കൊളംബസിന്‍റെ 1493 ലെ കത്ത് വത്തിക്കാനു തിരികെ കിട്ടി

കൊളംബസിന്‍റെ 1493 ലെ കത്ത് വത്തിക്കാനു തിരികെ കിട്ടി

ചരിത്രപുരുഷനായ പര്യവേക്ഷകന്‍ ക്രിസ്റ്റഫര്‍ കൊളംബസ് 1493-ല്‍ എഴുതിയ കത്ത് വത്തിക്കാന്‍റെ പുരാരേഖാലയത്തിലേയ്ക്കു തിരികെയെത്തിച്ചു. അമേരിക്കന്‍ പര്യടനത്തിലെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് കൊളംബസ് സ്പെയിന്‍ രാജാവിനും രാജ്ഞിക്കും അയച്ചതാണ് കത്ത്. പിന്നീട് ഈ കത്ത് കോപ്പികളെടുത്ത് യൂറോപ്പിലെ പ്രമുഖ വ്യക്തികള്‍ക്കു നല്‍കുകയായിരുന്നു. 80 ഓളം കോപ്പികളാണ് യൂറോപ്പിലെ രാജാക്കന്മാര്‍ക്കും മറ്റുമായി വിതരണം ചെയ്തത്. ഇതില്‍ ഉള്‍പ്പെടുന്ന ഒരു കത്താണ് വത്തിക്കാനിലുണ്ടായിരുന്നത്. 1854-ല്‍ മരണമടഞ്ഞ ജോവാന്നി റോസ്സി എന്ന വ്യക്തിയുടെ വില്‍പത്രപ്രകാരമാണ് അദ്ദേഹത്തിന്‍റെ ശേഖരത്തിലുണ്ടായിരുന്ന ഈ കത്ത് വത്തിക്കാനിലെത്തിയത്. പിന്നീട് എപ്പോഴോ അതു മോഷ്ടിക്കപ്പെടുകയായിരുന്നു. മോഷ്ടിക്കപ്പെട്ടതാണെന്നറിയാതെ അമ്പതു കോടിയോളം രൂപാ മുടക്കി അമേരിക്കയിലെ ഒരു വ്യക്തിയാണ് തന്‍റെ സ്വകാര്യശേഖരത്തിലേയ്ക്കു വേണ്ടി ഇതു വാങ്ങിയത്. പിന്നീട് വിദഗ്ദ്ധര്‍ നടത്തിയ അന്വേഷണത്തില്‍ നിന്നു ഇതു വത്തിക്കാനില്‍ നിന്നു മോഷണം പോയതാണെന്നു തെളിയിക്കപ്പെട്ടപ്പോള്‍ കത്ത് വത്തിക്കാനു തിരികെ നല്‍കാന്‍ ആ വ്യക്തി തയ്യാറാകുകയായിരുന്നു. വത്തിക്കാനിലെ അമേരിക്കന്‍ അംബാസിഡര്‍ കലിസ്റ്റഗിന്‍ ഗ്രിച് ആണ് കത്ത് വത്തിക്കാന്‍ ആര്‍കൈവിസ്റ്റും ലൈബ്രേറിയനുമായ ആര്‍ച്ചുബിഷപ് ജീന്‍ ലൂയി ബ്രൂഗെസിനു കൈമാറിയത്. സാംസ്കാരിക ചരിത്രത്തിലെ അമൂല്യമായ ഒരു വസ്തുവാണിതെന്ന് വത്തിക്കാന്‍ ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ കലിസ്റ്റ അഭിപ്രായപ്പെട്ടു. 2007-നു ശേഷം അമേരിക്ക ഇത്തരത്തില്‍ 11,000 പുരാവസ്തുക്കളും രേഖകളും 30 രാജ്യങ്ങളിലെ അതിന്‍റെ ഉടമസ്ഥര്‍ക്കു കണ്ടെത്തി കൊടുത്തിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അമൂല്യമായ ഈ രേഖ കണ്ടെത്തി തിരികെ തന്നതിനു വത്തിക്കാന്‍ അമേരിക്കയ്ക്കു നന്ദി പറഞ്ഞു. ലോകമെങ്ങും നിന്നു വരുന്ന ഗവേഷകര്‍ക്ക് പഠിക്കാന്‍ ഈ രേഖ ലഭ്യമാക്കുമെന്നു വത്തിക്കാന്‍ ലൈബ്രേറിയന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org