ചാനല്‍കാഴ്ചകള്‍ അസ്വാസ്ഥ്യജനകം – സത്യന്‍ അന്തിക്കാട്

തൃശൂര്‍: കാലികപ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും വിഷ്വലുകളും വേദനാജനകമാണെന്ന് സിനിമാസംവിധായകന്‍ സത്യന്‍ അന്തിക്കാട്. സത്യസന്ധതയാണ് നേരെഴുത്തിന്‍റെ അടിസ്ഥാനം. ലളിതമായ ഭാഷയും സാഹിത്യവും മനസ്സിന് ശാന്തത നല്‍കുന്നു. ഫാ. ഡോ. ഫ്രാന്‍സീസ് ആലപ്പാട്ടിന്‍റെ മെഡിക്കല്‍ നോവലായ 'അനഘ' കേരള സാഹിത്യ അക്കാദമി ഹാളില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരെ രോഗികളായി കാണരുതെന്നും രോഗികളെ മനുഷ്യരായി കാണാന്‍കൂടി ഡോക്ടര്‍മാര്‍ പഠിക്കണമെന്നും ഡോക്ടര്‍മാരുടെ ദിനത്തില്‍ അദ്ധ്യക്ഷതവഹിച്ചുകൊണ്ട് പ്രകാശനം ചെയ്ത അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍ അഭിപ്രായപ്പെട്ടു. അതിരില്ലാത്ത പണമോഹത്തില്‍നിന്ന് മോചനം ലഭിക്കുമ്പോഴേ ഡോക്ടര്‍മാര്‍ക്ക് കൈപ്പുണ്യം സ്വന്തമാക്കാനാകൂ. ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്ന കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിന് സമര്‍പ്പിച്ച നോവല്‍ ഡോ. പി.കെ. ശശിധരന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രൊഫസര്‍മാരും പൂര്‍വ്വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഏറ്റുവാങ്ങി. പ്രകാശനചടങ്ങിലെ പുസ്തകവില്‍പ്പനയില്‍നിന്ന് ലഭിച്ച പതിനായിരം രൂപ പെയ്ന്‍ & പാലിയേററീവ് സൊസൈറ്റി പ്രതിനിധി കെ. പി. അച്യുതന്‍ ഏറ്റുവാങ്ങി. റവ. ഡോ. വിന്‍സെന്‍റ് ആലപ്പാട്ട്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരായ ഡോ. എം.ആര്‍ ചന്ദ്രന്‍, ഡോ. വി. കെ. രാമന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org