ക്രൈസ്തവര്‍ ബ്രിട്ടീഷുകാരെന്ന പരാമര്‍ശം ഭരണഘടനാവിരുദ്ധം: കെസിഎഫ്

ക്രൈസ്തവര്‍ ബ്രിട്ടീഷുകാരെന്ന പരാമര്‍ശം ഭരണഘടനാവിരുദ്ധം: കെസിഎഫ്

ക്രൈസ്തവര്‍ ബ്രിട്ടീഷുകാരാണെന്നും അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നുമുള്ള മുംബൈ നോര്‍ത്ത് മണ്ഡലം ബിജെപി എം പി ഗോപാല്‍ ഷെട്ടിയുടെ പരാമര്‍ശം ഭരണഘടനാ ലംഘനമാണെന്ന് കോരള കത്തോലിക്കാ സഭയുടെ അല്മായ സംഘടനയായ കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) ആരോപിച്ചു. സ്വാതന്ത്ര്യസമരസേനാനികളായ അക്കാമ്മ ചെറിയാന്‍, ആനി ബസന്‍റ്, ജോര്‍ജ് ജോസഫ്, എ.ജെ. ജോണ്‍, കെ.ഇ. മാമന്‍, വര്‍ഗീസ് ചെറിയാന്‍, ആനി മസ്ക്രീന്‍ തുടങ്ങി കര്‍മ്മനിരതരായ നിരവധി ക്രിസ്ത്യന്‍ നേതാക്കളുടെ ധീരോദാത്തമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര രംഗത്തിന് കരുത്തു പകര്‍ന്നിട്ടുണ്ട്.

തിരുവിതാംകൂറിന്‍റെ ഝാന്‍സി റാണി എന്നറിയപ്പെട്ടിരുന്ന അക്കാമ്മ ചെറിയാന്‍ ഉത്തരവാദിത്വ ഭരണം ആവശ്യപ്പെട്ടുള്ള സമരത്തില്‍ നിരവധി തവണ ജയിലില്‍ അടയ്ക്കപ്പെട്ടു. കെ.ഇ. മാമന്‍ 1942-ല്‍ ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തു ജയില്‍ ശിക്ഷയനുഭവിച്ചു. എ.കെ. ജോണ്‍ ഉത്തരവാദിത്വ പ്രക്ഷോഭ സമരത്തില്‍ പങ്കെടുത്ത് 1938-ലും 1939-ലും ജയിലിലായി. തുടര്‍ന്ന് അദ്ദേഹം തിരുവിതാംകൂറിന്‍റെ മുഖ്യമന്ത്രിയായി. ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് വൈക്കം സത്യാഗ്രഹത്തിനും നിസ്സഹകരണ സമരത്തിനും നേതൃത്വം നല്‍കി. ആനി ബസന്‍റ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി 1933-ല്‍ മര ണപ്പെടുന്നതുവരെ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്‍കി.

ഇപ്രകാരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ക്രൈസ്തവ ജനതയെ വിദേശികളായി മുദ്രകുത്തി ഭാരതത്തില്‍ ക്രൈസ്തവരെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് ചില മതതീവ്രവാദ പ്രസ്ഥാനങ്ങളുടെ രഹസ്യ അജണ്ടയാണെന്ന് കെസിഎഫ് വിലയിരുത്തി. ബിജെപി എംപിയുടെ പ്രസ്താവന ബിജെപിയുടെ പൊതുവായ നിലപാടാണോ എന്നു വെളിപ്പെടുത്താന്‍ ബിജെപി നേതൃത്വം തയ്യാറാകണം. ഇന്ത്യന്‍ മൂല്യങ്ങള്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കുകയും വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക, സാംസ്ക്കാരിക മേഖലകളില്‍ ശക്തമായ മുന്നേറ്റം നടത്തി ഇന്ത്യയെ ലോകത്തിന്‍റെ നെറുകയിലെത്തിക്കുകയും ചെയ്ത ക്രൈസ്തവ സമൂഹം ഭാരതീയരല്ലായെന്ന പ്രചാരണം ക്രൈസ്തവരെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണ്. കെസിഎഫ് സംസ്ഥാന പ്രസിഡന്‍റ്പി.കെ. ജോസഫിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, അഡ്വ. വര്‍ഗീസ് കോയിക്കര, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ഡേവീസ് തുളവത്ത്, മേരി കുര്യന്‍, സജി ജോണ്‍, ഡോ. മേരി റജീന, പ്രഷീല ബാബു എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org