45 കോടിയുടെ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയതായി ചങ്ങനാശ്ശേരി അതിരൂപത

Published on

കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ചങ്ങനാശ്ശേരി അതിരൂപത 45 കോടിയുടെ സാമൂഹ്യക്ഷേമപദ്ധതികള്‍ നടപ്പാക്കിയതായി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അറിയിച്ചു. 133-ാമത് അതിരൂപതാ ദിനാചരണത്തില്‍ ആര്‍ച്ചുബിഷപ്സ് ഹൗസിലെ ചാപ്പലില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബിലിമധ്യേ നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം ആര്‍ച്ചുബിഷപ് വ്യക്തമാക്കിയത്.

ചങ്ങനാശ്ശേരി അതിരൂപത നല്ല അയല്‍ക്കാരുടെ കൂട്ടായ്മാ സമൂഹമാണെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. അതിരൂപതാ ദിനാചരണം വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. മഹാമാരി പ്രവാസികള്‍ക്കുണ്ടാക്കിയിരിക്കുന്ന ദുരിതങ്ങള്‍ ഏറെ ദുഃഖകരമാണ്. പ്രവാസികളുടെ സുരക്ഷയ്ക്കും പുനരധി വാസത്തിനും അതിരൂപതാ പ്രവാസി അപ്പസ്തോലേറ്റ് ഒപ്പമുണ്ടാകും. ഡിസംബറില്‍ അതിരൂപതയുടെ അഞ്ചാമത് മഹായോഗം നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും മാര്‍ പെരുന്തോട്ടം സൂചിപ്പിച്ചു. അതിരൂപതയുടെ പുതിയ യു ട്യൂബ് ചാനലിന്‍റെയും ഹരിതസമൃദ്ധപദ്ധതിയുടെയും ഉദ്ഘാടനവും ആര്‍ച്ചുബിഷപ് നിര്‍വഹിച്ചു. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആശംസകള്‍ നേര്‍ന്നു.

അതിരൂപത കഴിഞ്ഞ വര്‍ഷം നടത്തിയ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് വികാരി ജനറല്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ അവതരിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫിന് എക്സലന്‍സ് അവാര്‍ഡു സമ്മാനിച്ചു. ആരോഗ്യരംഗത്തെ ത്യാഗപൂര്‍ണമായ ശുശ്രൂഷകരുടെ പ്രതിനിധികളായ നഴ്സുമാരായ പുഷ്പമ്മ കുര്യന്‍, ടോജി സ്കറിയ എന്നിവരെ ആദരിച്ചു.

logo
Sathyadeepam Online
www.sathyadeepam.org