ചൈതന്യ കാര്‍ഷികമേള വിളംബര സന്ദേശയാത്ര

ചൈതന്യ കാര്‍ഷികമേള വിളംബര സന്ദേശയാത്ര

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 20-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയ സംഘമഹോത്സവത്തിനും മുന്നൊരുക്കമായുള്ള വിളംബരസന്ദേശയാത്രയ്ക്ക് വര്‍ണ്ണാഭമായ തുടക്കം. കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്തായും കെ.എസ്. എസ്.എസ്. രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ടും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും സംയുക്തമായി വിളംബര സന്ദേശയാത്രയുടെ ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാളും കെ.എസ്. എസ്.എസ്. പ്രസിഡന്‍റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സഖറിയാസ് കുതിരവേലി, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, അസ്സി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, ചൈതന്യ പാസ്റ്ററല്‍ സെന്‍റര്‍ അസി. ഡയറക്ടര്‍ ഫാ. ജിജോ നെല്ലിക്കാക്കണ്ടത്തില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.സി. റോയി തുടങ്ങി മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ ഫ്ളാഗ് ഓഫ് കര്‍മ്മത്തില്‍ പങ്കെടുത്തു. ഫ്ളാഗ് ഓഫ് കര്‍മ്മത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. കാര്‍ഷിക കേരളത്തിന്‍റെ പൈതൃകസ്മരണകള്‍ ഉണര്‍ത്തുന്ന കെട്ടുവള്ളവും മത്സ്യത്തൊഴിലാളികളുമാണ് പ്രചരണ വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.

കാര്‍ഷിക മേളയുടെയും ഭക്ഷ്യസുരക്ഷയുടെയും സന്ദേശം പകര്‍ന്നുകൊണ്ട് വിളംബര സന്ദേശയാത്ര കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിക്കും. സന്ദേശയാത്രയോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണവും ആകര്‍ഷകങ്ങളായ മത്സരങ്ങളും സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെയും കൃഷിവകുപ്പിന്‍റെയും ആകാശവാണിയുടെയും പങ്കാളിത്തത്തോടെ നവംബര്‍ 22 മുതല്‍ 26 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററിലാണ് ചൈതന്യ കാര്‍ഷികമേള നടത്തപ്പെടുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org