ദേവാലയങ്ങളില്‍ ആരാധനാകര്‍മ്മങ്ങള്‍ക്ക് ഉപാധികളോടെ അനുമതി നല്‍കണമെന്ന് സഭാമേലധ്യക്ഷന്മാര്‍

Published on

ലോക്ഡൗണ്‍ നിബന്ധനകളില്‍ കേന്ദ്രനിര്‍ദ്ദേശങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കുറേക്കൂടി സ്വതന്ത്രമായ തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് സ്വീകരിക്കാവുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറന്ന് ഉപാധികളോടെ ആരാധനാകര്‍മ്മങ്ങള്‍ ചെയ്യാനുള്ള അനുമതി നല്‍കണമെന്ന് കേരളത്തിലെ ക്രൈസ്തവ സഭാധ്യക്ഷന്മാര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ലോക്ഡൗണ്‍ ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ ജനങ്ങളുടെ മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ആര്‍ക്കും തടയാനാകാത്തതായിരിക്കും. അതിനാല്‍ ഈ കാലഘട്ടത്തില്‍ ഇളവുകളുടെ കൂട്ടത്തില്‍ ഉപാധികളോടെ ആരാധനാ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ സഭാനേതാക്കന്മാര്‍ സൂചിപ്പിച്ചിരിക്കുന്നത്.

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 50 പേരില്‍ കവിയാത്ത ജനപങ്കാളിത്തത്തോടെയുള്ള ആരാധനാ ശുശ്രൂഷകള്‍ അനുവദിച്ചുകിട്ടേണ്ടത് ഇപ്പോഴത്തെ വലിയ ആവശ്യമാണ്. മാസ്ക്ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചുമുള്ള നിബന്ധനകള്‍ക്കു വിധേയമായി കര്‍മ്മങ്ങള്‍ നടത്താന്‍ അനുവദിക്കമെന്നാണ് ആവശ്യം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ, കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ്, ബിഷപ് ഡോ. ജോസഫ് കരിയില്‍, ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത, ബിഷപ് ധര്‍മ്മരാജ് റസാലം എന്നിവരാണ് നിവേദനത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org