കത്തോലിക്കാ അല്മായ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ശക്തിപ്പെടുത്തും -സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കത്തോലിക്കാസഭയുടെ അല്മായ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ശക്തിപ്പെടുത്താനുള്ള കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. അല്മായ സമൂഹത്തെ സഭയുടെയും സമൂഹത്തിന്‍റെയും സര്‍വ്വോപരി രാജ്യത്തിന്‍റെയും മുഖ്യധാരയില്‍ ശക്തിപ്പെടുത്തുവാനും കര്‍മ്മനിരതമാക്കുവാനും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ പ്രതിജ്ഞാബദ്ധമാണ്. ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും സഭാസംവിധാനങ്ങള്‍ക്കുമെതിരെ വെല്ലുവിളികളും ആക്ഷേപ അവഹേളനങ്ങളും വിവിധ കോണുകളില്‍ നിന്നുയരുമ്പോള്‍ സഭയെ സംരക്ഷിക്കേണ്ട കടമയും ഉത്തരവാദിത്വവും വിശ്വാസികളായ അല്മായ സമൂഹത്തിനുണ്ട്.

ഭാരതകത്തോലിക്കാസഭയിലെ വിവിധ റീത്തുകളിലെയും ഇതര ക്രൈസ്തവ വിഭാഗങ്ങളിലെയും വിശ്വാസിസമൂഹം കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുവാന്‍ മുന്നോട്ടുവരണമെന്ന് വി.സി. സെബാസ്റ്റ്യന്‍ വ്യക്തമാക്കി. കത്തോലിക്കാസഭയിലെ അല്മായ പങ്കാളിത്തം ഊര്‍ജ്ജസ്വലവും സജീവവുമാക്കുവാന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രബോധനങ്ങളും നിര്‍ദ്ദേശങ്ങളും അല്മായസമൂഹം കൂടുതല്‍ പഠനവിഷയമാക്കുവാന്‍ ലെയ്റ്റി കൗണ്‍സില്‍ അവസരമൊരുക്കും. സഭയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങള്‍ ചേര്‍ന്ന കുടുംബകൂട്ടായ്മകള്‍ മുതല്‍ ദേശീയതലം വരെയുള്ള അല്മായ ശാക്തീകരണപരിപാടികള്‍ക്ക് ലെയറ്റി കൗണ്‍സില്‍ നേതൃത്വം കൊടുക്കും. ഭാരത കത്തോലിക്കാ സഭയിലെ 174 രൂപതകളിലും ദേശീയതലത്തിലും പ്രവര്‍ത്തിക്കുന്ന വിവിധ അല്മായ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുകയും നാഷണല്‍ കാത്തലിക് ലെയ്റ്റി ടീം രൂപീകരിക്കുകയും ചെയ്യും.

സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ അംഗങ്ങളുടെയും ലാറ്റിന്‍, സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളിലെ അല്മായ കമ്മീഷന്‍ പ്രതിനിധികളുടെയും രാജ്യത്തെ 14 റീജിയണല്‍ കൗണ്‍സിലുകളിലെ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറിമാരുടെയും സമ്മേളനം വിളിച്ചുചേര്‍ത്ത് ദേശീയതല അല്മായ പ്രവര്‍ത്തനപരിപാടികളുടെ രൂപരേഖ തയ്യാറാക്കുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org