ന്യൂനപക്ഷ ക്ഷേമപദ്ധതി വിവേചനത്തിനെതിരെ ക്രൈസ്തവ ദേശീയ നേതൃസമ്മേളനം സെപ്തംബര്‍ 26ന്:

ന്യൂനപക്ഷ ക്ഷേമപദ്ധതി വിവേചനത്തിനെതിരെ ക്രൈസ്തവ ദേശീയ നേതൃസമ്മേളനം സെപ്തംബര്‍ 26ന്:

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനവും നീതിനിഷേധവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമതി ലെയ്റ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ സമ്മേളനം ചേരുന്നു.

സെപ്തംബര്‍ 26ന് ശനിയാഴ്ച നടക്കുന്ന ദേശീയ ക്രൈസ്തവ നേതൃസമ്മേളനത്തിന്റെ മുന്നൊരുക്കമായി വിവിധ ക്രൈസ്തവ സഭകളിലെ അല്മായ പ്രസ്ഥാനങ്ങള്‍ രാജ്യത്തുടനീളം ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കും. സിബിസിഐയുടെ കീഴിലുള്ള ഇന്ത്യയിലെ 14 റീജിയണുകളിലും അല്മായ നേതൃസമ്മേളനം നടക്കും. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ക്രൈസ്തവ പ്രതിനിധികള്‍ നിവേദനങ്ങള്‍ സമര്‍പ്പിക്കും. സെപ്തംബര്‍ 22, 23 തീയതികളില്‍ ഇന്ത്യയിലെ എല്ലാ കളക്‌ട്രേറ്റുകളിലെയും ജില്ലാഭരണാധികാരി മുഖേന പ്രധാനമന്ത്രിക്ക് ക്രൈസ്തവ സംഘടനകള്‍ വിവിധ ക്രൈസ്തവ ന്യൂനപക്ഷ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിവേദനങ്ങള്‍ കൈമാറുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രബജറ്റിലൂടെ അനുവദിച്ചു നല്‍കിയിരിക്കുന്ന ഫണ്ട് യാതൊരു മാനദണ്ഡവുമില്ലാതെ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം കവര്‍ന്നെടുക്കുന്നതും പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച സമിതികളില്‍ നിന്ന് ക്രൈസ്തവരെ പുറന്തള്ളിയിരിക്കുന്നതും അന്വേഷണവിധേയമാക്കണം. സാക്ഷരകേരളത്തില്‍ പോലും പദ്ധതിവിഹിതം 80% മുസ്ലീം 20% മറ്റുള്ളവര്‍ എന്ന മാനദണ്ഡം പഠനമില്ലാത്തതും ക്രൈസ്തവരുള്‍പ്പെടെയുള്ള ഇതര ന്യൂനപക്ഷ വിഭാഗങ്ങളെ അവഹേളിക്കുന്നതുമാണ്. ഇതിനെതിരെ എല്ലാ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളും സംഘടിച്ചു നീങ്ങുമെന്ന് അഡ്വ. വി.സി.സെബാസ്റ്റ്യൻ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org