Latest News
|^| Home -> National -> ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ച് സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്‍റെ റിപ്പോര്‍ട്ട് ന്യൂനപക്ഷ കമ്മീഷന് സമര്‍പ്പിച്ചു

ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ച് സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്‍റെ റിപ്പോര്‍ട്ട് ന്യൂനപക്ഷ കമ്മീഷന് സമര്‍പ്പിച്ചു

Sathyadeepam

കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്‍റെ സാമ്പത്തിക സാമൂഹ്യ പിന്നോക്കാവസ്ഥയെക്കുറിച്ച് സര്‍ക്കാര്‍ കൂടുതല്‍ പഠനം നടത്തണമെന്നും പദ്ധതികള്‍ ആവിഷ്കരിക്കണമെന്നുമാവശ്യപ്പെട്ട് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാല രൂപത വികാരി ജനറാള്‍ ഫാ. ജോസഫ് കുഴിഞ്ഞാലില്‍, കോട്ടയം രൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വിജയപുരം രൂപത വികാരി ജനറാള്‍ ഫാ. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍, സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി, മൈനോരിറ്റി സ്റ്റഡി ടീം കണ്‍വീനര്‍ ജിന്‍സ് നല്ലേപ്പറമ്പില്‍, മെമ്പര്‍ അമല്‍ സിറിയക് എന്നിവരും പ്രതിനിധീകരിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളായ അഡ്വ.ബിന്ദു എം. തോമസ്, അഡ്വ.മൊഹമ്മദ് ഫൈസല്‍ എന്നിവര്‍ പങ്കുചേര്‍ന്നു.

ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ സാമ്പത്തിക പിന്നോക്കാവസ്ഥയോടൊപ്പം ജനസംഖ്യാനുപാതം മാനദണ്ഡമാക്കണമെന്ന് ലെയ്റ്റി കൗണ്‍സില്‍ ആവശ്യപ്പെട്ടു. ക്രിസ്ത്യാനികളില്‍ വളരെ വലിയ ഒരു വിഭാഗം കര്‍ഷകരും മത്സ്യതൊഴിലാളികളുമാണ്. കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ച, പ്രകൃതിക്ഷോഭം മൂലം കൃഷി നശിക്കുന്ന അവസ്ഥ എന്നിവമൂലം കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടു ന്നു. കാര്‍ഷിക വായ്പ എടുത്ത് കടക്കെണിയിലായ ഒട്ടേറെപ്പേര്‍ ക്രൈസ്തവ സമുദായത്തിലുണ്ട്. മത്സ്യതൊഴിലാളികളുടെ അവസ്ഥയും വിഭിന്നമല്ല. കടല്‍ക്ഷോഭവും വറുതിയും മൂലം പരമ്പരാഗത തൊഴില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് പലരും. വള്ളവും വലയും വാങ്ങാന്‍ വായ്പ എടുത്തവര്‍ കടക്കെണിയിലായിരിക്കുന്നു. കടലാക്രമണത്തില്‍ കയറിക്കിടക്കാനുള്ള വീടുപോലും നഷ്ടപ്പെട്ടവര്‍ ഒട്ടേറെയാണ്.

കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നത് ക്രൈസ്തവ സമൂഹത്തിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമാണ്. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്തവര്‍ പലരും അത് തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുകയാണ്. തൊഴില്‍രഹിതരുടെ എണ്ണം ക്രൈസ്തവ സമൂഹത്തില്‍ വര്‍ധിച്ചിട്ടുണ്ട് എന്നത് ആശങ്ക ഉളവാക്കുന്നു. ക്രൈസ്തവ യുവാക്കള്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്താന്‍ ഉതകുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യണമെന്ന് ലെയ്റ്റി കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മുപ്പതു വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിതരായ യുവാക്കന്മാരുടെ എണ്ണം ക്രൈസ്തവ സമൂഹത്തില്‍ അനുദിനം വര്‍ധിച്ചു വരുന്നു എന്നത് ലെയ്റ്റി കൗണ്‍സിലിന്‍റെ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. സാമ്പത്തികമായ പിന്നോക്കാവസ്ഥയാണ് ഈ പ്രവണതയുടെ കാരണമെന്ന് കൗണ്‍സില്‍ വിലയിരുത്തിയത് കമ്മീഷന്‍റെ പരിഗണനയില്‍പെടുത്തി. വിവാഹിതരായവര്‍ക്കിടയില്‍ കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ജീവിതച്ചെലവ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സാമ്പത്തിക പിന്നോക്കാവസ്ഥ മൂലം കുട്ടികളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യവും നിലവിലുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ ക്രൈസ്തവ പ്രാതിനിധ്യക്കുറവ് പ്രധാന വിഷയമാണെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതികളിന്മേല്‍ അര്‍ഹമായ പ്രാതിനിധ്യം ക്രൈസ്തവര്‍ക്ക് ലഭിക്കുന്നില്ലെന്നും ലെയ്റ്റി കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്‍റെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥയെക്കുറിച്ച് ലെയ്റ്റി കൗണ്‍സില്‍ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടും ന്യൂനപക്ഷ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചു.

Leave a Comment

*
*