ലോകത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ക്രൈസ്തവതത്ത്വങ്ങള്‍ക്കു സാധിക്കും -കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയര്‍ക്കീസ്

ലോകത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍  ക്രൈസ്തവതത്ത്വങ്ങള്‍ക്കു സാധിക്കും -കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയര്‍ക്കീസ്

ഇന്നു ലോകം നേരിടുന്ന പാരിസ്ഥിതികവും സാങ്കേതികവിദ്യാപരവും രാഷ്ട്രീയവുമായ കെടുതികള്‍ പരിഹരിക്കാന്‍ ക്രൈസ്തവതത്ത്വങ്ങള്‍ക്കു മാത്രമേ സാധിക്കൂ എന്നു കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ ഒന്നാമന്‍ പ്രസ്താവിച്ചു. റോമിലെ ചെന്തേസിമൂസ് ആനുസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ "ഡിജിറ്റല്‍ യുഗത്തിലെ നവനയങ്ങളും ജീവിതശൈലികളും" എന്ന വിഷയത്തെ കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുതരമായ പ്രതിസന്ധികള്‍ ഇന്നു ലോകം നേരിടുന്നുണ്ടെന്നും ആഗോളതലത്തിലുള്ളതാണ് അതിന്‍റെ സാമൂഹ്യഫലങ്ങളെന്നും പാത്രിയര്‍ക്കീസ് അഭിപ്രായപ്പെട്ടു. മാനവൈക്യത്തിന്‍റെ അഭാവമെന്ന് ഈ പ്രതിസന്ധിയെ അദ്ദേഹം നിര്‍വചിച്ചു. സാമ്പത്തിക, പാരിസ്ഥിതിക, ശാസ്ത്ര, സാങ്കേതിക, രാഷ്ട്രീയ രംഗങ്ങളുടെ സംഭാവനകള്‍ ഈ പ്രതിസന്ധിയുടെ ആഴം കൂട്ടിക്കൊണ്ടിരിക്കുന്നു. ആര്‍ക്കും ശമിപ്പിക്കാനാകാത്ത ആവശ്യങ്ങള്‍ അനുദിനമുയര്‍ന്നു വരുമ്പോള്‍ മാനവകുലത്തിന്‍റെ ആത്മീയ പൈതൃകം നിരാകരിക്കപ്പെടുകയാണ്. പ്രശ്നങ്ങള്‍ സാങ്കേതികസ്വഭാവമുള്ളതല്ല എന്നതുകൊണ്ടു തന്നെ കുടുതല്‍ വിവരസമ്പാദനം കൊണ്ട് അതു പരിഹരിക്കപ്പെടുകയുമില്ല. ശാസ്ത്രീയ വിജ്ഞാനം മനുഷ്യന്‍റെ ധാര്‍മ്മികതയെ സ്വാധീനിക്കുന്നില്ല – പാത്രിയര്‍ക്കീസ് പറഞ്ഞു.

മനുഷ്യസേവനത്തോടുള്ള നമ്മുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നത് നമ്മുടെ വി ശ്വാസമാണെന്ന് പാത്രിയര്‍ക്കീസ് പറഞ്ഞു. സ്വാതന്ത്ര്യം, നീതി, സമാധാനം എന്നിവയിലുള്ള നമ്മുടെ സാക്ഷ്യത്തെ കൂടുതല്‍ വിശാലമാക്കുന്നതു നമ്മുടെ വിശ്വാസമാണ്. ഇപ്പോഴുള്ള ബഹുമുഖമായ പ്രതിസന്ധി, മാനവൈക്യം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഒരു അവസരമായി കാണണം. സമകാലിക സംസ്കാരത്തില്‍ ഒരു ബദല്‍ ജീവിതമാതൃക മുന്നോട്ടു വയ്ക്കാന്‍ നമ്മുടെ പള്ളികള്‍ക്കു സാധിക്കണം – പാത്രിയര്‍ക്കീസ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org