കോറോണ – ആരോഗ്യ ജാഗ്രതാ ക്യാമ്പയിനുമായി കെ.എസ്.എസ്.എസ്.

കോറോണ – ആരോഗ്യ ജാഗ്രതാ ക്യാമ്പയിനുമായി കെ.എസ്.എസ്.എസ്.

കോട്ടയം: കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പും കോട്ടയം ജില്ലാ ടിബി സെന്‍ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്‍ തുടക്കമായി. കോട്ടയം കളക്ട്രേറ്റ് അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ക്യാമ്പയിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കോറോണാ രോഗത്തെ പ്രതിരോധിക്കുവാന്‍ കഴിയുമെന്നും സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, സി.കെ ആശ എം.എല്‍.എ, മാണി സി. കാപ്പന്‍ എം.എല്‍.എ, കോട്ടയം ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു ഐ.എ.എസ്, ജില്ലാ പോലീസ് മേധാവി ജയദേവ് ജി. ഐ.പി.എസ്, ഏ റ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്, കോട്ടയം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വി. എം ചാക്കോ, കോട്ടയം ഡി. എം.ഒ ഡോ. ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടീ ഡി.എം.ഒ മാരായ ഡോ. രാജന്‍ കെ. ആര്‍. ഡോ. അനിതാ കുമാരി, മാസ് മീഡിയ ഓഫീസര്‍ ഡോമി ജെ., ഡിസ്ട്രിക്റ്റ് ടി.ബി ഓഫീസര്‍ ഡോ. റ്റിങ്കിള്‍ ടി., കെ.എസ്.എസ്. എസ്. എക്സിക്യൂട്ടീവ് ഡയ റക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ക്യാമ്പയിന്‍റെ ഭാഗമായി കൊറോണാ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളോടൊപ്പം ഹാന്‍ഡ് വാഷ് കിറ്റുകള്‍, മാസ്ക്കുകള്‍, തൂവാലകള്‍ എന്നിവ ലഭ്യമാക്കും. കൂടാതെ പോസ്റ്റര്‍ ക്യാമ്പയിനും നടത്തപ്പെടും. ക്യാമ്പയിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശുചിത്വ അവബോധം നല്‍കുന്ന മംസ് മാജിക് ഹാന്‍ഡ് ബോധവല്‍ക്കരണ പരിപാടിയും നടത്തപ്പെട്ടു. കെ.എസ്.എസ്. എസിന്‍റെ നേതൃത്വത്തില്‍, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ കൊറോണ ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്‍ നടത്തപ്പെടും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org