“ക്രിസ്ത്യന്‍ – മുസ്ലീം ബന്ധങ്ങള്‍ ഊഷ്മളമാകാന്‍ നല്ല സമയം”

“ക്രിസ്ത്യന്‍ – മുസ്ലീം ബന്ധങ്ങള്‍ ഊഷ്മളമാകാന്‍ നല്ല സമയം”
Published on

ലോകവ്യാപകമായി ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും തങ്ങളുടെ ബന്ധങ്ങള്‍ വളര്‍ത്താനും ഊഷ്മളമാക്കാനും പറ്റിയ സാഹചര്യമാണുള്ളതെന്ന് ന്യൂയോര്‍ക്കിലെ ബൊനവഞ്ചെരെ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഫാ. മൈക്കിള്‍ കലാബ്രിയ പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍ററില്‍ പ്രഭാഷണം നടത്തുകയായിരുന്നു ബൊനവഞ്ചെരെ യൂണിവേഴ്സിറ്റിയിലെ അറബ് ഇസ്ലാമിക് സ്റ്റഡീസിന്‍റെ ഡയറക്ടര്‍ കൂടിയായ ഫാ. മൈക്കിള്‍.
ക്രിസ്ത്യാനികള്‍ക്കു മാത്രമല്ല മുസ്ലീങ്ങള്‍ക്കും പരസ്പര ബന്ധങ്ങള്‍ വളര്‍ത്താന്‍ പറ്റിയ സമയം ഇതാണ്. ഇരുകൂട്ടര്‍ക്കും ഒന്നിച്ചു വരാനും മതാന്തര സംഭാഷണങ്ങള്‍ നടത്താനും സാധിക്കും. കാരണം കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ ഇത്തരത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ്. സഭയുടെ ചരിത്രത്തില്‍ ഇതുപോലൊരു പോപ്പിനെ കാണില്ല – ഫാ. മൈക്കിള്‍ പറഞ്ഞു.

സ്ഥിരം വഴികളില്‍ നിന്നു മാറി നടക്കുന്നയാളാണ് ഫ്രാന്‍സിസ് പാപ്പ. താന്‍ പ്രഘോഷിക്കുന്നതാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഇതര മതവിശ്വാസികളെ അദ്ദേഹം സ്വാഗതം ചെയ്യുന്നു. സഭ പാവങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് പാപ്പ പറയുന്നത്. മതങ്ങളുടെ പേരില്‍ പാവങ്ങളോട് വിവേചന പാടില്ലെന്നും അദ്ദേഹം നിഷ്കര്‍ഷിക്കുന്നു. അതിക്രമങ്ങളെ അപലപിക്കുന്ന പാപ്പ അക്രമങ്ങള്‍ ഏതെങ്കിലും മതത്തോടു കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നുമില്ല. "ഫ്രാന്‍സിസ് പാപ്പയും മുസ്ലിങ്ങളും" എന്ന വിഷയത്തിലായിരുന്നു ഫാ. മൈക്കിളിന്‍റെ പ്രഭാഷണം. ക്രൈസ്തവരും ഹൈന്ദവരും മുസ്ലിങ്ങളുമായ നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org