കോംഗോയില്‍ വൈദികന്‍ കൊല്ലപ്പെട്ടു

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഇടവക വികാരിയായിരുന്ന ഫാ. എറ്റീന്‍ സെംഗിയുമാ കൊല്ലപ്പെട്ടു. പള്ളിയുടെ സമ്മേളനമുറിയിലേയ്ക്ക് ഇരച്ചുകയറിയ അക്രമിസംഘം ആണു കൊല നടത്തിയത്. മറ്റൊരു പള്ളിയില്‍ കുര്‍ബാനയര്‍പ്പിച്ചു വന്ന ശേഷം ഇടവകയിലെ ജോലിക്കാരുമായി സംസാരിക്കുമ്പോഴായിരുന്നു അക്രമം. ആരാണു കൊല നടത്തിയതെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു രൂപതാ ബിഷപ് തിയോഫില്‍ കാബോയ് അറിയിച്ചു. പതിനഞ്ചോളം സായുധ സംഘങ്ങള്‍ സജീവമായ പ്രദേശമാണിത്. സൈന്യവും യു എന്‍ സുരക്ഷാഭടന്മാരും ഉണ്ടെങ്കിലും ഈ സായുധസംഘങ്ങളെ ഇതുവരെയും അമര്‍ച്ച ചെയ്യാനായിട്ടില്ലെന്ന് ബിഷപ് പറഞ്ഞു. ഈ പ്രദേശത്ത് ഇപ്രകാരം കൊല്ലപ്പെടുന്ന മൂന്നാമത്തെ വൈദികനാണിത്. മറ്റു രണ്ടു കൊലകളിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. രൂപതയിലെ മറ്റൊരു വൈദികനെ ഈസ്റ്റര്‍ ദിനത്തില്‍ തട്ടിക്കൊണ്ടു പോയെങ്കിലും പിന്നീടു മോചിപ്പിച്ചു. പ്രാദേശിക ജനങ്ങളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു മോചനമെന്നു പറയുന്നു. ഇത്തരം കേസുകളില്‍ സാക്ഷി പറയാനോ പോലീസിന് ആവശ്യമായ സൂചനകള്‍ നല്‍കാനോ സാധാരണ ജനങ്ങള്‍ തയ്യാറാകില്ലെന്നു ബിഷപ് ചൂണ്ടിക്കാട്ടി. സായുധസംഘങ്ങളുടെ പ്രതികാരം ഭയക്കുന്നതുകൊണ്ടാണിത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org