സിസിബിഐ പ്ലീനറി സമ്മേളനം സമാപിച്ചു

സിസിബിഐ പ്ലീനറി സമ്മേളനം സമാപിച്ചു

കാരുണ്യം ഒരു ഐച്ഛിക വിഷയമല്ലെന്നും സഭയുടെ സ്വഭാവമാണെന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു. കോണ്‍ ഫെറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ 29-ാം പ്ലീനറി സമ്മേ ളനം ഭോപ്പാലില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പവിത്രമായ കുടുംബങ്ങളെ സംരക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്. കുടുംബത്തെ ശിഥിലീകരിക്കാന്‍ ഉദ്യമിക്കുന്ന ആശയങ്ങള്‍ പ്രചരിക്കുന്ന കാലമാണിത്. അതിനാല്‍ കുടുംബങ്ങളിലേക്ക് നമ്മുടെ സ്നേഹ സന്ദേശം വേഗം എത്തിക്കേണ്ടിയിരിക്കുന്നു. സിസിബിഐ പ്രസിഡന്‍റ് കൂടിയായ കര്‍ദിനാള്‍ പറഞ്ഞു.
കര്‍ദിനാള്‍ ഗ്രേഷ്യസ്, കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ, ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. ലെയോ കൊര്‍ണേലിയോ, സിസിബിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, വൈസ് പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഫിലിപ് നേരി ഫെറാവോ, വത്തിക്കാന്‍ നൂണ്‍ഷേച്ചറില്‍ നിന്നുള്ള മോണ്‍. ഹെന്‍റിക് യാഗോദ് സിന്‍സ്കി, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ ദീപം തെളിച്ചു.
മാതാപിതാക്കള്‍ തങ്ങളുടെ കര്‍ത്തവ്യങ്ങളെക്കുറിച്ചു ജാഗ്രതയുള്ളവരായിരിക്കണമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത കര്‍ദിനാള്‍ ബല്‍ദിസാരി അഭിപ്രായപ്പെട്ടു. എല്ലായ്പ്പോഴും കുട്ടികളുടെ ഇംഗിതത്തിനു വഴങ്ങുന്ന മാതാപിതാക്കള്‍ അവര്‍ക്കു നല്ല ശിക്ഷണമല്ല നല്‍കുന്നതെന്നും കുടുംബത്തില്‍ സന്തോഷവും സ്നേഹവും വളര്‍ത്താന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഏതൊരു ക്രൈസ്തവനും ക്രിസ്തുവിനു സാക്ഷ്യം വഹിച്ചുകൊണ്ട് ക്രൈസ്തവ മൂല്യങ്ങളില്‍ വളരാന്‍ യത്നിക്കണമെന്ന് ദിവ്യബലിമധ്യേ നടത്തിയ സന്ദേശത്തില്‍ റാഞ്ചി ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ അനുസ്മരിപ്പിച്ചു. നിത്യജീവിതത്തില്‍ യേശുവിനെ കണ്ടുമുട്ടാന്‍ കഴിയണം. തങ്ങളുടെ ജീവിതത്തില്‍ നിന്നുള്ളതെല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും സാധിക്കണം. വെറുതെ അനുഷ്ഠാനങ്ങളും ആചാരങ്ങളും പിന്തുടരുന്നവരാകാതെ ക്രിസ്തുവിനെ കണ്ടുമുട്ടുന്നവരായിത്തീരാന്‍ വിശ്വാസിസമൂഹത്തിനു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എട്ടു ദിവസത്തെ സമ്മേളനത്തില്‍ 130-ല്‍ പരം മെത്രാന്മാര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org