സര്‍ക്കാര്‍ സഹായത്തോടെ ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റികള്‍ ആരംഭിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുഖ്യലക്ഷ്യമാക്കി സര്‍ക്കാര്‍ സഹായത്തോടെ ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റികള്‍ ആരംഭിക്കാവുന്നതാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. കമ്മീഷന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശമുള്ളത്. എന്നാല്‍ കമ്മീഷന്‍റെ ഈ നിര്‍ദ്ദേശത്തോട് ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി, ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി തുടങ്ങിയവയുടെ മാതൃകയില്‍ ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റികള്‍ ആരംഭിക്കണമെന്നാണ് കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആതുര സേവനത്തിലും വിദ്യാഭ്യാസത്തിലും വ്യാപക സംരംഭങ്ങളുള്ള ക്രൈസ്തവ സമൂഹത്തിന് നിലവിലുള്ള സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി യൂണിവേഴ്സിറ്റികള്‍ ആരംഭിക്കാനാവും. സര്‍ക്കാര്‍ പിന്തുണയോടെയുള്ള യൂണിവേഴ്സിറ്റികളിലൂടെ പ്രാഥമികമായി ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും അഡ്മിഷന്‍ നേടുന്ന ഇതര മതസ്ഥര്‍ക്കും ഇതിന്‍റെ പ്രയോജനം ലഭ്യമാക്കാമെന്നാണ് കമ്മീഷന്‍റെ നിലപാട്.

ഭാരതത്തില്‍ കത്തോലിക്കാ സഭ നടത്തുന്ന 400 കോളജുകളും 1500 ഓളം വരുന്ന സ്കൂളുകളുമായി സഹകരിച്ചുകൊണ്ട് സര്‍ക്കാരിന് ഈ ഉദ്യമം സഫലമാക്കാനാകും. ഇതിനു മുന്നോടിയായി ഏഴു വര്‍ഷത്തെ സാമ്പത്തികസഹായ പദ്ധതിയെക്കുറിച്ചും കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ന്യൂനപക്ഷ കമ്മീഷന്‍റെ ഈ നിര്‍ദ്ദേശം സ്വാഗതാര്‍ഹമായ കാല്‍വയ്പ്പാണെന്നും ദരിദ്രരായ ക്രൈസ്തവവിദ്യാര്‍ത്ഥികള്‍ക്ക് അതു ഗുണകരമാകുമെന്നും കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പിന്നാക്കക്കാര്‍ക്കുവേണ്ടിയുള്ള കമ്മീഷന്‍റെ അധ്യക്ഷന്‍ ബിഷപ് വിന്‍സന്‍റ് ബറുവ പറഞ്ഞു. എന്നാല്‍ ഈ നിര്‍ദ്ദേശം വന്നിട്ടുള്ളത് തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങളോടെയല്ലേ എന്നു സംശയിക്കണമെന്ന് അസോസിയേഷന്‍ ഓഫ് കാത്തലിക് സ്കൂള്‍സ് ഓഫ് ഇന്ത്യ പ്രസിഡന്‍റ് ബ്രദര്‍ തോമസ് തടത്തില്‍ സൂചിപ്പിച്ചു.

കത്തോലിക്കാ സഭാസമൂഹങ്ങളുടെ നേതൃത്വത്തില്‍ ഭാരതത്തില്‍ ഇപ്പോള്‍ മൂന്നു യൂണിവേഴ്സിറ്റികള്‍ നിലവിലുണ്ട്. ഈശോ സഭ നടത്തുന്ന ഒറീസയിലെ സേവ്യര്‍ യൂണിവേഴ്സിറ്റി, സലേഷ്യന്‍ സഭയുടെ ആസാമിലുള്ള ഡോണ്‍ബോസ്കോ യൂണിവേഴ്സിറ്റി, ഇമ്മാക്കുലേറ്റ് സഭയുടെ മേല്‍നോട്ടത്തില്‍ കര്‍ണാടകയിലുള്ള ക്രൈസ്റ്റ് യൂണിവേഴ്സിറ്റി എന്നിവയാണവ. ഇവയ്ക്ക് സര്‍ക്കാരിന്‍റെ സാമ്പത്തികസഹായം ലഭിക്കുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org