
യുവജനങ്ങള്‍ക്കുവേണ്ടിയുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 'ക്രിസ്തു ജീവിക്കുന്നു' എന്ന അപ്പസ്തോലിക പ്രഖ്യാപനം പ്രസിദ്ധീകരിക്കപ്പെട്ടു. യുവജനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നതും അവരെ ഉത്തരവാദിത്വങ്ങള്‍ ഭരമേല്‍പ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍കൊണ്ടു ശ്രദ്ധേയമാണ് ഈ പ്രഖ്യാപനം. 2018 ഒക്ടോബറില്‍ "യുവജനങ്ങള്‍, വിശ്വാസം, ദൈവവിളിയുടെ വിവേചനം" എന്ന പ്രമേയവുമായി നടന്ന ആഗോള സിനഡിലെ ചര്‍ച്ചകളുടെയും നിഗമനങ്ങളുടെയും ഫലമാണ് ഈ പ്രഖ്യാപനം. മാര്‍ച്ച് ഒടുവില്‍ ഇറ്റലിയിലെ ലൊറേറ്റോ മാതാവിന്‍റെ തീര്‍ത്ഥകേന്ദ്രത്തില്‍ വച്ചാണ് മാര്‍പാപ്പ പ്രഖ്യാപനത്തില്‍ ഒപ്പു വച്ചത്.
യുവജനങ്ങള്‍ ഇന്നു നേരിടുന്ന നിരവധി പ്രശ്നങ്ങളെ പ്രബോധനം അഭിസംബോധന ചെയ്യുന്നുണ്ട്. നവമാധ്യമസംസ്കാരം, കുടിയേറ്റം, ഭ്രൂണഹത്യ, മയക്കുമരുന്നാസക്തി, ഭവനരാഹിത്യം, ദാരിദ്ര്യം എന്നിവയെല്ലാം പ്രബോധനത്തില്‍ പരിശോധിക്കപ്പെടുന്നു. ഒമ്പത് അദ്ധ്യായങ്ങളും 63 പേജുകളും 35,000 വാക്കുകളും ഉള്ളതാണു പ്രഖ്യാപനത്തിന്‍റെ ഇംഗ്ലീഷ് പതിപ്പ്. യുവജനങ്ങളാണു സഭയുടെ ഭാവിയും പ്രത്യാശയും എന്നു വ്യക്തമാക്കുന്ന മാര്‍പാപ്പ സഭയ്ക്കു യൗവനം പകരാന്‍ അവരെ ആഹ്വാനം ചെയ്യുന്നു. അഴിമതികളില്‍നിന്നു സഭയെ തടയാനും മുന്നോട്ടു ചരിക്കാനും അഹങ്കാരത്തിലും വിഭാഗീയതയിലും നിന്നു സഭയെ പിന്തിരിപ്പിക്കാനും യുവജനങ്ങള്‍ ശ്രമിക്കണം. ദരിദ്രമാകാനും മെച്ചപ്പെട്ട സാക്ഷ്യം വഹിക്കാനും പാവങ്ങളുടെയും നിഷ്കാസിതരുടേയും പക്ഷം ചേരാനും നീതിക്കു വേണ്ടി പോരാടാനും സഭയെ യുവജനങ്ങള്‍ പ്രേരിപ്പിക്കണം – പ്രബോധനത്തില്‍ പാപ്പ ആവശ്യപ്പെടുന്നു.
ക്രിസ്തുവുമായി സൗഹൃദം വളര്‍ത്തിയെടുക്കാന്‍ പാപ്പ യുവജനങ്ങളോട് ആവശ്യപ്പെടുന്നു. ലോകത്തിന്‍റെ പ്രലോഭനങ്ങള്‍ക്കു യുവജനങ്ങള്‍ വഴിപ്പെടരുത്. നിങ്ങള്‍ അമൂല്യരാണ്. വില്‍പനയ്ക്കുള്ളവരല്ല. വാങ്ങപ്പെടുന്നതിനു സ്വയം വിട്ടുകൊടുക്കരുത്. തലകളില്‍ ആശയങ്ങള്‍ കുത്തിനിറയ്ക്കുന്ന പ്രത്യയശാസ്ത്ര കോളനീകരണത്തിനു വിധേയരാകരുത്. ക്രിസ്തു നല്‍കുന്ന സ്വാതന്ത്ര്യവുമായി പ്രണയത്തിലാകുക -മാര്‍പാപ്പ എഴുതുന്നു.
സഭയില്‍ നടക്കുന്ന വിവിധ ചൂഷണങ്ങളെ ചെറുക്കാന്‍ യുവജനങ്ങള്‍ തയ്യാറാകണമെന്നു മാര്‍പാപ്പ ആവശ്യപ്പെടുന്നു. വൈദികരെ അവരുടെ ദൗത്യം തിരിച്ചറിയാന്‍ യുവജനങ്ങള്‍ സഹായിക്കണം. അധികാരത്തിന്‍റെയും ലൈംഗികതയുടെയും ധനത്തിന്‍റെയും മനഃസാക്ഷിയുടെയും ദുരുപയോഗങ്ങളുണ്ട്. സഭയ്ക്കുള്ളില്‍ നടക്കുന്നതുകൊണ്ട് ഇവയൊന്നും ഒട്ടും ഗൗരവം കുറഞ്ഞതാകുന്നില്ല. ഇക്കാര്യങ്ങളോടുള്ള ജനങ്ങളുടെ ന്യായമായ രോഷത്തില്‍ സഭ കാണുന്നത് ദൈവത്തിന്‍റെ ക്രോധത്തിന്‍റെ പ്രതിഫലനം തന്നെയാണ്. ഈ ദുരുപയോഗങ്ങളെ യുവജനങ്ങള്‍ ചെറുക്കണം. അതേസമയം ഇത്തരം വീഴ്ചകളൊന്നുമില്ലാത്ത ബഹുഭൂരിപക്ഷം വരുന്ന വൈദികരെ പിന്തുണയ്ക്കുകയും അവരില്‍നിന്നു പ്രചോദനം സ്വീകരിക്കുകയും വേണം – പ്രബോധനം വിശദീകരിക്കുന്നു.