനീളം കൂടിയിരിക്കുന്നു. ആഗോള കത്തോലിക്കാസഭയുടെ വിവേകപൂര്‍ണ്ണമായ ഈ തീരുമാനത്തിനു പിന്നില്‍ കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെയുള്ള മുന്‍കരുതലാണ് ലക്ഷ്യം വെയ്ക്കുന്നത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ ഭവനങ്ങളില്‍ പ്രാര്‍ത്ഥനകള്‍ ശക്തമായി ഉയരുന്നു. പ്രത്യേകിച്ച് വിശ്വാസിസമൂഹം ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്നു.

മാര്‍ച്ച് 22-ന് ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ സ്വഭവനങ്ങളില്‍ പ്രാര്‍ത്ഥനാനിരതരായി. ജനങ്ങളുടെ ജീവന് സംരക്ഷണമേകി നിലനിര്‍ത്താന്‍ രാജ്യമെടുക്കുന്ന തീരുമാനം അനുസരിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയും ഉത്തരവാദിത്വവുമാണ്. മറ്റു രാജ്യങ്ങളിലെ അനുഭവപാഠങ്ങളില്‍നിന്ന് ഇന്ത്യന്‍ ജനത കൊറോണ വൈറസിന്‍റെ വ്യാപനത്തിന് തടയിടണം. ജനങ്ങളുടെ ജീവന് വെല്ലുവിളി ഉയരുമ്പോള്‍ രാജ്യം ഒറ്റക്കെട്ടായി ഐക്യത്തോടും അര്‍പ്പണത്തോടും ജാഗ്രതയോടെയും പ്രവര്‍ത്തിക്കേണ്ട ഈ സമയത്ത് സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും ബോധവല്‍ക്കരണപ്രക്രിയയില്‍ പങ്കുചേര്‍ന്നും ഭാരത കത്തോലിക്കാസഭ പ്രവര്‍ത്തനനിരതരാണെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org