ചിലിയന്‍ മെത്രാന്മാര്‍ രാജി സമര്‍പ്പിച്ചു

ചിലിയന്‍ മെത്രാന്മാര്‍ രാജി സമര്‍പ്പിച്ചു

ചിലിയിലെ മെത്രാന്മാര്‍ എല്ലാവരും മാര്‍പാപ്പയ്ക്കു രാജി നല്‍കി. രാജികള്‍ സ്വീകരിക്കണോ വേണ്ടയോ എന്നു മാര്‍പാപ്പ പിന്നീടു തീരുമാനിക്കും. ചില പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങളെ മൂടിവയ്ക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് മെത്രാന്മാര്‍ രാജിവച്ചത്. ആരോപണത്തെ കുറിച്ച് മാര്‍പാപ്പ തന്‍റെ പ്രതിനിധികളെ വച്ച് അന്വേഷിക്കുകയും ചിലിയന്‍ മെത്രാന്മാര്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്തിരുന്നു. മെത്രാന്മാരെ മാര്‍പാപ്പ റോമിലേയ്ക്കു വിളിക്കുകയും ദീര്‍ഘമായ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മെത്രാന്മാര്‍ ചിലിയിലേയ്ക്കു മടങ്ങുകയും സ്വന്തം രൂപതകളുടെ ഭരണം തുടരുകയും ചെയ്യും. മറ്റൊരു സംവിധാനം മാര്‍പാപ്പ ഏര്‍പ്പെടുത്തുന്നതു വരെയായിരിക്കും ഇത്.

ചിലിയന്‍ സഭ നേരിട്ട പ്രതിസന്ധിയുടെ ഘട്ടത്തില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കിയതിനു മെത്രാന്മാര്‍ മാര്‍പാപ്പയ്ക്കു നന്ദി പ്രകടിപ്പിച്ചു. മാര്‍പാപ്പയ്ക്കു വേണ്ടി ചിലിയിലെ പ്രശ്നത്തെ കുറിച്ച് അന്വേഷണം നടത്തി സുദീര്‍ഘമായ റിപ്പോര്‍ട്ടു തയ്യാറാക്കിയ ആര്‍ച്ചുബിഷപ് ചാള്‍സ് സിക്ലുണ, മോണ്‍. ജോര്‍ദി ബെര്‍ത്തോമൂ എന്നിവര്‍ക്കും മെത്രാന്മാര്‍ നന്ദി പറഞ്ഞു.

വിരമിച്ച രണ്ടു പേരടക്കം 34 മെത്രാന്മാരാണ് റോമിലെത്തി മാര്‍പാപ്പയെ കണ്ടത്. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരകളായ ചിലിയന്‍ പൗരന്മാരുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. കുറ്റവാളികളായ വൈദികരെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം പ്രധാനമായും ചിലിയിലെ നാലു മെത്രാന്മാര്‍ക്കെതിരെയാണ് ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ ഈ കേസുകള്‍ സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകള്‍ മാര്‍പാപ്പയില്‍ നിന്നു മറച്ചു വച്ചുവെന്ന ആരോപണം ചിലിയന്‍ മെത്രാന്‍ സംഘത്തിനെതിരെ പൊതുവെയുണ്ട്. ചിലിയന്‍ മെത്രാന്‍ സംഘത്തെ വിശ്വസിച്ച്, ചിലി സന്ദര്‍ശനവേളയില്‍ മാര്‍പാപ്പ നടത്തിയ പ്രസ്താവനകളില്‍ വസ്തുതാപരമായ തെറ്റുകള്‍ കടന്നു കൂടിയിരുന്നു. ഇതിന്‍റെ പേരില്‍ മാര്‍പാപ്പ പിന്നീടു മാപ്പു ചോദിക്കുകയും മെത്രാന്മാരെ ശാസിക്കുകയും അതു പരസ്യമാക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org