ചര്‍ച്ച് ആക്ടിലെ അപകടസൂചനകള്‍ മനസ്സിലാക്കി ജാഗ്രതയോടെ പ്രവര്‍ത്തിക്കണം -കെ സി ബി സി

കേരള നിയമപരിഷ്കരണക മ്മീഷന്‍ ദി കേരള ചര്‍ച്ച് (പ്രോപ്പര്‍ ട്ടീസ് ആന്‍റ് ഇന്‍സ്റ്റിറ്റ്യൂഷന്‍) ബില്‍ 2019 എന്ന പേരില്‍, പ്രസ്തുത കമ്മീഷന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡ്രാഫ്റ്റ് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയ സാഹചര്യത്തില്‍ ബില്‍ നല്കുന്ന അപകടസൂചനകളും, ഉയര്‍ത്തുന്ന വെല്ലുവിളികളും മനസ്സിലാക്കി ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ മുഴുവന്‍ വിശ്വാസികളെയും പൊതുസമൂഹത്തെയും കെസിബിസി ആഹ്വാനം ചെയ്തു.

ഇപ്രകാരം ഒരു നിയമമുണ്ടാക്കുന്നതിന് ന്യായീകരണമായി നിര്‍ദ്ദിഷ്ട ബില്ലില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്. സഭയുടെ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് നിലവില്‍ ഒരു നിയമവുമില്ല എന്നു പറഞ്ഞിരിക്കുന്നത് തെറ്റാണ്. കത്തോലിക്കാസഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ഈ രാജ്യത്തു നിലവിലുള്ള സിവില്‍ നിയമങ്ങളും സഭാനിയമങ്ങളും ബാധകമാണ്. പ്രസ്തുത നിയമങ്ങള്‍ക്കനുസരിച്ചാണ് അവ കൈകാര്യം ചെയ്യപ്പെടുന്നത്. കത്തോലിക്കാ സഭയോ സഭാംഗങ്ങളായ വിശ്വാസികളുടെ ഏതെങ്കിലും അംഗീകൃത സംഘടനയോ പ്രസ്ഥാനമോ ഇങ്ങനെ ഒരു നിയമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.

വഖഫ് ബോര്‍ഡ്, ദേവസ്വം ബോര്‍ഡ് തുടങ്ങിയ സംവിധാനങ്ങളും അവയെ ബാധിക്കുന്ന നിയമങ്ങളും ചൂണ്ടിക്കാട്ടി ക്രൈസ്തവരുടെ കാര്യത്തില്‍ സമാനസംവിധാനങ്ങള്‍ എന്തുകൊണ്ട് പാടില്ല എന്നു ചോദിക്കുന്നത് യുക്തിസഹമല്ല. വഖഫ് ബോര്‍ഡുകളും ദേവസ്വം ബോര്‍ഡുകളും സ്ഥാപിക്കപ്പെട്ട ചരിത്രപരമായ കാരണങ്ങളും സാഹചര്യങ്ങളുമല്ല ക്രൈസ്തവസഭകളുടെ സ്വത്തിന്‍റെയും സ്ഥാപനങ്ങളുടെയും കാര്യത്തില്‍ നിലവിലുള്ളത്.

ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട ബില്ല് നിയമമായിത്തീര്‍ന്നാല്‍ സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഇപ്പോഴത്തെ സമാധാന പൂര്‍ണവും ക്രമാനുസൃതവുമായ ഭരണം തര്‍ക്കങ്ങള്‍കൊണ്ടും വ്യവഹാരങ്ങള്‍കൊണ്ടും നശിപ്പിക്കപ്പെടുമെന്നതില്‍ സംശയമില്ല. സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണം സഭാധികാരികളുടെ കൈയില്‍ നിന്നെടുത്ത് സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലാക്കുകയെന്ന ഗൂഢലക്ഷ്യം ഈ ബില്ലിന്‍റെ പിറകിലുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു നിയമമുണ്ടാക്കുന്നതിന് സര്‍ക്കാരിനുതന്നെ ഉദ്ദേശ്യമില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍, ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 26 ഉറപ്പുനല്കുന്ന മൗലികാവകാശങ്ങളെ നിഷേധിക്കുന്നതും, ഭരണഘടനയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മതനിരപേക്ഷതയുടെ ചൈതന്യത്തിനു നിരക്കാത്തതും, സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും സമാധാനപൂര്‍ണമായ നടത്തിപ്പിന് വിഘാതമുണ്ടാക്കുന്നതുമായ ഇത്തരം ഒരു നിയമനിര്‍മ്മാണ ശ്രമത്തില്‍ നിന്നും കേരളനിയമപരിഷ്കരണ കമ്മീഷന്‍ പിന്മാറണമെന്ന് കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് ഡോ. എം. സൂസപാക്യം, വൈസ് പ്രസിഡന്‍റ് ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്തം, സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org