ക്രൈസ്തവരെ ഭീകരരായി ചിത്രീകരിക്കുന്നതിനെതിരെ മെത്രാന്മാര്‍

ജാര്‍ഘണ്ടിലെ ക്രൈസ്തവര്‍ക്കെതിരെ സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പീഡനങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കുമെതിരെ കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍ ഉണ്ടാവണമെന്നാവശ്യപ്പെട്ട് ജാര്‍ഘണ്ടിലെ കത്തോലിക്കാ മെത്രാന്മാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനു നിവേദനം നല്‍കി. സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഭീകര വിരുദ്ധ സ്ക്വാഡിനെക്കൊണ്ട് ക്രൈസ്തവ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനെതിരെ ഗവര്‍ണര്‍ ദ്രൗപതിക്കും മെത്രാന്മാര്‍ പരാതി നല്‍കി.

സര്‍ക്കാര്‍ ഞങ്ങളെ ഭീകരരായിട്ടാണ് കാണുന്നത്. ആ വിധത്തില്‍ ഒന്നിലും പെടാത്ത ഞങ്ങളുടെ പിന്നാലെയാണ് ഭീകരവിരുദ്ധ സ്ക്വാഡുകള്‍ വരുന്നത് — റാഞ്ചി അതിരൂപതയുടെ സഹായ മെത്രാന്‍ ഡോ. ടെലസ്ഫോര്‍ ബിലുംഗ് പറഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങളായി സഭാംഗങ്ങളെ വ്യാജ ആരോപണങ്ങളുടെ പേരില്‍ പൊലീസ് അറസ്റ്റു ചെയ്യുകയാണ്. ക്രൈസ്തവ കൂട്ടായ്മകളില്‍ റെയ്ഡുകളും നടത്തുന്നു. സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഉപദ്രവങ്ങളാണിതെന്നു വ്യക്തമാണെന്ന് ബിഷപ് ടെലസ്ഫോര്‍ സൂചിപ്പിച്ചു.

സഭാ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസുകള്‍ ഹാജരാക്കണമെന്ന് നിര്‍ദേശിക്കുന്ന ഭീകര വിരുദ്ധ സ്ക്വാഡുകള്‍ 24 മണിക്കൂറിനകം അവ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച സംഭവവുമുണ്ട്. ഇങ്ങനെ പല വിധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രൈസ്തവ സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. 80-ല്‍ അധികം ക്രൈസ്തവ സംഘടനകള്‍ക്ക് വിദേശങ്ങളില്‍ നിന്നു ലഭിക്കുന്ന സംഭാവനകളുടെ സ്രോതസ്സുകള്‍ അന്വേഷിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സഭയ്ക്കു ലഭിക്കുന്ന ഫണ്ടുകള്‍ മതപരിവര്‍ത്തനം നടത്താന്‍ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ക്രൈസ്തവ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്‍റെ ഏറ്റവും പുതിയ നീക്കമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സിബിസിഐ സെക്രട്ടറി ബിഷപ് തിയോഡര്‍ മസ്കരിനാസ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org