സഭ യൂറോപ്പിന്‍റെ ഐക്യത്തിനു വേണ്ടി നില്‍ക്കണമെന്ന് ജര്‍മ്മന്‍ കാര്‍ഡിനല്‍

യൂറോപ്പിന്‍റെ സാമൂഹ്യവും രാഷ്ട്രീയവുമായ ഐക്യത്തിനു സഭ പിന്തുണ നല്‍കണമെന്നു ജര്‍മ്മനിയിലെ മ്യൂണിക് ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ റീയിന്‍ഹാര്‍ഡ് മാര്‍ക്സ് ആവശ്യപ്പെട്ടു. വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ജനാധിപത്യത്തിന്‍റെ അടിസ്ഥാനമൂല്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളുക അത്യാവശ്യമാണ്. സ്വതന്ത്രവും തുറന്നതുമായ ഒരു സമൂഹം സുസ്ഥിരതയോടെ പ്രവര്‍ത്തിക്കാന്‍ ഇതാവശ്യമാണ് – കാര്‍ഡിനല്‍ വിശദീകരിച്ചു. പോളണ്ടില്‍ സന്ദര്‍ശനം നടത്തി മടങ്ങിയെത്തിയ ശേഷം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് യൂറോപ്പിന്‍റെ ഐക്യത്തില്‍ സഭയ്ക്കുള്ള പങ്കിനെക്കുറിച്ച് കാര്‍ഡിനല്‍ വിശദീകരിച്ചത്.

പോളണ്ടില്‍ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന് അവസാനമിട്ട പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയ സോളിഡാരിറ്റി പ്രസ്ഥാനത്തെ കാര്‍ഡിനല്‍ ശ്ലാഘിച്ചു. പോളണ്ടില്‍ ജനാധിപത്യം സാദ്ധ്യമാക്കുന്നതിനു സഹായിച്ച ഈ തൊഴിലാളി പ്രസ്ഥാനം, മാറ്റങ്ങളുണ്ടാക്കാന്‍ നമുക്കു കഴിയുമെന്ന പാഠമാണു നല്‍കുന്നത്.

പോളണ്ടിലും മറ്റു പൂര്‍വയൂറോപ്യന്‍ രാജ്യങ്ങളിലും കേന്ദ്രീകൃതജനാധിപത്യത്തിന് അനുകൂലമായി ഉയര്‍ന്നുവരുന്ന പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് യൂറോപ്പില്‍ പലതരം അഭിപ്രായങ്ങള്‍ നിലവിലുണ്ടെന്നും അതെല്ലാം ന്യായമാണെന്നും കാര്‍ഡിനല്‍ മറുപടി നല്‍കി. സംഭാഷണം അത്യാവശ്യമാണ്. അതു യൂറോപ്യന്‍ യൂണിയന്‍റെ ചട്ടക്കൂടിനകത്തു നില്‍ക്കുകയെന്നതാണു പ്രധാനം. രാഷ്ട്രീയഭൂരിപക്ഷം ജനഹിതത്തെയാകെ പ്രതിഫലിപ്പിക്കുകയില്ല എന്നതൊരു വസ്തുതയാണ്. ന്യൂനപക്ഷങ്ങള്‍കൂടി ഉള്‍പ്പെടുന്നതാണു ജനത. ന്യൂനപക്ഷങ്ങളെ കണക്കിലെടുക്കാതെ കാര്യങ്ങള്‍ കീഴ് മേല്‍ മറിക്കുന്നതിനായി, "ഞങ്ങളാണു ജനങ്ങള്‍" എന്ന നിലപാട് ഭരണാധികാരം ലഭിക്കുന്ന രാഷ്ട്രീയകക്ഷി സ്വീകരിക്കാന്‍ പാടില്ല – കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org