സിബിസിഐ പ്രസിഡന്‍റ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സിബിസിഐ പ്രസിഡന്‍റ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഭാരതത്തിലെ ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനവുമടക്കം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനത്തോട് കേന്ദ്ര സര്‍ക്കാരിന് ക്രിയാത്മക സമീപനമാണുള്ളതെന്ന് ഓസ്വാള്‍ഡ് ഗ്രേഷ്യസ് മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ ഇക്കാര്യം സംബന്ധിച്ചു പ്രധാനമന്ത്രിയില്‍ നിന്ന് ഉറപ്പൊന്നും ലഭിച്ചിട്ടില്ല. ഈ വര്‍ഷം മാര്‍പാപ്പയുടെ സന്ദര്‍ശനം ഉണ്ടാകുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

മാര്‍പാപ്പയ്ക്കും രാഷ്ട്രപതി, പ്രധാനമന്ത്രി അടക്കമുള്ള ഭാരത നേതാക്കള്‍ക്കും അനുയോജ്യമായ തീയതി കണ്ടെത്തുന്നതിലെ പ്രയാസമാണ് ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ ലോകം മുഴുവന്‍ ആദരിക്കുന്ന വ്യക്തിത്വമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ഏഷ്യയിലെ കത്തോലിക്കാ മെത്രന്മാരുടെ ഫെഡറേഷന്‍ (എഫ്എബിസി) പ്രസിഡന്‍റും ഇന്ത്യയിലെ ലത്തീന്‍ മെത്രാന്‍ കൗണ്‍സിലിന്‍റെ (സിസിബിഐ) പ്രസിഡന്‍റും കൂടിയായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യ സ് സൂചിപ്പിച്ചു.

രാജ്യത്തെ ക്രൈസ്തവരുടേതടക്കം എല്ലവരുടെയും ക്ഷേമം കേന്ദ്ര സര്‍ക്കാരിന്‍റെ നയമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി കര്‍ദിനാള്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ഭയാശങ്കകള്‍ ദുരീകരിക്കാനും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും പ്രധാനമന്ത്രി സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹത്തെ ധരിപ്പിച്ചതായും കര്‍ദിനാള്‍ വിശദീകരിച്ചു.

രാഷ്ട്ര പുരോഗതിക്കായി കത്തോലിക്കാ സഭ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അനുമോദിച്ചു. വിദ്യാഭ്യാസ – ആതുര സേവനരംഗങ്ങളില്‍ സഭയുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി മോണ്‍. ജോസഫ് ചിന്നയ്യനും കര്‍ദിനാളിനൊപ്പമുണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org