അമ്മേ, ഞങ്ങള്‍ക്കു ദീപമാവുക

അമ്മേ, ഞങ്ങള്‍ക്കു ദീപമാവുക

ചേരിയിലേക്കിറങ്ങിയവള്‍ അള്‍ത്താരയിലേക്കു കയറ്റപ്പെടുകയാണ്, വണക്കത്തിനായി. മാനവസേവയെ ഈശ്വരസേവയായി കണ്ട മദര്‍ തെരേസ പുണ്യവതിയാകുന്നു. അവര്‍ സേവിച്ച ചേരിനിവാസികള്‍ നമുക്കു സ്വര്‍ഗത്തിലേക്കുള്ള ഞെരുക്കമുള്ള വഴിയാകുന്നു.
സ്വര്‍ഗരാജ്യം ബലവശ്യമാണ് എന്നരുള്‍ ചെയ്ത യേശുവിനെ മറ്റാരും സ്‌നേഹിച്ചിട്ടില്ലാത്തതുപോലെ സ്‌നേഹിക്കണം എന്ന ദൃഢതീരുമാനത്തോടെയാണു മദര്‍ ഒരു സമര്‍പ്പിതയായി ഇന്ത്യയില്‍ കാലുകുത്തുന്നത്. 1942-ല്‍ താനെടുത്ത മൂന്നു വ്രതങ്ങള്‍ക്കപ്പുറത്തു യേശു തന്നോട് ആവശ്യപ്പെടു ന്നതൊന്നും നിരസിക്കില്ല എന്ന നാലാമതൊരു വ്രതംകൂടെ അവരെടുത്തു. 1946 സെപ്തംബര്‍ 10-ാം തീയതി ഡാര്‍ജിലിംഗിലുള്ള ലോറെറ്റോ കോണ്‍വെന്റില്‍ തന്റെ വാര്‍ഷികധ്യാനം നടത്താനായി പോയ ട്രെയിന്‍ യാത്രയില്‍ മദര്‍ തെരേസയ്ക്കു ശക്തമായ ഒരാത്മീയ അനുഭവമുണ്ടായി.
വരൂ, എന്റെ ദീപമാവുക എന്ന യേശുവിന്റെ ആവശ്യത്തെ തന്റെ 'വിളിയിലെ വിളി'യായാണു മദര്‍ കണ്ടത്. കല്‍ക്കട്ടയിലെ ബംഗാളി തൂപ്പുകാരികളുടെ സാരി തന്റെ ഔദ്യോഗിക വസ്ത്രമായി സ്വീകരിച്ച് 1948 ആഗസ്റ്റ് 17-ാം തീയതി ചേരികളിലേക്കിറങ്ങിയ അവരുടെ പിന്നീടുള്ള ഓരോ ചുവടും ചരിത്രമാവുകയായിരുന്നു. 1950-ല്‍ 12 അര്‍ത്ഥിനികളുമായി അവര്‍ തുടങ്ങിയ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്ന്യാസിനീസമൂഹത്തിന് ഇന്ന് 139 രാജ്യങ്ങളില്‍ എഴുന്നൂറിലധികം സ്ഥാപനങ്ങളിലായി അയ്യായിരത്തിലധികം സമര്‍പ്പിതര്‍ മദര്‍ തെളിച്ച വഴിയില്‍ തുടരുന്നു. ഇതു മദറിന്റെ ജീവിതത്തിലെ ദീപ്തിഭരിതമായ ഏട്. ക്രിസ്തുവിന്റെ വെളിച്ചമാകാനും പാവപ്പെട്ടവരിലെ ഏറ്റവും പാവപ്പെട്ടവര്‍ക്ക് ആ വെളിച്ചമേകാനുമുള്ള ഒരുക്കത്തില്‍ മദര്‍ അനുഭവിച്ച ആത്മീയസംഘര്‍ഷങ്ങളുടെ, ഏകാന്തതയുടെ അന്ധകാര തീരങ്ങളും ഉണ്ടായിരുന്നു. അതേക്കുറിച്ചു തന്റെ ആത്മീയ നിയന്താക്കള്‍ക്കെഴുതിയ കത്തുകള്‍ 2007 സെപ്തംബര്‍ 4-ന് 'മദര്‍ തെരേസ: ബി മൈ ലൈറ്റ്" എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഒരിക്കലും പ്രസിദ്ധപ്പെടുത്തരുതെ ന്നും കഴിയുമെങ്കില്‍ നശിപ്പിച്ചുകളയണമെന്നും ജീവിച്ചിരുന്നപ്പോള്‍ മദര്‍ ആവശ്യപ്പെട്ട എഴുത്തുകളായിരുന്നു അവ. മദറിന്റെ മരണത്തിന്റെ പത്താം വാര്‍ഷികത്തിലാണ് ഈ കത്തുകള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയത്. മദറിന്റെ നാമകരണപരിപാടികളുടെ പോസ്റ്റുലേറ്ററായ ഫാ. ബ്രയന്‍ കോളോദിചുക് എംസിയാണ് ഈ പുസ്തകത്തിന്റെ എഡിറ്റര്‍. ന്യൂയോര്‍ക്ക് ടൈംസിന്റെ ആ വര്‍ഷത്തെ ബെസ്റ്റ് സെല്ലറായിരുന്നു ഈ പുസ്തകം. "ഒരു സാധു ഭക്തസ്ത്രീ എന്നു മദറിനെക്കുറിച്ചു പലര്‍ക്കുമുള്ള ഒരു പൊതുധാരണയെ തിരുത്തിയെഴുതും ഈ പുസ്തകം" എന്നു "മൈ ലൈഫ് വിത്ത് സെയിന്റ്‌സ്" എന്ന വേറൊരു ബെസ്റ്റ് സെല്ലര്‍ പുസ്തകത്തിന്റെ രചയിതാവായ ജസ്വിറ്റ് വൈദികന്‍ ജെയിംസ് മാര്‍ട്ടിന്‍. ഈ പുസ്തകം മദറിന്റെ അനുയായികള്‍ക്കു മാത്രമല്ല നിരീശ്വരവാദികള്‍ക്കും മദറിന്റെ വിമര്‍ശകര്‍ക്കുപോലും ഒരു അമൂല്യനിധിയായിരിക്കും – ഫാ. ജെയിംസ് മാര്‍ട്ടിന്‍ തുടരുന്നു.
നാമകരണ ഒരുക്കങ്ങള്‍ക്കായി ഫാ. ബ്രയന്‍, മദറെഴുതിയ ആറായിരത്തോളം എഴുത്തുകളാണു പരിശോധിച്ചത്. മദറിന്റെ ജീവിതത്തിലെ മൂന്നു സുപ്രധാന ഘട്ടങ്ങളുമായി ബന്ധപ്പെട്ടു മദര്‍ എഴുതിയ എഴുത്തുകളുടെ സമാഹാരമാണീ പുസ്തകം.
യേശുവിനു തന്നെക്കുറിച്ചുള്ള പദ്ധതി നടപ്പിലാക്കാന്‍ ഇറങ്ങിത്തിരിച്ച മദറിന്റെ ജീവിതത്തില്‍ അവരനുഭവിച്ച ഏകാന്തതയും ആത്മീയ ഇരുട്ടും സാധാരണക്കാര്‍ക്ക് ഒരു പ്രത്യാശയുടെ ദീപഗോപുരമാവുകയാണ്. ജീവിച്ചിരുന്ന പ്പോള്‍തന്നെ വിശുദ്ധ എന്നു വിളിക്കപ്പെട്ടിരുന്ന മദര്‍ അനു ഭവിച്ച ആത്മീയ പ്രതിസന്ധികളും അതിനെ നേരിടാന്‍ അവര്‍ കണ്ടെത്തിയ ഉപായങ്ങളും ഒരു സാധാരണ വിശ്വാസിക്കു ധൈര്യം പകരുന്നതാണ്. ദൈവംപോലും തന്നെ ഉപേക്ഷിച്ചു എന്ന ചിന്ത, ഉപേക്ഷിക്കപ്പെട്ടവരുടെ വേദന മനസ്സി ലാക്കാന്‍ തന്നെ സഹായിച്ചു എന്നു മദര്‍ തന്റെ ആത്മീയ ഉപദേഷ്ടാക്കളില്‍ ഒരാളായ ജസ്വിറ്റ് വൈദികന്‍ ജോസഫ് ന്യൂയിനറിനോട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
ഈ എഴുത്തുകള്‍ പ്രസിദ്ധപ്പെടുത്തുന്നതു മദറിന്റെ നാമകരണ നടപടിക്ക് ഒരു തടസ്സമാകുമോ എന്ന സത്യദീപത്തിന്റെ ചോദ്യത്തിനു ഫാ. ബ്രയന്‍ നല്കിയ മറുപടി ശ്രദ്ധേയമാണ്. "ഔദ്യോഗിക രേഖകള്‍ക്കൊപ്പം ഈ പുസ്തകവും ഞാന്‍ ഒമ്പതു ദൈവശാസ്ത്രജ്ഞരടങ്ങുന്ന സമിതിക്കു സമര്‍പ്പിച്ചു. ഇതു പ്രസിദ്ധീകരിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ഒന്നാമതായി, മദര്‍ ഒരു വലിയ മിസ്റ്റിക് ആയിരുന്നുവെന്നു കാണിച്ചുതരുന്നു, ഈ എഴുത്തുകള്‍. സ്‌നേഹിക്കപ്പെടാതെയും പരിഗണിക്കപ്പെടാതെയും ഇരിക്കുന്നതിന്റെ ആത്മീയ ദാരിദ്ര്യം തിരിച്ചറിയുക. മദറും നമ്മെപ്പോലെ സഹനങ്ങള്‍ക്ക് വിധേയയാകേണ്ടി വന്നുവെന്നതു നമ്മെ പ്രചോദിപ്പിക്കും."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org