രഹസ്യ മതവിശ്വാസികള്‍ക്കെതിരായ നടപടികള്‍ ചൈന കടുപ്പിക്കുന്നു

രഹസ്യ മതവിശ്വാസികള്‍ക്കെതിരായ  നടപടികള്‍ ചൈന കടുപ്പിക്കുന്നു

മാര്‍ക്സ് പറഞ്ഞതുപോലെ മതത്തെ വേദനകള്‍ക്കുള്ള മയക്കുമരുന്നായിട്ടല്ല മറിച്ചു മനുഷ്യരെ ബാധിക്കുന്ന പകര്‍ച്ചവ്യാധിയായി കാണുകയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടമെന്നു ചിന്തിപ്പിക്കുന്നവയാണ് അവിടെ നിന്നു പുറത്തു വരുന്ന ഏറ്റവും പുതിയ വാര്‍ത്തകളെന്നു ചൈനാനിരീക്ഷകര്‍ പറയുന്നു. മതങ്ങളെ അടിച്ചമര്‍ത്താന്‍ ഏതറ്റം വരെയും പോകണമെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. സര്‍ക്കാരിന്‍റെ ഔദ്യോഗിക മതസംഘടനകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ആരാധാനസ്ഥലങ്ങള്‍ പിടിച്ചെടുക്കുകയും സ്കൂളുകള്‍ പോലും അടച്ചു പൂട്ടുകയുമാണ് ഇവര്‍ ചെയ്യുന്നത്. കത്തോലിക്കാസഭയെ സംബന്ധിച്ചാണെങ്കില്‍ വത്തിക്കാനോടു വിശ്വസ്തത പുലര്‍ത്തുന്ന ഒരു വിഭാഗവും സര്‍ക്കാരിന്‍റെ ഔദ്യോഗിക സംവിധാനത്തിന്‍റെ ഭാഗമായി നില്‍ക്കുന്നവരുമുണ്ട്. പലരും ഇതില്‍ ഇട കലര്‍ന്നും വരുന്നുണ്ട്. വത്തിക്കാനോട് അനുഭാവം പുലര്‍ത്തുന്നുണ്ട് എന്നു സംശയിക്കുന്നവരെ പീഡിപ്പിക്കുന്ന നടപടികള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇതിനു സഹായിക്കുന്ന വിധത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടുമുണ്ട്. മതവിശ്വാസികളെ ദ്രോഹിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കുന്ന ധാരാളം പഴുതുകള്‍ ഉള്ളതാണ് പുതിയ നിയമപരിഷ്കാരം.

ചൈനയിലെ ജനസംഖ്യയില്‍ ഏതാണ്ട് മൂന്നില്‍ രണ്ടും ഏതെങ്കിലും വിധത്തിലുള്ള ഈശ്വരാഭിമുഖ്യം പുലര്‍ത്തുന്നവരാണ് ഇപ്പോഴും. ഇതാണ് ഭരണനേതൃത്വത്തെ അസ്വസ്ഥരാക്കുന്നത്. സര്‍ക്കാരില്‍ രെജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്ലാത്തതുമായ സ്ഥലങ്ങളില്‍ ആരാധനയോ മറ്റ് മതസംബന്ധിയായ ചടങ്ങുകളോ നടത്തിയാല്‍ കനത്ത പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ഹജ് പോലുള്ള വിദേശ തീര്‍ത്ഥാടനങ്ങളെ കര്‍ക്കശമായി വിലക്കുന്നു. സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള കാത്തലിക് പേട്രിയോട്ടിക് അസോസിയേഷന്‍റെ ഭാഗമായിട്ടില്ലാത്ത വിശ്വാസികളെയും വൈദികരെയും ചൈനീസ് മതകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായി സന്ദര്‍ശിച്ച് അവരെ അസോസിയേഷനില്‍ ചേര്‍ക്കുന്നതിനുള്ള പ്രചാരണ പരിപാടി കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈനയില്‍ ഊര്‍ജ്ജിതമായി നടന്നു വരുന്നുണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org