ചൈന: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ മൂന്നു മെത്രാന്മാരും പങ്കെടുത്തു

ചൈനയില്‍ ഭരണഘടനയില്‍ വന്‍ഭേദഗതികള്‍ വരുത്തിയ ചരിത്രപ്രധാനമായ കമ്മ്യൂണിസ്റ്റ് പാര്‍ടി സമ്മേളനത്തില്‍ മൂന്നു കത്തോലിക്കാ മെത്രാന്മാരും പങ്കെടുത്തു. ചൈനീസ് ഭരണകൂടത്തിന്‍റെ മതകാര്യവകുപ്പു നിയമിച്ചവരാണ് മൂന്നു പേരും. ആദ്യത്തെയാള്‍ കത്തോലിക്കാസഭ പുറത്താക്കിയ ആളാണ്. മറ്റു രണ്ടുപേരുടെയും മെത്രാഭിഷേകം സഭ അംഗീകരിച്ചിട്ടില്ല. ചൈനീസ് പ്രസിഡന്‍റ് ഷി ജിംഗ്പിംഗിനെ ആയുഷ്കാല പ്രസിഡന്‍റാക്കുകയും 'ഷി ജിംഗ്പിംഗ് ചിന്ത' ഭരണഘടനയിലുള്‍പ്പെടുത്തുകയും ചെയ്ത സമ്മേളനമായിരുന്നു ഇത്. ജിംഗ്പിംഗിന്‍റെ സ്വേച്ഛാധിപത്യത്തിന് നിയമപരമായ അംഗീകാരം നല്‍കുകയാണ് ഫലത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ടി ചെയ്തതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ ഭരണഘടനാഭേദഗതികളോടെ ചൈനയിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും രാജ്യത്തിന്‍റെ പ്രസിഡന്‍റും കേന്ദ്ര സൈനിക കമ്മീഷന്‍ അദ്ധ്യക്ഷനും ഒരാളാകുകയാണ്. മുന്‍പ് 5 വര്‍ഷം വീതമുള്ള രണ്ടു തവണകളില്‍ കൂടുതല്‍ ആര്‍ക്കും പ്രസിഡന്‍റാകാന്‍ അനുമതിയില്ലായിരുന്നു. ചൈനാ-വത്തിക്കാന്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ചില വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ടുള്ള വത്തിക്കാന്‍ നയതന്ത്രനീക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ചൈനയിലെ ഈ മാറ്റങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org