വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കിയ വിധി കുടുംബത്തിന്‍റെ അടിത്തറ തകര്‍ക്കും -ചങ്ങനാശ്ശേരി അതിരൂപതാ പ്രോലൈഫ് സെല്‍

ചങ്ങനാശ്ശേരി: വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കിയ വിധി കുടുംബത്തിന്‍റെ അടിത്തറ തകര്‍ക്കുമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പ്രോലൈഫ് സമിതി അഭിപ്രായപ്പെട്ടു. സ്വര്‍ഗ്ഗതുല്യമായിരിക്കേണ്ട കുടുംബങ്ങളിലെ ധാര്‍മ്മികത തകര്‍ത്ത് അത് സമൂഹത്തിന്‍റെ സര്‍വ്വനാശത്തിലേയ്ക്ക് എത്തിക്കാന്‍ തക്ക നിലപാടാണ് ഇപ്പോള്‍ രാഷ്ട്ര ഭരണാധികാരികളും കോടതിയും സ്വീകരിച്ചു വരുന്നത്. ഈ ലക്ഷ്യം വച്ചുതന്നെ 2018 ല്‍ തന്നെ കോടതി 3 വിധികള്‍ നടത്തിയിരുന്നു. ജീവനെ നശിപ്പിക്കാന്‍ അനുവദിക്കുന്ന ദയാവധം അനുവദിച്ചു. ജീവന്‍റെ വിശുദ്ധിയെ തകര്‍ക്കുന്ന സ്വവര്‍ഗ്ഗരതി അനുവദിച്ചു. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കി മാറ്റി.

ഈ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്ക് ഇതിനെ നിസ്സാരമായി കാണാന്‍ സാധിക്കില്ലെന്നും കുടുംബത്തിന്‍റെ അടിത്തറ തകര്‍ക്കുന്നതും വിശ്വാസികളില്‍ അധാര്‍മ്മികത വളര്‍ത്തി അതിലൂടെ അവരുടെ വിശ്വാസജീവിതം തകര്‍ക്കാനായുളള നീക്കമായി മാത്രമെ ഇതിനെ കാണാന്‍ സാധിക്കുകയുള്ളുവെന്നും അഭിപ്രായപ്പെട്ടു.

ചങ്ങനാശ്ശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ജീവന്‍ ജ്യോതിസ് പ്രോലൈഫ് സെല്ലിന്‍റെ നേതൃത്വ സമ്മേളനത്തില്‍ വച്ച് വിപുലമായ പ്രതിഷേധ പരിപാടികള്‍ നടത്തും.

അതിരൂപതാ തലത്തില്‍ സര്‍വ്വമത പ്രതിനിധികളെ ചേര്‍ത്ത് സെമിനാര്‍, അതിരൂപതാതല റാലിയും പ്രതിഷേധ സമ്മേളനവും സംഘടിപ്പിക്കും. ചങ്ങനാശ്ശേരി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലാ കേന്ദ്രങ്ങളില്‍ റീജിയണല്‍ പ്രതിഷേധ റാലിയും സമ്മേളനവും നടത്തും.

അതിരൂപതയിലെ 250 ഇടവകകളിലുമുളള പോസ്റ്റാഫീസിനു മുന്നില്‍ സൂചന പ്രതിഷേധ ധര്‍ണ്ണ ഒരേദിവസം തന്നെ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഡയറക്ടര്‍ ഫാ. ജോസ് മുകളേലിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫാ. ജോണ്‍സണ്‍ ചാലയ്ക്കല്‍, എബ്രഹാം പുത്തന്‍കളം, ലാലി ഇളപ്പുങ്കല്‍, ബിജു ആലഞ്ചേരി, ജോണ്‍സി കാട്ടൂര്‍, ജോസ് ഓലിക്കല്‍, സീന വര്‍ഗീസ്, കൊച്ചുറാണി, ലസ്ളി, പ്രമോദ് ജോസഫ്, വര്‍ഗീസ് കുടിലില്‍, ദേവസ്യ കായലപ്പറമ്പില്‍, ജോളി സക്കറിയ നാല്‍പ്പതാംകളം, ഷാജി പടപുരയ്ക്കല്‍, ബേബിച്ചന്‍ ശ്രാങ്കന്‍, എബ്രഹാം കളിയാത്തുശ്ശേരി, ചാക്കോ കൊടുപ്പുനക്കളം എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org