കോളജ് രാഷ്ട്രീയം: കോടതിവിധി സ്വാഗതാര്‍ഹം കത്തോലിക്ക കോളജ് മാനേജേഴ്സ് അസോസിയേഷന്‍

കോളജ് ക്യാമ്പസുകളില്‍ രാഷ്ട്രീയം നിരോധിച്ചുകൊണ്ടു ഹൈക്കോടതി നടത്തിയ വിധി സ്വാഗതാര്‍ഹമാണെന്ന് കേരള കത്തോലിക്ക കോളജ് മാനേജേഴ്സ് അസോസിയേഷന്‍ പ്രസ്താവിച്ചു. കലാലയ രാഷ്ട്രീയത്തിനെതിരായ കോടതിവിധികള്‍ ഇതിനകം തന്നെ പല പ്രാവശ്യം ഉണ്ടായിട്ടും അതിന്‍റെ അന്തഃസത്ത ഉള്‍ക്കൊണ്ടുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാതിരിക്കുകയും കലാപാന്തരീക്ഷങ്ങള്‍ കോളജുകളിലെ പഠനത്തെ സ്ഥിരം തടസ്സപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രസക്തമായ ഈ വിധി കോടതി പ്രസ്താവിക്കുന്നത്. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വളരെയേറെയുണ്ടെങ്കിലും ഗുണനിലവാരത്തില്‍ ഇനിയും ഇതരസംസ്ഥാനങ്ങളേക്കാള്‍ വളരെ പിന്നാക്കം നില്ക്കുന്ന കേരളത്തില്‍ ഈ കോടതിവിധി കോളജുകളുടെ പഠനനിലവാരത്തെ ഉയര്‍ത്തുവാന്‍ സാധിക്കും. സങ്കുചിത രാഷ്ട്രീയനേട്ടങ്ങളുടെ പേരില്‍ ഈ വിധിയെ തള്ളിപ്പറയാതെ കോടതിയുടെ ഈ നിലപാട് അംഗീകരിച്ച് നമ്മുടെ കോളജുകളില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുവാനുള്ള സഹകരണവും പ്രോത്സാഹനവുമാണ് പ്രബുദ്ധരായ നേതാക്കളില്‍ നിന്നുണ്ടാകേണ്ടത്.

പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍ററില്‍ കേരളത്തിലെ കത്തോലിക്ക കോളജ് മാനേജര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും സമ്മേളനമാണ് കോടതിവിധിക്കനുകൂലമായ പ്രമേയം അംഗീകരിച്ചത്. പി.ഒ.സി. ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ് ഘാടനം ചെയ്ത സെമിനാറില്‍ സുപ്രീം കോടതി സീനിയര്‍ അഡ്വക്കേറ്റ് ഡോ. എം.പി. രാജു ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചുള്ള ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ സെമിനാറിന് നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org