ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ചര്‍ച്ച് ആക്ടിലൂടെ അട്ടിമറിക്കരുത്

രാജ്യത്തിന്‍റെ ഭരണഘടന നല്‍കുന്ന അവകാശങ്ങളും നിലവിലുള്ള നിയമങ്ങളും ചര്‍ച്ച് ബില്ലിലൂടെ അട്ടിമറിച്ച് ക്രൈസ്തവ സമൂഹത്തെ വിരട്ടി വരുതിയിലാക്കാമെന്നും സഭാസ്ഥാപനങ്ങളുടെ നിയന്ത്രണം കൈവശപ്പെടുത്താമെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യവും അതിമോഹവും വിലപ്പോകില്ലെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സഭാവിരുദ്ധ ശക്തികള്‍ക്ക് സഭയ്ക്കുള്ളിലേക്ക് കടന്നുവരുവാനുള്ള വാതില്‍ തുറന്നു കൊടുക്കുന്നതാണ് നിര്‍ദിഷ്ട ചര്‍ച്ച് ബില്‍. ക്രൈസ്തവ സഭാവിഭാഗങ്ങളിലെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നത് ശരിയായ രീതിയിലല്ലെന്ന് പൊതുസമൂഹത്തിനു മുമ്പില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ വിളിച്ചറിയിച്ച് ആക്ഷേപിച്ച് അവഹേളിക്കുകയെന്ന ഗൂഢ ഉദ്ദേശവും ഈ ബില്ലിന്‍റെ പിന്നിലുണ്ട്.

രാജ്യത്തു നിലവിലുള്ള നിയമ വ്യവസ്ഥകള്‍ക്കും ഇന്ത്യന്‍ ഭരണ ഘടനയുടെ 26-ാം ആര്‍ട്ടിക്കിളിനും വിധേയമായി ഭാരതത്തിലുടനീളം ക്രൈസ്തവ സ്ഥാപനങ്ങളും സഭാസംവിധാനങ്ങളും സജീവ സാന്നിധ്യമായി പ്രവര്‍ത്തിക്കുമ്പോള്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നിയമ നിര്‍മാണത്തിന് കേരളം മുതിരുന്നതിനു പിന്നിലുള്ള നിരീശ്വരവാദ അജണ്ട മറനീക്കി പുറത്തുവന്നിരിക്കുന്നത് വിശ്വാസി സമൂഹം തിരിച്ചറിയണം.

ചര്‍ച്ച് ബില്ലിലെ എട്ട്, ഒമ്പത് വകുപ്പുകളില്‍ പറഞ്ഞിരിക്കുന്ന ചര്‍ച്ച് ട്രൈബ്യൂണല്‍ രൂപീകരണം ഭരണഘടനാലംഘനവും ഭാവിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. വളരെ വ്യവസ്ഥാപിതവും സുതാര്യവുമായ രീതിയില്‍ സഭയിലെ വസ്തുവകകള്‍ നൂറ്റാണ്ടുകളായി തലമുറകള്‍ തോറും കൈകാര്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും കീഴില്‍ കൊണ്ടുവരുന്നതും സഭാ വിരുദ്ധരുടെയും ബാഹ്യശക്തികളുടെയും കടന്നുകയറ്റത്തിന് വിധേയമാക്കുന്നതുമായ കുത്സിത ശ്രമങ്ങള്‍ ശക്തമായും സംഘടിതമായും എതിര്‍ക്കപ്പെടേണ്ടതാണ്. ട്രൈബ്യൂണലിലേക്കെത്തുന്ന പരാതികള്‍ ഊതി വീര്‍പ്പിച്ച് ക്രൈസ്തവ സ്ഥാപനങ്ങളുടെ പരിപൂര്‍ണ നിയന്ത്രണം സര്‍ക്കാരിലേക്ക് മാറ്റുവാനുള്ള മുന്നൊരുക്കമാണീ ബില്ലെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org