സര്‍ക്കാരിനു പിന്തുണയുമായി ക്രൈസ്തവ ആരോഗ്യ മേഖല

സര്‍ക്കാരിനു പിന്തുണയുമായി ക്രൈസ്തവ ആരോഗ്യ മേഖല

കോവിഡ് 19 ന്‍റെ വ്യാപനം തടയുന്നതിനും രോഗീ പരിചരണത്തിനുമായി ഭാരതത്തിലെ ആയിരത്തില്‍പ്പരം ക്രൈസ്തവ ആതുരാലയങ്ങളും അറുപതിനായിരത്തില്‍പ്പരം കിടക്കകളുടെ സൗകര്യവും നല്‍കാന്‍ സന്നദ്ധമാന്നെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഭാരതത്തിലെ ക്രിസ്ത്യന്‍ ആശുപത്രികളുടെ കൂട്ടായ്മ വ്യക്തമാക്കി. ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് സംഘടനാ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

കോവിഡ് 19 ന്‍റെ പ്രതിരോധത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സര്‍ക്കാരുമായി സഹകരിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധമാണെന്ന് സംഘടനയുടെ പ്രസിഡന്‍റും റിഡംപ്റ്ററിസ്റ്റ് വൈദികനുമായ ഫാ. മാത്യു എബ്രാഹം വ്യക്തമാക്കി. കോവിഡ് പകര്‍ച്ച വ്യാധിക്കെതിരെ പട പൊരുതി ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്ക് സാധ്യമായതെന്തും ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഈ പകര്‍ച്ചവ്യാധി ഭാരതത്തില്‍ വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സംഘടനാ ഭാരവാഹിയായ ഫാ. ജോര്‍ജ് കണ്ണന്താനം പ്രതികരിച്ചു. ഭാരതത്തിലെ ക്രൈസ്തവ സമൂഹം ദേശീയ ദുരന്തങ്ങളില്‍ എക്കാലവും മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കോവിസ് 19 ന്‍റെ കാര്യത്തിലും അതു തുടരുമെന്നും കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി കൂടിയായ ഫാ. കണ്ണന്താനം പറഞ്ഞു. ആതുര ശുശ്രൂഷാ രംഗത്തു പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ ഡോക്ടര്‍മാര്‍ക്കു പുറമെ ആയിരത്തിലധികം ഡോക്ടര്‍മാരായ സന്യസിനികളും അമ്പതിനായിരത്തിലധികം നഴ്സുമാരും ഈ രംഗത്തു സേവനം ചെയ്യുന്നുണ്ട്. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആതുരശുശ്രൂഷകളാണ് ഇവരില്‍ ഭൂരിഭാഗവും അനുഷ്ഠിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org