കൊളംബിയന്‍ മെത്രാനെയും വൈദികനെയും വാഴ്ത്തപ്പെട്ട വരായി പ്രഖ്യാപിക്കും

കൊളംബിയന്‍ മെത്രാനെയും വൈദികനെയും വാഴ്ത്തപ്പെട്ട വരായി പ്രഖ്യാപിക്കും

കൊളംബിയാക്കാരായ ബിഷപ് ജീസസ് എമിലിയോ മോണ്‍ സ്ലേവ്, ഫാ. പേദ്രോ റാമിറെസ് എന്നിവരെ വരുന്ന സെപ്തംബറില്‍ കൊളംബിയ സന്ദര്‍ശിക്കുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. മയക്കുമരുന്നു കച്ചവടത്തിനും മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കും കുപ്രസിദ്ധമായ പ്രദേശത്ത് അതിനെതിരെ പ്രവര്‍ത്തിച്ചയാളാണ് ബിഷപ് മോണ്‍ സ്ലേവ്. വലിയ ഒരു പ്രദേശത്ത് മാഫിയകളെ പ്രതിരോധിക്കുന്നതിനും ജനങ്ങള്‍ക്കു വികസനം എത്തിക്കുന്നതിനും ബിഷപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ സഹായകരമായി. ഇതില്‍ രോഷാകുലരായിരുന്ന മാഫിയാക്കാര്‍ 1989-ല്‍ ബിഷപ്പിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തന്‍റെ വാസസ്ഥലത്തിനു 800 കിലോമീറ്റര്‍ അകലെ പിറ്റേന്ന് അദ്ദേഹത്തെ കൊല്ലപ്പെട്ട രൂപത്തില്‍ കണ്ടെത്തി. തലയില്‍ വെടി വച്ചാണു കൊന്നത്.

വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടാന്‍ പോകുന്ന ഫാ. റാമെറെസും രക്തസാക്ഷിയാണ്. 1948 -ല്‍ ആഭ്യന്തരയുദ്ധത്തിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഗറില്ലകളുടെ ഭീഷണി ഉണ്ടായിരുന്നെങ്കിലും തന്‍റെ പള്ളിയെയും ജനങ്ങളെയും ഉപേക്ഷിച്ചു പോകാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

സെപ്തംബറില്‍ കൊളംബിയായിലേയ്ക്കു ഫ്രാന്‍സിസ് മാര്‍ പാപ്പ നടത്തുന്നത് തന്‍റെ ആദ്യ സന്ദര്‍ശനമാണ്. അജപാലനസന്ദര്‍ശനമെന്നാണ് ഇത് ഔദ്യോഗികമായി അറിയപ്പെടുകയെങ്കിലും കൊളംബിയായിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ മാദ്ധ്യസ്ഥ്യം വഹിക്കുന്നതിന് ഈ സന്ദര്‍ശനം ഉപയോഗിച്ചേക്കുമെന്ന് പലരും കരുതുന്നുണ്ട്. കൊളംബിയായിലെ പ്രബലമായ റിബല്‍ വിഭാഗമായ ഫാര്‍ക് ഇപ്പോള്‍ അമ്പതു വര്‍ഷം ദീര്‍ഘിച്ച യുദ്ധത്തിനു ശേഷം സര്‍ക്കാരുമായി വെടിനിറുത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റൊരു ഗറില്ലാ സംഘം ഇക്വദോര്‍ ആസ്ഥാനമാക്കി സമാധാനസംഭാഷണങ്ങള്‍ നടത്തി വരുന്നുണ്ട്. ഈ സമാധാനശ്രമങ്ങള്‍ക്കു ശക്തി പകരാന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം ഉപകരിക്കുമെന്ന പ്രതീക്ഷയാണ് ലോകത്തിനുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org