കത്തോലിക്കാ സ്കൂളുകളില്‍ ഭാരതത്തിന്‍റെ ഭരണഘടന പഠിപ്പിക്കണം: സിബിസിഐ

കത്തോലിക്കാ സ്കൂളുകളില്‍ ഭാരതത്തിന്‍റെ ഭരണഘടന പഠിപ്പിക്കണം: സിബിസിഐ

ഭാരതത്തിലെ മുഴുവന്‍ കത്തോലിക്കാ സ്കൂളുകളിലും ഭരണഘടനയെക്കുറിച്ച് വിശദമായി പഠിപ്പിക്കണമെന്ന് സിബിസിഐയുടെ വിദ്യാഭ്യാസത്തിനും സംസ്ക്കാരത്തിനും വേണ്ടിയുള്ള കാര്യാലയം നിര്‍ദ്ദേശിച്ചു. സഭാനേതാക്കള്‍ മനുഷ്യാവകാശങ്ങളും മതേതരത്വവും പ്രഘോഷിക്കുന്നതും പഠിപ്പിക്കുന്നതും വത്തിക്കാന്‍റെ നിര്‍ദ്ദേശമനുസരിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന ചില ഹിന്ദു വര്‍ഗീയഗ്രൂപ്പുകളുടെ ആരോപണങ്ങള്‍ക്കു മറുപടിയായിട്ടാണ് സ്കൂളുകളില്‍ ഭരണഘടന പഠിപ്പിക്കണമെന്ന നിര്‍ദേശം സഭാ നേതാക്കള്‍ മുന്നോട്ടു വയ്ക്കുന്നത്. അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ചാണ് ഭാരതത്തിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സിബിസിഐ ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇതിന്‍റെ ആദ്യഘട്ടമെന്നോണം ഭരണഘടനയുടെ ആമുഖത്തെക്കുറിച്ചു വിശദീകരിക്കാനാണു ശ്രമിക്കുന്നതെന്ന് സിബിസിഐയുടെ വിദ്യാഭ്യാസത്തിനും സംസ്ക്കാരത്തിനും വേണ്ടിയുള്ള കാര്യാലയാധ്യക്ഷനും കല്‍ക്കട്ട ആര്‍ച്ചു ബിഷപ്പുമായ ഡോ. തോമസ് ഡിസൂസ പറഞ്ഞു. പൗരന്മാര്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പാക്കുന്ന ഭാരതത്തിന്‍റെ ഭരണഘടന മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും തുല്യതയും അന്തസ്സും ഉറപ്പു നല്‍കുന്നുമുണ്ട്.

നാം പൊതുവായി കുട്ടികള്‍ക്ക് പലതും പറഞ്ഞു കൊടുക്കുന്നുണ്ടെങ്കിലും ഭരണഘടനയുടെ മൂല്യത്തെക്കുറിച്ചു കൂടുതല്‍ വിശദീകരിച്ചു നല്‍കാറില്ല – ആര്‍ച്ചു ബിഷപ് ഡിസൂസ പറഞ്ഞു. മതത്തിനും ജാതിക്കും സമ്പത്തിനും അതീതമായ തുല്യതയുടെ മൂല്യം ഉള്‍ക്കൊള്ളാനാകുന്ന ഒരു തലമുറയെ സൃഷ്ടിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭാരതത്തില്‍ കത്തോലിക്കാ സഭ അമ്പതിനായിരത്തിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഇതില്‍ 400 കോളജുകളും ആറു യൂണിവേഴ്സിറ്റികളും ഉള്‍പ്പെടും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org