Latest News
|^| Home -> Cover story -> ആകാശം പറക്കാനുള്ളതാണ്

ആകാശം പറക്കാനുള്ളതാണ്

sathyadeepam

-വിനായക് നിര്‍മ്മല്‍

ഏതെങ്കിലുമൊക്കെ ആദര്‍ശങ്ങളുടെയും മനംമയക്കുന്ന പ്രചരണങ്ങളുടെയും പേരില്‍ ആകാശങ്ങളെ ഉപേക്ഷിച്ച് ചങ്ങലക്കൊളുത്തുകളില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന വളര്‍ത്തുമൃഗങ്ങളാണ് മനുഷ്യരെന്ന ചിന്ത ഈയിടെയായി അധികരിക്കുന്നു. മനുഷ്യനല്ലാതെ മറ്റൊരു ജീവിയും മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നില്ല. മറ്റെല്ലാ ജീവജാലങ്ങളെക്കാളും പരിപൂര്‍ണ്ണരായതുകൊണ്ടുതന്നെയാകാം നാം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത്.

ചലച്ചിത്രസംവിധായകന്‍ കമലിന്റെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് ഉള്ളടക്കം. ഒരു മാനസികരോഗ പുനരധിവാസകേന്ദ്രവുമായി ബന്ധപ്പെട്ടുള്ള ആ സിനിമയിലെ ഒരു രംഗം ഇങ്ങനെയാണ്. ഏറെക്കാലമായി ഇരുട്ട് മുറിക്കുള്ളില്‍കഴിയുന്ന ഒരാളാണ് അന്തരിച്ച നടി സുകുമാരി അവതരിപ്പിക്കുന്ന കഥാപാത്രം.
വെളിച്ചത്തെ അവര്‍ക്ക് ഭയമാണ്. ഇരുട്ടറയില്‍ കഴിയുന്നതിനാല്‍ ഇരുട്ടാണ് അവര്‍ക്ക് ഏറെ പ്രിയങ്കരം. അമല അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രം ആ മുറി തുറന്ന് പ്രവേശിക്കുന്നത് അവരുടെ ജീവിതത്തിലേക്കു കൂടിയാണ്. ആദ്യനിമിഷങ്ങളില്‍ വെളിച്ചത്തെ ഭയന്ന് മുഖംപൊത്തി അവര്‍ നിലവിളിക്കുന്നു. വെളിച്ചത്തെ ഭയക്കു ന്ന മാനസികഭാവമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. വര്‍ഷങ്ങളോളം ഇരുട്ടില്‍ കഴിയുന്നതുകൊണ്ട് അവര്‍ക്ക് വെളിച്ചത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അല്ലെങ്കില്‍ ഇരുട്ട് അവര്‍ക്ക് വെളിച്ചമായിത്തീര്‍ന്നിരിക്കുന്നു. ഒരു വേള പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമായിത്തീരാം എന്ന് കവി എഴുതിയത് എത്രയോ അന്വര്‍ത്ഥം.
പറഞ്ഞുവരുന്നത് ഇതാണ്. അടയ്ക്കപ്പെട്ടിരിക്കുന്ന തമോഗര്‍ ത്തങ്ങളെക്കുറിച്ച് പരിധി കഴിഞ്ഞാല്‍ നാംതന്നെ അജ്ഞരാകും. നമ്മള്‍ തന്നെ അതില്‍ അഭിരമിക്കാന്‍ തുടങ്ങും, അത് അങ്ങനെയല്ല ഇങ്ങനെയാണെന്ന മട്ടില്‍. ഒരു മോചനത്തെ സ്വപ്നം കാണാന്‍ കഴിയാത്തവിധം നമ്മുടെ മനസ്സ് മുരടിച്ചുപോകും. പാരതന്ത്ര്യത്തെയും സ്വാതന്ത്ര്യമായി നാം തെറ്റിദ്ധരിക്കും. ഇനിയെന്നും ഇങ്ങനെപോയാല്‍ മതിയെന്ന് നാം നിരുന്മേഷരുമാകും.
സാഹചര്യം കൊണ്ടും പഴക്കം കൊണ്ടും ശീലംകൊണ്ടും ഒരു നെഗറ്റീവ് ഘടകം പോലും നമുക്ക് അതങ്ങനെയല്ലാതായിത്തീരുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിച്ചുവരവെയാണ് ഈ സിനിമയും ഈ രംഗവും ഓര്‍മ്മയിലേക്ക് വന്നതും അത് എഴുതിയതും. നമ്മള്‍ ഭൂരിപക്ഷവും അകപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യലംഘനത്തിന്റെ വ്യാപ്തിയെക്കുറിച്ച് പലരും ബോധവാന്മാരേ അല്ല.
ഇരുട്ട് മുറിപോലെ ഏതൊക്കെയോ ചില തുരങ്കങ്ങളില്‍ നാം അടയ്ക്കപ്പെട്ടിരിക്കുകയാണ്. മനോഹരമായ മേല്‍വിലാസങ്ങളും ലേബലുകളും പുറമേയ്ക്ക് ഒട്ടിച്ചുവച്ചിരിക്കുന്നതിനാല്‍ അകപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യലംഘനങ്ങളെക്കുറിച്ച് നാം അജ്ഞരായിത്തുടരുക യും ചെയ്യുന്നു.
നാളുകളായി കൂടുകളില്‍ വളര്‍ത്തപ്പെടുന്ന പക്ഷികളെ ശ്രദ്ധിച്ചിട്ടുണ്ടോ? ആകാശത്തേക്ക് പറന്നുപോകാന്‍ അവസരം ലഭിച്ചാലും അവ പറന്നുപോകാന്‍ മടിക്കും. ആകാശം അവയ്ക്ക് ഇരുമ്പഴിക്കൂടായി ചുരുങ്ങിയിരിക്കുന്നു. പാലും പഴവും വെള്ളവും അവയ്ക്ക് പുറത്ത് യഥേഷ്ടം ലഭിക്കുമെങ്കിലും ഇത്തിരി വട്ടത്തില്‍ ലഭിക്കുന്നവയിലേക്ക് അവയുടെ ആവശ്യങ്ങള്‍ ചുരുങ്ങിയിരിക്കുന്നു. ഇനി ഒരാകാശവും അവര്‍ക്ക് വേണ്ട.. ഇനി ഒരു സ്വപ്നങ്ങളും അവരെ വളര്‍ത്തുകയില്ല. അവരുടെ നഷ്ടസ്വപ്നങ്ങളെ മറ്റുള്ളവര്‍ സ്വന്തമാക്കി അതിനെ പോറ്റി വളര്‍ത്തും.
വളര്‍ത്തുനായ്ക്കളെയും കോഴികളെയും തന്നെ നോക്കിയാല്‍ മതി. നിശ്ചിതസമയത്തിന് ശേഷം അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ അവറ്റകള്‍ തിരികെ തങ്ങളുടെ കൂടുകളിലേക്ക് പ്രവേശിക്കുകയാണ്. ആരും നിയന്ത്രിക്കാതെ തന്നെ. ശീലങ്ങള്‍ കൊണ്ട് അവറ്റകള്‍ ആ വഴിക്കായിരിക്കുന്നു. പാരതന്ത്ര്യത്തിലേക്ക് സ്വയം ഹനിക്കപ്പെടാന്‍ തല നീട്ടിവയ്ക്കുകയാണ് ആ വളര്‍ത്തുമൃഗങ്ങള്‍.
ഏതെങ്കിലുമൊക്കെ ആദര്‍ശങ്ങളുടെയും മനം മയക്കുന്ന പ്രചരണങ്ങളുടെയും പേരില്‍ ആകാശങ്ങളെ ഉപേക്ഷിച്ച് ചങ്ങലക്കൊളുത്തുകളില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന വളര്‍ത്തുമൃഗങ്ങളാണ് മനുഷ്യരെന്ന ചിന്ത ഈയിടെയായി അധികരിക്കുന്നു. മനുഷ്യനല്ലാതെ മറ്റൊരു ജീവിയും മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നില്ല. മറ്റെല്ലാ ജീവജാലങ്ങളെക്കാളും പരിപൂര്‍ണ്ണരായതുകൊണ്ടുതന്നെയാകാം നാം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത്.
സര്‍ക്കസുകളിലും മറ്റും കാട്ടുമൃഗങ്ങളെ നിസ്സാരരായ മനുഷ്യര്‍ മെരുക്കിയെടുക്കുന്നത് അറിയാറില്ലേ. തിരിഞ്ഞൊന്ന് ആക്രമിച്ചാല്‍ തീരാവുന്നത്ര ദുര്‍ബലരാണ് മനുഷ്യര്‍. എന്നിട്ടും എത്ര ആരോഗ്യവും കരുത്തും അപകടകാരിയുമായ മൃഗങ്ങളെയാണ് മനുഷ്യന്‍ സ്വേച്ഛപ്രകാരം മെരുക്കിയെടുക്കുന്നത്! അവയെക്കൊണ്ട് ചുടുചോറ് വാരിപ്പിക്കുന്നത്! സര്‍വ്വജീവജാലങ്ങളുടെ മേലും ദൈവം അധികാരം കൊടുത്തതുകൊണ്ടാ വാം മനുഷ്യന്റെ സാധ്യതകള്‍ ഇപ്രകാരം വര്‍ദ്ധിച്ചത്.
സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് എല്ലായ്‌പ്പോഴും അധികാരവ്യവസ്ഥയുമായി കൂടി ബന്ധപ്പെട്ടാണ്. അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ തനിക്ക് താഴെയുള്ളവരെല്ലാം മൃഗതുല്യരാകുന്നതുപോലെ അവര്‍ക്ക് തോന്നുന്നുണ്ടാവാം. അതുകൊണ്ട് മൃഗങ്ങളോടെന്നപോലെ അധികാരികള്‍ പെരുമാറുന്നു, സ്വാതന്ത്ര്യം ഹനിച്ചും നിയമത്തിന്റെ കരം ചുമത്തിയും അവര്‍ മേല്‍ക്കൈ നേടുന്നു.
അധികാരം സ്വാതന്ത്ര്യത്തിന്റെ വ്യാപനത്തെ ചുരുക്കിക്കളയുന്ന സ്വാര്‍ത്ഥതയാണ്. എന്റെ ലക്ഷ്യങ്ങള്‍ സാധിച്ചുകിട്ടാനും എന്റെ സ്വാര്‍ത്ഥതയെ നിറവേറ്റാനും നിന്റെ സ്വാതന്ത്ര്യത്തിന് മേല്‍ ഞാനൊരു അതിരു വരയ്ക്കുന്നു. ഒരു ലക്ഷ്മണരേഖ. ഇതിനപ്പുറത്തേയ്ക്ക് നീ പോകരുത്. നിന്റെ പരിധി ഇതാണ്. ഇതിനുള്ളില്‍ നീ പിഴച്ചുപൊയ്‌ക്കൊള്ളുക.
അന്ന് രാമായണത്തിലെ സീതയ്ക്ക് മുമ്പില്‍ ലക്ഷ്മണന്‍ വരച്ചതും സ്വാതന്ത്ര്യത്തിന്റെ പരിമിതപ്പെടുത്തല്‍ തന്നെയായിരുന്നു. സ്ത്രീയുടെ സഞ്ചാരപഥങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും മുമ്പില്‍ ഒരു വര. ഇതിനപ്പുറം നീ പോകരുത് എന്ന താക്കീത് അതിലുണ്ടായിരുന്നു. അധീശത്വശക്തികള്‍ എല്ലായ്‌പ്പോഴും അങ്ങനെയാണ്. കീഴാളസമൂഹത്തിന്റെ ചിന്തകളെ, സര്‍ഗ്ഗാത്മകതകളെ അണകെട്ടിനിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നു.
നിയമങ്ങള്‍ ചിലപ്പോഴെങ്കിലും രൂപപ്പെട്ടത് മനുഷ്യന്റെ ക്ഷേമത്തെ പ്രതിയായിരുന്നില്ല. മറിച്ച് നിയമകര്‍ത്താക്കളുടെ സ്വാര്‍ത്ഥതയെ തൃപ്തിപ്പെടുത്താനും അധികാരത്തെ അരക്കിട്ടുറപ്പിക്കാനും വേണ്ടിയായിരുന്നു. അടിയന്തിരാവസ്ഥ അത്തരമൊരു ദുരന്തമായിരുന്നു. ബ്രിട്ടീഷ് മേല്‍ക്കോയ്മകാലത്തെക്കാളും നമുക്ക് താങ്ങാന്‍ കഴിയാതെ പോയത് അടിയന്തിരാവസ്ഥ കാലമല്ലേ.
മനുഷ്യന്റെ എല്ലാവിധ സ്വാതന്ത്ര്യങ്ങളും ധ്വംസിക്കപ്പെട്ട ചരിത്രത്തിലെ ഇരുണ്ട ദിനങ്ങള്‍. പ്രജനനം നടത്താനുള്ള അവകാശങ്ങള്‍ പോലും ഛേദിക്കപ്പെടുകയും ഷണ്ഡീകരിക്കപ്പെടുകയും ചെയ്ത ആസുരതകളുടെ കറുത്തദിനങ്ങള്‍… സ്വതന്ത്രമായ ചിന്തകള്‍…. ആശയങ്ങള്‍…. ആവിഷ്‌ക്കരണസാധ്യതകള്‍…. പരിമിതപ്പെടുത്താത്ത വായനകള്‍…. ആസ്വാദനങ്ങള്‍…. മുന്‍വിധികളില്ലാതെയുള്ള സമീപനങ്ങള്‍…. മനസ്സിന് ഇത്തിരിവെട്ടം ലഭിച്ചിട്ടുളളവരുടെയെല്ലാം സ്വപ്നങ്ങളും ന്യായമായ അവകാശങ്ങളുമാണ് ഇതെല്ലാം. എന്നാല്‍ അവയും നിഹനിക്കപ്പെടുമ്പോഴോ.
മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ദൈവം പോലും വിലമതിക്കുന്നുണ്ട്. ജീവനും മരണവും നിന്റെ മുമ്പിലുണ്ട്. നിനക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം എന്നാണ് ദൈവത്തിന്റെ സ്വാതന്ത്ര്യതീര്‍പ്പുകള്‍. നീ വാതില്‍ തുറന്നുതന്നാല്‍ അകത്തേക്ക് വരാം എന്നാണ് മറ്റൊന്ന്. അതായത് തുറന്നുതരാനും തരാതിരിക്കാനും നിനക്ക് സ്വാതന്ത്ര്യമുണ്ട് എന്നാണ് അര്‍ത്ഥം.
ചരിത്രത്തിലുണ്ടായിട്ടുള്ള ഏതൊരു ജനകീയ പ്രക്ഷോഭങ്ങളുടെയും പിന്നിലുള്ള ചരിത്രം അന്വേഷിച്ചുനോക്കൂ. നീതി നിഷേധിക്കപ്പെടുകയും സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ചെയ്ത ഒരു ജനതയുടെ അടിച്ചമര്‍ത്തലില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്പായിരുന്നു അവയെല്ലാം. ഒരു ശക്തിക്കും തടഞ്ഞുനിര്‍ത്താന്‍ കഴിയാത്തവിധം ആ മുന്നേറ്റത്തിന് മുമ്പില്‍ അധികാരസാമ്രാജ്യശക്തികള്‍ ഉടുവസ്ത്രമെന്നതുപോലെ അഴിഞ്ഞു വീണു. ഏതിനും ഒരു പ്രതിപ്രവര്‍ത്തനമുണ്ട്. ധ്വംസിക്കപ്പെടുന്ന സ്വാതന്ത്ര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും എല്ലാം തിരിച്ചടികള്‍ ഉണ്ടായേ തീരൂ. അത് പ്രപഞ്ചനിയമമാണ്.
നീതിയുമായി ചാര്‍ച്ചപ്പെടുന്നവ കൂടിയാണ് സ്വാതന്ത്ര്യം. നീതിയില്ലാതെ സ്വാതന്ത്ര്യമില്ല. പാലും വെള്ളവും പോലെ അലിഞ്ഞുകിടക്കുന്നവയാണ് ഇവ രണ്ടും. ഒന്നില്ലാതെ മറ്റൊന്നില്ല. നിനക്ക് സ്വാതന്ത്ര്യമില്ലേ എങ്കില്‍ നിനക്ക് നീതി നിഷേധിക്കപ്പെട്ടിട്ടുണ്ട്. നിനക്ക് നീതി നിഷേധിക്കപ്പെട്ടിട്ടുണ്ടോ എന്നാല്‍ നിനക്ക് സ്വാതന്ത്ര്യം അനുഭവിക്കാനും സാധിച്ചിട്ടില്ല.
ചുംബനസമരങ്ങളുടെയും മറ്റും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടുണ്ടെങ്കിലും ചില സ്വാതന്ത്ര്യങ്ങള്‍ക്ക് അതിരുകള്‍ നിശ്ചയിക്കേണ്ടതുണ്ടെന്നും തോന്നിപ്പോകുന്നു. ചുംബനം അതില്‍ തന്നെ തെറ്റായതുകൊണ്ടൊന്നുമല്ല അത്. പക്ഷേ ഇപ്പോള്‍ സ്വാതന്ത്ര്യം പോലും ദുര്‍വിനിയോഗിക്കപ്പെടുന്നതുകൊണ്ടാണത്. നിന്റെ മേലുള്ള എന്റെ സ്വാതന്ത്ര്യം നിന്റെ മൂക്കിന്‍ ത്തുമ്പ് വരെയെന്നാണ് ചില പഴയ പ്രമാണങ്ങള്‍ തന്നെ. എന്നാല്‍ നിന്റെ മേലെനിക്ക് എത്രയും സ്വാതന്ത്ര്യം എടുക്കാമെന്നായിരിക്കുന്നു ചില പുതിയ കോര്‍പ്പറേറ്റ് രീതികള്‍. അധികാരത്തിന്റെയും സ്വാധീനത്തിന്റെയും മേദസുറ്റ് കീഴാളരോട് എന്തുമാകാമെന്ന രീതിയില്‍ അവരുടെ സ്വതന്ത്രാവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കപ്പെടുന്നു.
ജനിച്ചുവീഴുന്ന ഒരു കുഞ്ഞു പോലും സ്വാതന്ത്ര്യദാഹം പ്രകടിപ്പിക്കുന്നുണ്ട്. പിറന്നുവീണ നിമിഷങ്ങളിലെ അവന്റെ കരച്ചില്‍ ഒരു സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയാണ്. ഏറ്റവും സുരക്ഷിതമെന്ന് നാം വാഴ്ത്തിപ്പാടാറുണ്ടെങ്കിലും അമ്മയുടെ ഗര്‍ഭപാത്രമെന്ന തടവറയില്‍നിന്നുള്ള മോചനത്തിന്റെ ആഹ്ലാദമാണ് അവന്റെ കരച്ചില്‍. അങ്ങനെയെങ്കില്‍ മുതിരുംതോറും അവനില്‍ സ്വാതന്ത്ര്യവാഞ്ഛ എത്രയധികമായിരിക്കണം?
എല്ലാവരും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ്. ഏതൊക്കെയോ ചില ചങ്ങലക്കെട്ടുകളില്‍ നിന്ന് മോചനം പ്രാര്‍ത്ഥിക്കുന്നവരാണ്. എന്നിട്ടും മോചനം എത്രയോ അകലെയാണ്.
എല്ലാമുള്ളിടത്തല്ല ഒന്നും ഇല്ലാത്തിടത്തും ഒരാള്‍ക്ക് സ്വാതന്ത്ര്യം കൈവരിക്കാന്‍ കഴിയും എന്നതിന് വിശുദ്ധ ഗ്രന്ഥം തന്നെ സാക്ഷ്യം. തടവറയാണ് രംഗം. കൈകാലുകളില്‍ ചങ്ങലകള്‍. മാനുഷികമായി നിരാശയ്ക്ക് അടിപ്പെടാനുള്ള എല്ലാ സാധ്യതകളുമുണ്ട്.
പക്ഷേ പൗലോസും സീലാസും ആത്മാവില്‍ സ്വാതന്ത്ര്യം പേറുന്നവരായിരുന്നു. അതുകൊണ്ട് അവര്‍ക്ക് ദൈവത്തെ സ്തുതിക്കാന്‍ കഴിയുന്നു. ഫലമോ ചങ്ങലകള്‍ പൊട്ടിവീഴുന്നു. മറ്റൊരാള്‍ ദാനിയേലാണ്. മേല്പ്പറഞ്ഞവരെക്കാള്‍ അപകടകരമായ അവസ്ഥയിലാണയാള്‍. സിംഹങ്ങള്‍ക്ക് നടുവില്‍. പക്ഷേ അയാളും ആത്മാവില്‍ സ്വാതന്ത്ര്യം നേടിയ ആളായിരുന്നു.
അതെ, ആത്മാവിനോളം സ്വതന്ത്രമായത് മറ്റൊന്നുമില്ല. ഭൗതികസാഹചര്യങ്ങള്‍ എത്ര വിശാലമായാലും ആത്മാവ് സ്വതന്ത്രമല്ലെങ്കില്‍ അതുകൊണ്ടെന്തു പ്രയോജനം? ആത്മാവില്‍ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതുകൊണ്ടാണ് അടുത്തിരിക്കുന്ന ആളോടുപോലും മനസ്സ് തുറന്ന് സംസാരിക്കാന്‍ നമുക്ക് കഴിയാതെ പോകുന്നത്. എന്തിന് വാടിയ ചിരിക്കപ്പുറം നല്ലതൊന്ന് നല്കാന്‍ കഴിയാതെ പോകുന്നതും.
പാപം ഒരു പാരതന്ത്ര്യമാണ്. ആസക്തികള്‍ പാരതന്ത്ര്യമാണ്. അപകര്‍ഷതാബോധം പാരതന്ത്ര്യമാണ്. നിരാശത, വിദ്വേഷം എല്ലാം പാരതന്ത്ര്യങ്ങളാണ്. ആത്മാവിന്റെ പാരതന്ത്ര്യങ്ങള്‍. സ്വാതന്ത്ര്യക്കുറവുകള്‍. അവ നമ്മുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തും. മുന്നേറ്റങ്ങള്‍ക്ക് അതിരുകളിടും. അതുകൊണ്ട് ആദ്യം സ്വതന്ത്രമാകേണ്ടത് ആത്മാവാണ്.
ആത്മാവിന്റെ സ്വാതന്ത്ര്യമാണ് മുഖ്യം. ആത്മാവുകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നാം ആദ്യം പ്രാര്‍ത്ഥിക്കേണ്ടത്. ആത്മാവില്‍ തുറവിയില്ലാത്തവരാണ് മറ്റുള്ളവരുടെയും അവകാശങ്ങളെ, സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്നത്.

Leave a Comment

*
*