പ്രളയാനന്തര പുനരധിവാസത്തിന് ഏഴു കോടിയുടെ പദ്ധതിയുമായി സിഎംഐ സഭ

പ്രളയം ബാധിച്ച മേഖലകളുടെ പുനരധിവാസത്തിനു വിപുലമായ പദ്ധതികളുമായി സിഎംഐ സന്യാസ സമൂഹം. പ്രളയാനന്തര പുനരധിവാസത്തിന് ഏഴു കോടിയുടെ പദ്ധതികളാണു പ്രാഥമികമായി സിഎംഐ സഭ നടപ്പാക്കുകയെന്ന് സഭാനേ തൃത്വം അറിയിച്ചു. സിഎംഐ സന്ന്യാസ സമൂഹത്തിന്‍റെ പതിനഞ്ചു പ്രവിശ്യകളുടെയും സഹകരണ ത്തില്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടരും. വിവിധ സ്ഥാപനങ്ങളില്‍ സേവനം ചെയ്യുന്ന സിഎംഐ വൈദികരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കും. രാജ്യത്തിനകത്തും വിദേശത്തും ജോലി ചെയ്യുന്ന വൈദികരുടെ ശമ്പളം ഇതിനായി നല്‍കുമെന്നു സിഎംഐ വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. വര്‍ഗീസ് വിതയത്തില്‍ അറിയിച്ചു.

സിഎംഐയുടെ പതിനഞ്ചു പ്രൊവിന്‍സുകളിലെയും വൈദികരും വൈദിക വിദ്യാര്‍ഥികളും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളിലെ സിഎംഐ ആശ്രമങ്ങളും സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി തുറന്നുകൊടുത്തിരുന്നു. സഭയുടെ ആശ്രമങ്ങളുള്‍പ്പടെ 38 സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച ദുരിതാശ്വാസ ക്യാമ്പുകളിലായി 31918 പേരാണു താമസിച്ചത്. 34 ലക്ഷത്തോളം രൂപയുടെ അവശ്യസാധനങ്ങളും സേവനങ്ങളും ക്യാമ്പുകളില്‍ വിതരണം ചെയ്തു.

പ്രിയോര്‍ ജനറാള്‍ റവ. ഡോ. പോള്‍ ആച്ചാണ്ടിയുടെയും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാരുടെയും നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ രക്ഷാപ്രവര്‍ത്തനം, ശുചീകരണം, ഭക്ഷണ വിതരണം, വസ്ത്രവും മറ്റ് അവശ്യസാധനങ്ങളുമടങ്ങിയ കിറ്റുകളുടെ വിതരണം, സാന്ത്വനം, കൗണ്‍സിലിംഗ് തുടങ്ങിയവ നടത്തിയിരുന്നു. കേരളത്തിലെ ആയിരക്കണക്കിനു വോളണ്ടിയര്‍മാരും, ബംഗളൂരു ധര്‍മാരാമില്‍നിന്നു വിദ്യാര്‍ഥികളുടെ ഗ്രൂപ്പുകളും, ചെന്നൈയില്‍ നിന്നുള്ള സന്യസ്തരും ഇതില്‍ കൈകോര്‍ത്തു. പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളുടെ പുനര്‍നിര്‍മാണം, ജീവനോപാധികളുടെ വിതരണം, മെഡിക്കല്‍ ക്യാമ്പുകള്‍, കൗണ്‍സലിംഗ് എന്നീ മേഖലകളില്‍ വിവിധ പദ്ധതികള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. ഭാവിയില്‍ പ്രളയത്തെയും സമാന സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയമാര്‍ഗങ്ങള്‍ പഠിച്ചു പദ്ധതിരേഖ തയാറാക്കും. രാജ്യാന്തര തലത്തില്‍ വിവിധ എന്‍ജിഒകളുടെ സഹായവും ലഭ്യമാക്കും. സിഎംഐ ആസ്ഥാനമായ കാക്കനാട് ചാവറ ഹില്‍സില്‍ നടന്ന ദക്ഷിണേന്ത്യയിലെ പ്രൊവിന്‍ഷ്യല്‍ മാരുടെയും കൗണ്‍സിലര്‍മാരുടെയും സമ്മേളനം കര്‍മ പദ്ധതികള്‍ക്കു രൂപം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org