Latest News
|^| Home -> International -> ചിലിയന്‍ സഭയുടെ നവീകരണപദ്ധതി മാര്‍പാപ്പയ്ക്കു സമര്‍പ്പിക്കും

ചിലിയന്‍ സഭയുടെ നവീകരണപദ്ധതി മാര്‍പാപ്പയ്ക്കു സമര്‍പ്പിക്കും

Sathyadeepam

ചിലിയന്‍ സഭ തങ്ങളുടെ സഭയെ നവീകരിക്കുന്നതിനുള്ള ഒരു പദ്ധതി ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സമര്‍പ്പിക്കുന്നു. അടുത്ത മാസം മാര്‍പാപ്പയെ കാണുമ്പോള്‍ ഈ പദ്ധതി മാര്‍പാപ്പയ്ക്കു നല്‍കുമെന്ന് ചിലിയന്‍ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ബിഷപ് സാന്തിയാ ഗോസില്‍വ അറിയിച്ചു. ചിലിയിലെ ഒരു രൂപതയിലെ മെത്രാന്‍ നിയമനം ചിലിയന്‍ സഭയില്‍ വലിയ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. വിവാദപുരുഷനായ ബിഷപ് ജുവാന്‍ ബറോസിനെ ഓസോര്‍നോ രൂപതയുടെ മെത്രാനായി നിയമിച്ചതാണ് സംഭവങ്ങളുടെ തുടക്കമായത്. ഇദ്ദേഹം ലൈംഗികാപവാദക്കേസുകളില്‍ കുടുങ്ങിയ ഒരു വൈദികന്‍റെ അടുത്ത സുഹൃത്തും അദ്ദേഹത്തെ കേസുകളില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിച്ചയാളും വൈദികനൊപ്പം കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തയാളും ആണെന്ന് ആരോപണമുണ്ടായിരുന്നു. നിയമനത്തെ ജനങ്ങളെതിര്‍ത്തെങ്കിലും വത്തിക്കാന്‍ സ്വന്തം നടപടിയില്‍ ഉറച്ചു നിന്നു. ചിലിയിലേയ്ക്കു നടത്തിയ സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പയും ഈ മെത്രാന്‍ നിയമനത്തെ പിന്തുണച്ചു.

വിവാദങ്ങള്‍ ശക്തമായി തുടര്‍ന്നപ്പോള്‍ ഇതേക്കുറിച്ച് അന്വേഷിക്കുന്നതിന് ആര്‍ച്ചുബിഷപ് ചാള്‍സ് സിക്ലൂണയെ മാര്‍പാപ്പ ചിലിയിലേയ്ക്ക് അയച്ചു. അദ്ദേഹം 2,300 പേജുകളുള്ള റിപ്പോര്‍ട്ട് മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചു. ഈ വിഷയം കൈകാര്യം ചെയ്തതില്‍ ഗുരുതരമായ വീഴ്ചകള്‍ വത്തിക്കാനുണ്ടായിട്ടുണ്ടെന്ന് ഈ റിപ്പോര്‍ട്ട് വായിച്ച ശേഷം മാര്‍പാപ്പ സമ്മതിക്കുകയും അക്കാര്യം വ്യക്തമാക്കി ചിലിയന്‍ മെത്രാന്‍ സംഘത്തിനു കത്തയക്കുകയും ചെയ്തു. കൂടാതെ കൂടിക്കാഴ്ചയ്ക്കായി മെത്രാന്‍ സംഘത്തെ റോമിലേയ്ക്കു ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഈ കൂടിക്കാഴ്ചാവേളയില്‍ തങ്ങളുടെ പദ്ധതി മാര്‍പാപ്പയ്ക്കു സമര്‍പ്പിക്കാനാണ് ചിലിയന്‍ മെത്രാന്‍മാരുടെ തീരുമാനം.

ചില മെത്രാന്മാരോടു രൂപതകളില്‍ നിന്നു മാറാന്‍ മാര്‍പാപ്പ ആവശ്യപ്പെടാനിടയുണ്ടെന്നു ബിഷപ് സില്‍വ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ ശക്തമായ പരിഹാര നടപടികള്‍ ഉണ്ടാകണം. അതു തീര്‍ച്ചയാണ് – ബിഷപ് സില്‍വ പറഞ്ഞു. വിവാദവിഷയത്തെക്കുറിച്ച് സത്യസന്ധവും സന്തുലിതവുമായ വിവരങ്ങള്‍ എല്ലായ്പ്പോഴും തനിക്കു ലഭിച്ചിരുന്നില്ലെന്ന് മെത്രാന്‍ സംഘത്തിനയച്ച കത്തില്‍ മാര്‍പാപ്പ വ്യക്തമാക്കിയിരുന്നു. ഇതിനു മെത്രാന്മാര്‍ ക്ഷമ ചോദിച്ചു. മാര്‍പാപ്പയുടെ കത്ത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

Leave a Comment

*
*