ചരിത്രവസ്തുത തമസ്കരിക്കാനുള്ള നടപടി അപലപനീയം – കെ സി ബി സി

ഒമ്പതാം ക്ലാസിലെ എന്‍സിഇആര്‍ടി ചരിത്രപാഠപുസ്തകത്തില്‍ കേരളത്തിന്‍റെ നവോത്ഥാനചരിത്രത്തില്‍ നിര്‍ണായക സ്വാധീനമുള്ള ചാന്നാര്‍ സമരം പ്രതിപാദിക്കുന്ന വസ്ത്രധാരണത്തിന്‍റെ സാമൂഹ്യചരിത്രം ഉള്‍പ്പെടെ മൂന്ന് അധ്യായങ്ങള്‍ പാഠപുസ്തകത്തില്‍നിന്നും പിന്‍വലിക്കാനുള്ള മാനവവിഭവശേഷി മന്ത്രിയുടെ നിര്‍ദേശം അപലപനീയമാണെന്ന് കെസിബിസി. ചരിത്രം അതിന്‍റെ തനിമയില്‍ അറിയുവാനും പഠിക്കുവാനുമുള്ള വിദ്യാര്‍ഥികളുടെ അവകാശത്തെയാണ് ഇതുവഴി നിഷേധിക്കുന്നത്. കുട്ടികളുടെ പഠനഭാരം കുറയ്ക്കുവാനെന്ന വ്യാജേന നടത്തിയ ഈ നടപടി ചരിത്രസംഭവങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ മറ്റൊരു മുഖമായേ കാണാന്‍ പറ്റൂ. നവോത്ഥാനചരിത്രത്തില്‍ ക്രൈസ്തവ മിഷനറിമാരുടെ സ്വാധീനത്തില്‍ നടന്ന ചാ ന്നാര്‍ മുന്നേറ്റമുള്‍പ്പെടെയുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതിലൂടെ ഈ രംഗത്തുള്ള ക്രൈസ്തവ സംഭാവനകളെ തമസ്കരിക്കാനുള്ള നീക്കം കൂടിയാണിതെന്നു സംശയിക്കുന്നു.

മനുഷ്യനെ മൃഗങ്ങളെപ്പോലെ സ്വന്തമാക്കി വയ്ക്കാനും പണിയെടുപ്പിക്കാനും ശിക്ഷിക്കാനും അധികാരമുണ്ടെന്നു കരുതിയ സവര്‍ണ ജന്മിത്തത്തിനെതിരേ ഒരു ജനവിഭാഗം തങ്ങളുടെ ശരീരത്തിന്മേലുള്ള സ്വയംനിര്‍ണയാവകാശം സ്വയം പ്രഖ്യാപിച്ച വിപ്ലവകരമായ മുന്നേറ്റമായിരുന്നു ചാന്നാര്‍ സമരം. മനുഷ്യന്‍റെ അന്തസ്സ് അവനില്‍ത്തന്നെയാണ് കുടികൊള്ളുന്നതെന്നും, അത് നിഷേധിക്കാന്‍ മേലാളര്‍ക്കോ മതാചാരങ്ങള്‍ക്കോ അധികാരമില്ലെന്നും പ്രഖ്യാപിച്ച ചരിത്രസംഭവമായിരുന്നു 'ചാന്നാര്‍ ലഹള'യെന്നതും പുതുതലമുറ അറിയേണ്ടതാണ്. ദേശീയതലത്തില്‍ വിദ്യാഭ്യാസ വിദഗ്ധര്‍ ഉള്‍പ്പെടുന്ന പാഠപുസ്തകസമിതി വിശദമായി പഠിച്ചു തയ്യാറാക്കിയ ഈ പാഠഭാഗങ്ങള്‍ ഏകപക്ഷീയമായി ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍റെയും ഐക്യ ജാഗ്രതാ കമ്മീഷന്‍റെയും സംയുക്ത യോഗം ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org