Latest News
|^| Home -> National -> കാരുണ്യത്തിന്‍റെ പ്രതീകങ്ങളായി സഭാമക്കള്‍ വ്യാപരിക്കണം: വത്തിക്കാന്‍ സ്ഥാനപതി

കാരുണ്യത്തിന്‍റെ പ്രതീകങ്ങളായി സഭാമക്കള്‍ വ്യാപരിക്കണം: വത്തിക്കാന്‍ സ്ഥാനപതി

Sathyadeepam

കാരുണ്യത്തിന്‍റെ പ്രതീകങ്ങളായി സഭാമക്കള്‍ മാറണമെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ഡോ. ജിയാം ബാറ്റിസ്റ്റ ഡിക്വാത്രോ അഭിപ്രായപ്പെട്ടു. അഖിലേന്ത്യാ മെത്രാന്‍സമിതിയുടെ (സിബിസിഐ) ദ്വൈവാര്‍ഷിക സമ്മേളനം ബാംഗ്ലൂര്‍ സെന്‍റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരുണയിലൂടെ ദൈവത്തിന് അനുരൂപരാകാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മെ ക്ഷണിക്കുകയാണ്. സഭയില്‍ ചര്‍ച്ചകള്‍ ഉരുത്തിരിഞ്ഞു വരേണ്ടത് കരുണയില്‍ നിന്നാകണം. ഇന്ത്യന്‍ സഭയുടെ ച രിത്രത്തിലെ രണ്ട് അസാധാരണ വനിതകള്‍ ഇത്തരത്തില്‍ കരുണയുടെ സന്ദേശം നല്‍കിയവരാണ്. കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസയും വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയും – ആര്‍ച്ചുബിഷപ് അനുസ്മരിച്ചു. ഇരുവരും പ്രേഷിതസാക്ഷ്യത്തിന്‍റെ ജീവിക്കുന്ന ഉദാഹരണങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ച്ചുബിഷപ് ദിക്വാത്രോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സിബിസിഐ പ്രസിഡന്‍റ് കര്‍ദി നാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷനായിരുന്നു. ഇന്ത്യയ്ക്കു സഭയെയും സഭയ്ക്ക് ഇന്ത്യയെയും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളും സമൂഹങ്ങളും ഭാരതത്തില്‍ ഒന്നായി കഴിയുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ രാഷ്ട്രപുരോഗതിയില്‍ സഭ വളരെയേറെ കാര്യങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹ്യ പ്രവര്‍ത്തനം, ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ഉന്നമനം തുടങ്ങി എല്ലാ മേഖലകളിലും സഭ രാജ്യത്തെ സേവിക്കുകയാണ്. ഇന്നു ഭാരതം നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എന്നാല്‍ രാജ്യത്തിന്‍റെ ജ നാധിപത്യ മതേതര മൂല്യങ്ങളില്‍ തങ്ങള്‍ക്കു വലിയ ആത്മവിശ്വാസമുണ്ടെന്നും കര്‍ദിനാള്‍ ക്ലീമിസ് പറഞ്ഞു.

മ്യാന്‍മാറിലെ യാംഗൂണ്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ചാള്‍സ് ബോ മുഖ്യപ്രഭാഷണം നടത്തി. ദാരിദ്ര്യമെന്ന ഭീകരതയ്ക്കെതിരെയാണ് സഭ പോരാടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അനീതിയുടെ ലോകത്തില്‍ അപ്പമായി നാം വിഭജിക്കപ്പെടണം. മൂന്നാമത്തേതും അവസാനത്തേതുമായ ലോകയുദ്ധം അനിവാര്യമാണ് — ദാരിദ്ര്യത്തിനും അനീതിക്കുമെതിരെയുള്ള ലോകയുദ്ധം — കര്‍ദിനാള്‍ വിശദീകരിച്ചു. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍മാരായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ഡോ. ടെലസ് ഫോര്‍ ടോപ്പോ, ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ് ഡോ. ബര്‍ണാഡ് മൊറസ്, സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയോഡര്‍ മസ്കരിനാസ്, വൈസ് പ്രസിഡന്‍റുമാരായ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ചുബിഷപ് ഡോ. ഫിലിപ്പ് നേരി, ഡപ്യൂട്ടി സെക്രട്ടറി ഫാ. ജോസഫ് ചിന്നയ്യന്‍, സെന്‍റ് ജോണ്‍സ് ഡയറക്ടര്‍ ഫാ. പോള്‍ പാറത്താഴം, എന്നിവര്‍ പ്രസംഗിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ, രാഷ്ട്രപതി റാംനാഥ് കോവിന്ദ്, എന്നിവരുടെ സന്ദേശങ്ങള്‍ വായിച്ചു. ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളില്‍ പെട്ട 174 രൂപതകളില്‍ നിന്നുള്ള 204 മെ ത്രാന്മാരും വിരമിച്ച 64 മെത്രാന്മാരുമാണ് സിബിസിഐ സമിതിയിലുള്ളത്.

Leave a Comment

*
*