രാജ്യത്ത് ക്രൈസ്തവ പീഡനങ്ങള്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് ക്രൈസ്തവ പീഡനങ്ങള്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭാരതത്തില്‍ ക്രൈസ്തവര്‍ക്കു നേരെ ഹിന്ദു മൗലികവാദികള്‍ നടത്തുന്ന അതിക്രമങ്ങളും പീഡനങ്ങളും ഇരട്ടിയായി വര്‍ദ്ധിച്ചുവെന്ന് ക്രിസ്ത്യന്‍ പീഡനങ്ങള്‍ രേഖപ്പെടുത്തുകയും ഇരകളെ സഹായിക്കുകയും ചെയ്യുന്ന 'പെര്‍സിക്യൂഷന്‍ റിലീഫ്' എന്ന സഭൈക്യസമിതി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2016-ല്‍ ക്രൈസ്തവര്‍ക്കു നേരെ 348 അക്രമസംഭവങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ 2017-ല്‍ അത് 736 ആയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ക്രൈസ്തവര്‍ക്കെതിരെ പൊലീസ് ഫയല്‍ ചെയ്തിട്ടുള്ള കേസുകളില്‍ വ്യാജ ആരോപണങ്ങളാണുള്ളത്. രാജ്യദ്രോഹം, വിപ്ലവത്തിനു നേതൃത്വം കൊടുക്കല്‍, ജനങ്ങളെ അക്രമത്തിനു പ്രേരിപ്പിക്കല്‍, മതസൗഹാര്‍ദ്ദതത്തിനു തുരങ്കം വയ്ക്കല്‍, ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിവേചനവും സൃഷ്ടിക്കല്‍, ദേശവിരുദ്ധത, മതങ്ങളെ അപഹസിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരത്തില്‍ ഗുരുതരമായ കുറ്റങ്ങള്‍ ക്രൈസ്തവര്‍ക്കു മേല്‍ ആരോപിക്കുകയെന്നത് മതമൗലിക വാദികള്‍ പുതിയ തന്ത്രമാക്കിയിരിക്കുകയാണെന്ന് പെര്‍സിക്യൂഷന്‍ റിലീഫിന്‍റെ സ്ഥാപകന്‍ ഷിബു തോമസ് പറഞ്ഞു. രാജ്യദ്രോഹക്കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവു ശിക്ഷയാണു ലഭിക്കുക. രാജ്യ സുരക്ഷയ്ക്കു ക്രൈസ്തവര്‍ ഭീഷണിയാണെന്നു ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലുള്ളതെന്നു ഷിബു തോമസ് വിശദീകരിച്ചു.

2014-ല്‍ ബിജെപി അധികാരത്തില്‍ വന്നശേഷം ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ വ്യക്തമാക്കി. ഭാരതത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ ആഗ്രഹിക്കു ന്ന ചില ഹൈന്ദവ ഗ്രൂപ്പുകളാണ് അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്രൈസ്തവര്‍ക്കു പുറമെ മുസ്ലീങ്ങളെയും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിതവും വ്യാപകവുമാണ്. 29 സംസ്ഥാനങ്ങളില്‍ ഇരുപത്തിനാലിലും മതന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടെന്നും ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org