കൊറോണ വൈറസിനെതിരെ കരുതലുള്ളവരാകുക -കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍

ലോകത്തില്‍ അഞ്ചോളം രാജ്യങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ളതും അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുള്ളതുമായ കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരെ സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന മുന്‍കരുതലുകളോടും പ്രതിരോധ പ്രവര്‍ത്തനങ്ങളോടും പൂര്‍ണമായി സഹകരിക്കാന്‍ എല്ലാ കത്തോലിക്കാ ആതുരാലയങ്ങളോടും കെ.സി.ബി.സി. ഹെല്‍ത്ത് കമ്മീഷന്‍ ആഹ്വാനം ചെയ്തു. പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍റെയും കാത്തലിക്ക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (CHAI) കേരള ഘടകത്തിന്‍റെയും ഭാരവാഹികളുടെ അടിയന്തിര യോഗത്തില്‍ ഉടനടി സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി. പ്രളയത്തിനു ശേഷമുള്ള കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിലും, ജനങ്ങളുടെ പുനരധിവാസത്തിലും, നിപ്പ വൈറസ് പകര്‍ച്ചവ്യാധിക്കെതിരെയും, സഭയും സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതുപോലെ കൊറോണ വൈറസ് രോഗത്തിന്‍റെ ഭയത്തില്‍ കഴിയുന്നവരുടെ ഭയം അകറ്റുന്നതിനും അവരുടെ സുരക്ഷയ്ക്കും എല്ലാ കത്തോലിക്കാ ആതുരാലയങ്ങളും ആതുരശുശ്രൂഷകരും പ്രവര്‍ത്തന സജ്ജരായിരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

കെ.സി.ബി.സി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ് ഞരളക്കാട്ടിന്‍റെ നിര്‍ദേശപ്രകാരം പി.ഒ.സി യില്‍ കൂടിയ യോഗത്തില്‍ പി.ഒ.സി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, കെ.സി.ബി.സി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. സൈമണ്‍ പള്ളൂപേട്ട, ചായ് കേരള പ്രസിഡന്‍റ് ഫാ. തോമസ് വൈക്കത്തുപറമ്പില്‍, സെക്രട്ടറി ഫാ. ഷൈജു തോപ്പില്‍, ട്രഷറര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org