ബാലഭവനങ്ങള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം: കെസിബിസി

ബാലഭവനങ്ങള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം: കെസിബിസി

സംസ്ഥാനത്തെ 1200-ഓളം വരുന്ന ബാലമന്ദിരങ്ങള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കം ആയിരക്കണക്കിനു കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലേക്കും അരക്ഷിതത്വത്തിലേക്കും തള്ളിവിടുമെന്നും ഇന്ത്യയുടെ സാമൂഹികസാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ പടിഞ്ഞാറിന്‍റെ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കമാണ് ലക്ഷക്കണക്കിനു കുട്ടികളെ തെരുവിലേക്കെത്തിക്കുന്ന പുതിയ പ്രതിസന്ധിക്കു കാരണമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി വിലയിരുത്തി. പരിണതഫലം മറന്നുള്ള ക്രൂരതയ്ക്ക് സംസ്ഥാനസര്‍ക്കാരും കൂട്ടുനില്ക്കുകയാണ്. ഇന്ത്യയില്‍ ഭൂരിഭാഗം ജനങ്ങള്‍ക്കും സ്വപ്നം കാണാന്‍പോലും കഴിയാത്ത ഭൗതി ക സാഹചര്യങ്ങളും പണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍പോലുമില്ലാത്ത പഠനസൗകര്യങ്ങളും ബാലഭവനങ്ങളില്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ നിയമത്തിനു പിന്നില്‍, സോദ്ദേശ്യപരമല്ലാത്ത ലക്ഷ്യങ്ങളുള്ളതായി വിമര്‍ശനമുണ്ട്.

സംസ്ഥാനത്ത് 1200-ലധികം വരുന്ന ബാലഭവനങ്ങളില്‍ ആയിരത്തോളവും ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്നവയാണ്. ഈ സ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. പകരം സംവിധാനമൊരുക്കാതെയും കുട്ടികളുടെ ഭാവി കണക്കിലെടുക്കാതെയും 40,000-ലധികം വരുന്ന കുട്ടികളെ തെരുവിലേക്കു തള്ളിവിടുന്ന മനുഷ്യത്വരഹിതമായ നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. അശരണരെ സംരക്ഷിക്കുന്ന സമുദായ സംഘടനകളുടെയും സാമൂഹ്യ സേവന സംഘടനകളുടെയും സാമൂഹ്യ ഉത്തരവാദിത്വത്തില്‍നിന്ന് അവരെ തടയുന്ന നിയമനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുത്. ബാലഭവനങ്ങള്‍ കുറ്റവാളികളെ പാര്‍പ്പിക്കാനുള്ള ഇടമാണെന്ന ധാരണ ശരിയല്ല. സംസ്ഥാനത്തെ ബാലഭവനങ്ങളില്‍ താമസിച്ചു പഠനം നടത്തുന്ന കുട്ടികളില്‍ ഭൂരിപക്ഷവും ദരിദ്ര കുടുംബത്തില്‍നിന്നുള്ളവരും സ്വന്തം കുടുംബത്തില്‍ പഠനസൗകര്യങ്ങളും അനുകൂല സാഹചര്യങ്ങളും ലഭിക്കാത്തവരുമാണ്. അവര്‍ കുറ്റവാളികളല്ല. കേരളത്തിന്‍റെ സാഹചര്യങ്ങള്‍ക്കു നിരക്കുന്നവിധം നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. നിയമത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ കുരുന്നുകളോട് ക്രൂരത കാട്ടരുത് – പത്രക്കുറിപ്പില്‍ കെസിബിസി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org