ക്രിസ്ത്യന്‍ മീഡിയേഷന്‍ കൗണ്‍സിലിന് കെസിബിസി രൂപം നല്‍കുന്നു

സഭയിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുണ്ടാകാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നതിനായി കെ.സി.ബി.സി. ക്രിസ്ത്യന്‍ മീഡിയേഷന്‍ കൗണ്‍സിലിന് രൂപം നല്കും. ഇക്കാര്യത്തിനായി നിയമവിദഗ്ധരും വ്യത്യസ്ത രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുമായ വിശ്വാസികളുടെ സമിതിയെ നിയോഗിക്കും. വ്യത്യസ്ത വീക്ഷണങ്ങളും നവീന ആശയങ്ങളും പങ്കുവയ്ക്കാനും തുറന്ന സംവാദ ങ്ങളില്‍ ഏര്‍പ്പെടാനും സഭയ്ക്കുള്ളിലുള്ള ഉചിതമായ സംവിധാനങ്ങളും അവസരങ്ങളും പ്രയോജനപ്പെടുത്തണമെന്നും എറണാകുളത്ത് പിഒസിയില്‍ കൂടിയ കേരള കത്തോലിക്കാ മെത്രാന്മാരുടെ ശീതകാല സമ്മേളനം തീരുമാനിച്ചു.

ഓഖി ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ദുരന്ത ബാധിതരുടെ പുനരധിവാസം ത്വരിതപ്പെടുത്തണമെന്നു യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സഭയുടെ സാമൂഹികക്ഷേമ വിഭാഗത്തിന്‍റെ മേല്‍നോട്ടത്തില്‍ രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും സമ്മേളനം വിലയിരുത്തി. ഓഖി പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ 13,18,09,641/രൂപ സഭ ചെലവഴിച്ചു. ഇതില്‍ 5,18,09,641 രൂപ കെസിബിസി സമാഹരിച്ചതാണ്.

രാജ്യത്തിന്‍റെ മതനിരപേക്ഷ, ജനാധിപത്യമൂല്യങ്ങളെ അപകടപ്പെടുത്തുന്ന പ്രതിലോമ ശക്തികള്‍ക്കെതിരെ, ഭരണഘടനയുടെ അന്തസഃത്ത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടെടുക്കാന്‍ എല്ലാ വിശ്വാസികള്‍ക്കും കടമയുണ്ടെന്നും എന്നാല്‍, കോടതികള്‍ ഭരണഘടനയും മൗലികാവകാശങ്ങളും വ്യാഖ്യാനിക്കുമ്പോള്‍ വ്യക്തികള്‍ക്കും സമൂഹത്തിനുമുള്ള അവകാശങ്ങള്‍ പരസ്പരം റദ്ദാക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

പ്രതിസന്ധിയുടെ ഘട്ടങ്ങളുണ്ടാകുമ്പോള്‍ സഭ ആത്മാര്‍ത്ഥമായ ആത്മപരിശോധനയ്ക്കും തിരുത്തലിനും നവീകരണത്തിനും വിധേയമാകണെന്ന് കെസിബിസി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ കേരളസഭയ്ക്ക് തുറന്ന മനസ്സാണുള്ളത്. സഭയെ ബലഹീനമാക്കാനും തകര്‍ക്കാനുമുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളെ തിരിച്ചറിയാനും അതിജീവിക്കാനുമുള്ള ആത്മീയബലം സഭയ്ക്കുണ്ട്. പ്രതിസന്ധികളെയും അതിജീവിച്ച് സഭ മുന്നേറുകതന്നെ ചെയ്യും – കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് സൂസപാക്യം, വൈസ് പ്രസിഡന്‍റ് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org