Latest News
|^| Home -> Cover story -> ആത്മീയതയുടെ പ്രേമഭാവങ്ങള്‍

ആത്മീയതയുടെ പ്രേമഭാവങ്ങള്‍

sathyadeepam

-ഷൗക്കത്ത്

ജീവിതത്തിന്റെ ലക്ഷ്യം ജീവിതമാകണം. അതിന് ജീവിതത്തോട് അത്രമാത്രം സ്‌നേഹ മുണ്ടാകണം, പ്രണയമുണ്ടാകണം. ജീവിക്കുന്ന ഓരോ നിമിഷവും മരണത്തിലേക്കുള്ള ദൂരത്തെ കുറയ്ക്കുകയാണെന്നറിഞ്ഞ് അത് കഴിയുന്നത്ര ധന്യതയോടെ ജീവിക്കാനുള്ള അന്തരീക്ഷ മൊരുക്കണം. നല്ലത് കാണണം. ശ്രുതിമധുര മായത് കേള്‍ക്കണം. ഹൃദ്യമായത് പറയണം. ആരോഗ്യം നല്കുന്നത് രുചിക്കണം. സ്‌നേഹപൂര്‍വ്വം സ്വയം തൊടണം. ചുറ്റുപാടുമുള്ള പ്രകൃതിയുടെ സ്പര്‍ശമറിയണം. ശുദ്ധവായുവിന്റെ സുഗന്ധമനുഭവിക്കണം. അങ്ങനെ പഞ്ചേന്ദ്രിയങ്ങളെ പ്രകൃതിയിലേക്ക് തുറന്നു വിടാനായാല്‍ ജീവിതത്തിനോടുള്ള സ്‌നേഹം കൂടുതല്‍ ആഴങ്ങളിലേക്ക് ഉണരുന്നത് നാമനുഭവിക്കും. അവിടെയാണ് പ്രണയാതുരമായ ശുദ്ധഹൃദയത്തിന്റെ സാന്നിദ്ധ്യം നാം അനുഭ വിച്ചു തുടങ്ങുക.

ആത്മീയതയും പ്രണയവും രണ്ടല്ല. എപ്പോഴാണ് നാം നമ്മുടെ ഉപരിപ്ലവമായ ജീവിതത്തില്‍ നിന്നും കൂടുതല്‍ സൂക്ഷ്മവും സര്‍ഗ്ഗാത്മകവുമായ ജീവിതത്തിലേക്ക് ഉണരുന്നത് അപ്പോള്‍ നാം ആത്മീയതയിലേക്ക് പ്രവേശിക്കുകയാണ്. അല്ലെങ്കില്‍ പ്രണയത്തിലേക്ക് പ്രവേശിക്കുകയാണ്. അത് ഏതെങ്കിലും ഒന്നിനോടുള്ള പ്രണയമല്ല. മറിച്ച് പ്രണയത്തോടുള്ള പ്രണയമാണ്. അതാണ് ആത്മീയത.
നമ്മുടെ ജീവിതം എന്തിനാണ് എന്നു ചോദിച്ചാല്‍ മുഖ്യമായും പണം, പ്രശസ്തി, അധികാരം എന്നീ മൂന്നു ലോകങ്ങളുടെ ആര്‍ജ്ജിക്കലിനായുള്ള പ്രയത്‌നമാണെന്നു കാണാം. സമ്പാദിക്കേ ണ്ടതിനെക്കുറിച്ച് നാം ഓര്‍മ്മവെച്ച നാള്‍മുതല്‍ കേട്ടുകൊണ്ടിരിക്കുന്നു. കൂടുതല്‍ സമ്പാദിച്ചവരാണ് കൂടുതല്‍ വിജയിച്ചവരെന്ന് കുടുംബവും സമൂഹവും നമ്മോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. അതിനാല്‍ ശാരീരികവും മാനസികവും ബൗദ്ധികവുമായ എല്ലാ ഊര്‍ജ്ജവും നാം അതിനായി വിനിയോഗിക്കുന്നു. വെട്ടിപ്പിടിച്ച് വെട്ടിപ്പിടിച്ച് നാം മരണത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ അതുവരെ സമ്പാദിച്ചതെല്ലാം നമ്മെ നോക്കി പൊട്ടിച്ചിരിക്കും.
ഇവിടെ ഇട്ടുപോകേണ്ടുന്ന സമ്പാദ്യങ്ങളാണ് നാം ജീവന്‍ പണയംവെച്ച് സമ്പാദിച്ചുകൂട്ടുന്നതെല്ലാം. എന്നാല്‍ കൂടെകൊണ്ടു പോകേണ്ട എന്തെങ്കിലും നാം സമ്പാദിക്കുന്നുണ്ടോ? വല്ലപ്പോഴും ഒന്നു മാറിയിരുന്ന് അതും ചിന്തിക്കുന്നത് നല്ലതല്ലേ? ജീവിതത്തി നുവേണ്ടിയാണോ ആര്‍ജ്ജിക്കേണ്ടത് അതോ ആര്‍ജ്ജിക്കാന്‍ വേണ്ടിയാണോ ജീവിക്കേണ്ടത്?
തലമുറകളായി തുടരുന്ന ആ ജീവിതശൈലിയെ തത്തമ്മേ പൂച്ച പൂച്ച എന്നരീതിയില്‍ നാമും പിന്തുടരുകയാണ്. നമുക്കുമുമ്പ് കടന്നുപോയവര്‍ ഇവിടെ ഇട്ടേച്ചു പോയത് വര്‍ദ്ധിപ്പിക്കാനുള്ള തത്രപ്പാടില്‍, എന്തുകൊണ്ടാണ് അവരിത്രയും സമ്പാദിച്ചിട്ടും സമാധാന ത്തോടെ ജീവിക്കാതെ പോയ തെന്ന് നാം ചോദിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതേ പാതയില്‍ സഞ്ചരിച്ചാല്‍ നാമും ആ അസ്വസ്ഥതയുടെ ഇരുട്ടില്‍തന്നെയല്ലേ ചെന്നു പതിക്കുക?
ഇവിടെയാണ് ജീവിതത്തെ കുറച്ചുകൂടി വിശാലമായി നോക്കി ക്കാണേണ്ടതുണ്ടെന്ന് നാം അറിയുക. പണവും പ്രശസ്തിയും അധികാരവും എല്ലാം ഒരളവില്‍ വേണം. എന്നാല്‍ അതിനായല്ല നാം ജീവിക്കുന്നതെന്ന അവബോധ ത്തിലേക്ക് ഉണരുകയും വേണം. ലാവോത്സു എന്ന ചൈനീസ് ദാര്‍ശനികന്‍ പറയും;
മുപ്പതഴികള്‍ കൂടത്തില്‍ ബന്ധിക്കുമ്പോള്‍ വണ്ടിച്ചക്രമായി. അതിനെ ഉപയോഗയോഗ്യമാക്കുന്നത് കേന്ദ്രദ്വാരമാണ്.
മണ്‍കലത്തെ ഉപയോഗയോഗ്യമാക്കുന്നത് അതിനുള്ളിലെ ഒഴിവാണ്.
വീടിന് ചുമരും ജനലും വാതിലും പണിയുന്നു. ഒഴിഞ്ഞ ഇടമാണ് ഭവനത്തെ വാസയോഗ്യമാക്കുന്നത്.
അതിനാല്‍ അറിയുക; ഉള്ളതിന്റെ പ്രയോജനമിരിക്കുന്നത് ഇല്ലായ്മയിലാണ്.
സമാധാനമാണ് ജീവിതല ക്ഷ്യമെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവാ നിടയില്ല. സമാധാനം നിറഞ്ഞ ഒരു ജീവിതം സുസ്ഥിരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭൗതികസാഹചര്യങ്ങള്‍ സൃഷ്ടിക്കുവാനായി മനുഷ്യന്‍ നെട്ടോട്ടമോടുന്നത്. സമാധാനപരമായ ജീവിതത്തിന് അത് അത്യാവശ്യം തന്നെയാണ്. എന്നാല്‍ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനനുസരിച്ച് സമാധാനം കൂടുന്നതായി കാണുന്നില്ല. ഈ യാഥാര്‍ത്ഥ്യത്തിലേക്ക് കണ്ണുതുറന്നു നോക്കാന്‍ നാം ഒരിക്കലും തയ്യാറാവുന്നുമില്ല. എവിടെയാണ് നമുക്ക് പിഴച്ചത്?
ഇത്തിരിനാള്‍ ഈ ഭൂമിയില്‍ ജീവിച്ച് കടന്നുപോകേണ്ടവരാണ് നാം. ഇതിനുമുമ്പ് ഒരു ജീവി തമുണ്ടായിരുന്നോ എന്ന് നമുക്കറിയില്ല. മരണശേഷം ജീവിതം തുടരുമോ എന്ന കാര്യത്തിലും യാതൊരു ഉറപ്പുമില്ല. എന്നാല്‍ നമ്മുടെ അറിവില്‍ ഈ ജീവിതം സത്യമായാണ് അനുഭവപ്പെടുന്നത്. ആ ജീവിതമാണെങ്കില്‍ കുറച്ചുനാള്‍ മാത്രമേയുള്ളൂ. ഇതെല്ലാം നമുക്കറിയാവുന്നതാണ്. എന്നിട്ടും നമ്മുടെ ആവശ്യങ്ങളുടെ ആധിക്യം കാണുമ്പോള്‍ നമുക്ക് മരണമില്ലെന്നു ഉറപ്പിച്ച മട്ടാണ്.
താമസിക്കാനായി വീടു പണി യുന്നു. മനോഹരമായ ചുമരുകള്‍. വിലകൂടിയ മരങ്ങളുപയോഗിച്ച് മോടിപിടിപ്പിച്ച വാതിലുകളും ജന ലുകളും. വിലകൂടിയ ഗ്രാനൈറ്റിട്ട തറ. ഇത്രയൊക്കെ ചെലവഴിച്ചത് ആ ഒഴിഞ്ഞുകിടക്കുന്ന ഇടത്തെ അനുഭവിക്കാന്‍ വേണ്ടിയാണ്. ഒഴിഞ്ഞ ഇടമാണ് നമ്മുടെ മുറി. ജീവിതത്തെ സംബന്ധിച്ചും ഇതു തന്നെയാണ് സത്യം. എന്നെങ്കിലും ഒന്നൊഴിഞ്ഞിരിക്കണമെന്നു കരുതിയാണ് എല്ലാ സാഹചര്യങ്ങളും ഒരുക്കുന്നത്. എന്നാല്‍ ഒരിക്കലും നാം ഒഴിഞ്ഞിരിക്കുന്നില്ല. ഒഴിഞ്ഞിരിക്കാനായി പലതും വാരിക്കൂട്ടിക്കൊണ്ടിരിക്കുക മാത്രമെ ചെയ്യുന്നുള്ളൂ. അത് ചുമരുകെട്ടി നിറക്കുന്നതു പോലെയാണ്. ഇടുങ്ങിയ മുറിയും അമ്പതടി വീതിയില്‍ കെട്ടിയ ചുമരുകളും ഒന്നു സങ്കല്പിച്ചു നോക്കുക. ആശ്വാസത്തോടെ ശ്വസിക്കാന്‍പോലുമാ വാതെ ഇടുങ്ങിയ മുറിയില്‍ നാം അസ്വസ്ഥരായി കഴിയേണ്ടി വരും. എല്ലാ സുഖസൗകര്യങ്ങളോടെയും അടച്ചുറപ്പോടെയും നിര്‍മ്മിച്ച വീട്ടില്‍ ഭയവിഹ്വലരായി കഴിയുന്ന വീട്ടുടമസ്ഥരെപ്പോലെയാണ് നമ്മുടെ ജീവിതം. ചന്ദനത്തിരി കത്തിച്ച് മുറിമുഴുവന്‍ സുഗന്ധം കൊണ്ടുനിറച്ച ബുദ്ധിമാനായ സൗമ്യശാലിയുടെ കഥ നാം കേട്ടിട്ടുണ്ട്. ചപ്പും ചവറും കുറഞ്ഞ വിലയ്ക്കു വാങ്ങി മുറി മുഴുവന്‍ കുത്തിനിറച്ച വിഡ്ഢിയായ മനുഷ്യന്‍ നമുക്ക് മാതൃകയാവാതിരിക്കട്ടെ.
സമാധാനംനിറഞ്ഞ നിമിഷങ്ങളില്‍ ആവശ്യങ്ങള്‍ കുറവായിരിക്കും. ആവശ്യങ്ങള്‍ക്കുമേല്‍ ആ വശ്യങ്ങള്‍ വന്നുനിറയുന്ന ബോധം അസ്വസ്ഥമായിരിക്കും. ആവശ്യങ്ങള്‍ നിറവേറുമ്പോള്‍ കൂടുതല്‍ സമാധാനം ലഭിക്കുമെന്നു നാം ധരിക്കുന്നു. ഓരോ നിറവേറലും കൂടുതല്‍ ആവശ്യങ്ങളെ സൃഷ്ടിക്കുന്നതായാണ് അനുഭവം. ആവശ്യങ്ങളെ പരിമിതപ്പെടുത്തിയാല്‍ മാത്രമെ ഹൃദയത്തില്‍ ഒഴിവുണ്ടാകൂ. ഹൃദയത്തില്‍ ഒഴിവുണ്ടായാലേ സമാധാനമുണ്ടാകൂ. ഇതൊന്നും പുതിയ അറിവല്ല. നാം സദാ അനുഭവിക്കുന്നതാണ്. ഈ അറിവിനു മുകളില്‍ ധ്യാനനിരതരാവാന്‍ നാം തയ്യാറാവുന്നില്ലെന്നു മാത്രം.
പുല്ലാങ്കുഴലില്‍നിന്നും സംഗീതം ഒഴുകിവരുന്നത് അതിനകം പൊള്ളയായതുകൊണ്ടാണ്. ജീവിതവും അങ്ങനെയായിരിക്കണം. ഭൗതികവും ആത്മീയവുമായ ആര്‍ജ്ജിക്കലുകളെല്ലാം ഹൃദയത്തില്‍ ഒഴിവനുഭവിക്കാന്‍ ഉതകുന്നതാവണം. എങ്കില്‍ മാത്രമെ സമാധാനത്തിന്റെ നാദധാര ജീവിതത്തിന്റെ അന്തര്‍ധാരയായി ഒഴു കിയെത്തുകയുള്ളൂ. എല്ലാവരും പറയാറുണ്ട്; എല്ലാം ഒന്ന് സെറ്റില്‍ ചെയ്തിട്ടുവേണം കുറച്ചു നാള്‍ വെറുതെയിരിക്കാന്‍ എന്ന്. ആ അനങ്ങാതിരിക്കല്‍, ഒഴിഞ്ഞിരിക്കല്‍, അനുഭവിക്കാനാണ് എല്ലാം ഉണ്ടാ ക്കുന്നത്. അതു മറക്കാതിരിക്കണം. അല്ലാതെ വേണ്ടതും വേണ്ടാത്തതുമെല്ലാം വാരിക്കൂട്ടി സ്വന്തമാക്കാന്‍ വേണ്ടിയല്ല നാം ജീവിക്കുന്നത്. അല്ലെങ്കില്‍ ജീവിക്കേണ്ടത്.
ഒഴിവ് ഒരു കുറവല്ല. അതു ശക്തിയാണ്, നിറവാണ്. ശരീരത്തെയും മനസ്സിനെയും ഉപയോഗയോ ഗ്യമാക്കണമെങ്കില്‍ ചിന്തയുടെ ഒഴിവുണ്ടാകണം. ചിന്തകളുടെ ആവരണമൊഴിയുമ്പോള്‍ മാത്രമെ സഹജനിലയില്‍ നമുക്ക് നമ്മെ അനുഭവിക്കാനാകൂ. അപ്പോള്‍ മാത്രമെ നാം ഉപയോഗയോഗ്യരാവുന്നുള്ളൂ. ജീവിച്ചിരിക്കുന്നതിന്റെ മഹത്ത്വം അറിയുന്നത് ആ ഒഴിവിന്റെ ശാന്തിയിലാണ്. പൂര്‍ണ്ണമായ ഒഴിവിലാണ് നിറവനുഭവിക്കാനാ വുക. അതിനാല്‍ ഉള്ളതിന്റെ പ്രയോജനമിരിക്കുന്നത് ഇല്ലായ്മയി ലാണെന്ന് ലാവോത്സു പറയുന്നത് എത്ര സത്യം.
സോക്രട്ടീസിനെയാണ് ഓര്‍മ്മ വരുന്നത്. ”എനിക്കൊന്നും അറിയില്ലെന്ന് എനിക്കറിയാം. അതാണ് ഏറ്റവും വലിയ അറിവെങ്കില്‍ ആ അറിവെനിക്കുണ്ട്.” അദ്ദേഹം പറയുന്നു. മഹത്തായ അറിവാണത്. ഒന്നും അറിയില്ലെന്നും അറി യാനാവില്ലെന്നും അറിയുക. ആ അറിവില്ലായ്മ ഒരു വലിയ ഒഴിവ് ബോധത്തിലുണ്ടാക്കുന്നു. അവിടെ പിന്നെ വന്നു നിറയുക ആഴമേറിയ അറിവാണ്. ആ നിറവിന്റെ ശക്തി അഭയമാണ്. അഭയത്തിലായതിനാലാവാം സോക്രട്ടീസിന് മൗനമന്ദഹാസത്തോടെ മരണത്തെ സ്വീകരിക്കാനായത്. മരണത്തിനു മുമ്പേ മരിക്കാന്‍ കഴിഞ്ഞതിന്റെ മഹത്ത്വമാണത്.
വണ്ടിച്ചക്രത്തിന്റെയും കുടത്തിന്റെയും മുറിയുടെയും ഉദാഹരണത്തിലൂടെ ഉള്ളതിന്റെ പ്രയോജനമിരിക്കുന്നത് ഇല്ലായ്മയിലാണെന്ന് ലാവോത്സു പറയുമ്പോള്‍ സോക്രട്ടീസും ബോധിധര്‍മ്മനും യേശുക്രിസ്തുവും രമണമഹര്‍ഷി യുമെല്ലാം ഉള്ളില്‍ വന്നുനിറയുന്നു. അവരെയെല്ലാം സ്മരിക്കുമ്പോള്‍ ഉള്ളില്‍നിന്നും എന്തൊക്കെയോ അഴിഞ്ഞുവീഴാനും ഒഴി ഞ്ഞുപോകാനും തുടങ്ങും. ഒഴിവ നുഭവപ്പെടുന്ന ഇടങ്ങളിലേക്കാണ് നാം അറിഞ്ഞോ അറിയാതെയോ ആകൃഷ്ടരാവുന്നത്. സകല മഴിഞ്ഞു തണിഞ്ഞ് കേവലത്തിന്‍ മഹിമയുമറ്റ് മഹസ്സിലാണിടേണ മെന്ന് നാരായണഗുരു പറയുന്നതും ഈ ഇല്ലായ്മയുടെ മഹത്ത്വ മറിഞ്ഞതിനാലാണ്.
എല്ലാം കഴിഞ്ഞിട്ടുവേണം ഒന്ന് ഒഴിഞ്ഞിരിക്കാന്‍ എന്നു പറയാത്തവരായി ആരുമില്ല. എല്ലാം കഴിഞ്ഞിട്ട് ഒന്നു നിറഞ്ഞിരിക്കണം എന്ന് ആരും പറയാറില്ല. അപ്പോള്‍ നമ്മുടെ ജീവന്‍, ജീവിതം എന്താണ് ആഗ്രഹിക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍ ആ സഹജമായ ആഗ്രഹത്തെ പൂര്‍ത്തീകരിക്കാന്‍ നമുക്കാവുന്നില്ല. നാം ആരൊക്കെയോ പറഞ്ഞ ജീവിതലക്ഷ്യങ്ങളില്‍ മനസ്സുടക്കി കിടക്കുകയാണ്. ആ ചെകുത്താ നില്‍നിന്നാണ് നമുക്ക് ആദ്യം മോക്ഷം വേണ്ടത്.
ജീവിതത്തിന്റെ ലക്ഷ്യം ജീവിതമാകണം. അതിന് ജീവിതത്തോട് അത്രമാത്രം സ്‌നേഹമുണ്ടാകണം. പ്രണയമുണ്ടാകണം. ജീവിക്കുന്ന ഓരോ നിമിഷവും മരണത്തിലേക്കുള്ള ദൂരത്തെ കുറയ്ക്കുകയാണെന്നറിഞ്ഞ് അത് കഴിയുന്നത്ര ധന്യതയോടെ ജീവിക്കാനുള്ള അന്തരീക്ഷമൊരുക്കണം. നല്ലത് കാണണം. ശ്രുതി മധുരമായത് കേള്‍ക്കണം. ഹൃദ്യമായത് പറയണം. ആരോഗ്യം നല്കുന്നത് രുചിക്കണം. സ്‌നേഹപൂര്‍വ്വം സ്വയം തൊടണം. ചുറ്റുപാടുമുള്ള പ്രകൃതിയുടെ സ്പര്‍ശമറിയണം. ശുദ്ധവായുവിന്റെ സുഗന്ധ മനുഭവിക്കണം. അങ്ങനെ പഞ്ചേന്ദ്രിയങ്ങളെ പ്രകൃതിയിലേക്ക് തുറന്നുവിടാനായാല്‍ ജീവിതത്തി നോടുള്ള സ്‌നേഹം കൂടുതല്‍ ആഴങ്ങളിലേക്ക് ഉണരുന്നത് നാമനുഭവിക്കും. അവിടെയാണ് പ്രണയാതുരമായ ശുദ്ധഹൃദയത്തിന്റെ സാന്നിദ്ധ്യം നാം അനു ഭവിച്ചു തുടങ്ങുക.
മനസ്സിന്റെ വിശുദ്ധിയിരിക്കുന്നത് കൊടുക്കുന്നിടത്താണ്. നമ്മുടെ വിലപ്പെട്ട സമയത്തെ, നമ്മിലുള്ളതെന്തോ അതിനെ നമുക്കടുത്തിരിക്കുന്നവരിലേക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാകു മ്പോള്‍ നാം അനുഭവിക്കുന്ന ഒരു ധന്യതയുണ്ട്. വിശന്നിരിക്കുന്ന ഒരാള്‍ക്ക് തന്റെ അന്നത്തിന്റെ ഒരു ഭാഗം നല്കുകയും അവനത് കഴിച്ച് നന്ദിയോടെ നമ്മുടെ കണ്ണിലേക്കു നോക്കി കടന്നുപോകുകയും ചെയ്യുമ്പോള്‍ നാം അനുഭവിക്കുന്ന ഒരനുഭൂതിയുണ്ട്. വേദനയോടെ കഴിയുന്ന സുഹൃത്തിന്റെ തോളില്‍തട്ടി ഞാനുണ്ട് കൂടെ എന്ന് പറയാതെ പറഞ്ഞ് അടുത്തിരിക്കുമ്പോള്‍ അയാളില്‍ നിറയുന്ന ആശ്വാസം കണ്ണില്‍ തിളക്കമായി വിടരുന്നതു കണ്ട് നമ്മുടെ ഹൃദയം വികസിതമായിത്തീരുമ്പോള്‍ അനുഭവമായി വരുന്ന ഒരനുഭൂതിയുണ്ട്. അതെല്ലാം നമ്മെ ആത്മീയതയുടെ, പ്രണയത്തിന്റെ ലോകങ്ങളിലേക്ക് വഴിതെളിക്കുന്ന ദീപങ്ങളാണ്.
ഞാനാണോ ശരി, നീയാണോ ശരി എന്ന വാദങ്ങളില്‍നിന്നും ബുദ്ധിയെ നിവര്‍ത്തിച്ച് ലോകത്തുണ്ടായിട്ടുള്ള ദര്‍ശനങ്ങളായ ദര്‍ശനങ്ങളെല്ലാം മനുഷ്യജീവിതത്തെ ഉദാത്തതയിലേക്കുണര്‍ത്താ നുണ്ടായിട്ടുള്ള അനുഗ്രഹങ്ങളാണെന്നറിഞ്ഞ് സ്വീകരിക്കാനാവുമ്പോള്‍ സംഭവിക്കുന്ന മഹത്തായ ഒരു തെളിച്ചമുണ്ട്. ബുദ്ധിയുണര്‍ന്ന് ആകാശത്തെ സ്പര്‍ശിക്കുന്ന അനുഗ്രഹമാണത്. എല്ലാ പ്രവാചകന്മാരും ദാര്‍ശനികന്മാരും കവികളും എന്നുവേണ്ട ആകെ ലോകത്തിന്റെ ആകെ നന്മയെ സ്വപ്നം കണ്ടിട്ടുള്ള എല്ലാ ആത്മാക്കളും നമ്മുടെത്തന്നെ ഭാഗമായി മാറുന്ന ആ പുണ്യത്തിലാണ് നാം ആത്മീയത പ്രണയമാണെന്ന് തിരിച്ചറിയുക. അത് അതിരുകളില്ലാത്ത ആകാശമാണെന്ന് അനുഭവിക്കുക.
സദാ കര്‍മ്മനിരതമായിരിക്കുന്ന ജീവിതത്തെ അതിന്റെ ധൃതികളില്‍നിന്നും വല്ലപ്പോഴുമൊന്നു മോചിപ്പിച്ച് പ്രകൃതിയുടെ മൗനത്തിലേക്ക് സ്വയം വിട്ടുകൊടുക്കുമ്പോള്‍ അകമേ വന്നു നിറയുന്ന ഒരു മൗനമുണ്ട്. നാം പോലുമറിയാതെ കണ്ണടഞ്ഞുപോകുന്ന ആ മൗനത്തിലാണ് നാം നമ്മെ, നമ്മുടെ സഹജനിലയെ ആഴത്തിലനു ഭവിക്കുക. ജീവിതം എന്നത്, ജീവിക്കുക എന്നത് എത്ര അനുഗൃഹീതമായ അനുഭവമാണെന്ന് നാം അനുഭവിക്കുക ആ മൗനത്തിന്റെ നിറനിലാവിലാണ്. ഇത്രയും ശുദ്ധവും സ്വച്ഛവുമായ ഒരാത്മാവുമാ യാണല്ലോ നാം പിറന്നുവന്നതെന്ന് നാം ആശ്ചര്യംകൊള്ളും. അനാവശ്യമായ ചിന്തകളാലും വാക്കുകളാലും കര്‍മ്മങ്ങളാലും എത്രയോ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമാണ് നാം സ്വയം നിരര്‍ത്ഥകമാക്കിത്തീര്‍ക്കുന്നതെന്ന് അവിടെ ബോധോദയമുണ്ടാകും. ജീവിതത്തോട് നാം എത്രമാത്രം ഉത്തരവാദിത്തമുള്ളവരാകണമെന്ന് ഉണര്‍ത്തിക്കുന്ന ആ മൗനനിമിഷങ്ങളിലാണ് ആത്മീയതയുടെ, പ്ര ണയത്തിന്റെ മഹിമ നാം അറിയുക.
അതെ. ജീവിതം ജീവിക്കാനുള്ളതാണ്. അത് ആഴങ്ങളെ അനുഭവിക്കാനുള്ളതാണ്. അവരവരുടെ സത്തയിലേക്ക് ഉണരാനുള്ളതാണ്. തൊലിപ്പുറത്ത് അഭിരമിക്കുന്ന ആ അല്പത്വത്തെ തിരിച്ചറിഞ്ഞ് മജ്ജയും മാംസവും രക്തവുമൊക്കെയായിരിക്കുന്ന ആസൂക്ഷ്മതയെ ആഴത്തിലനുഭവിക്കാനുള്ള പ്രണയത്തിലേക്ക് നമ്മുടെ ബോധത്തെ ഉണര്‍ത്താന്‍ നമുക്കാവണം. എങ്കിലേ ഇവിടം വിട്ടു പോകുമ്പോള്‍ കൂടെ കൊണ്ടുപോകാനുള്ള സമ്പത്ത് നാം ആര്‍ജ്ജിക്കുകയുള്ളൂ. അല്ലെങ്കില്‍ ഉണ്ടാക്കിയതെല്ലാം ഇവിടെ ഉപേക്ഷിച്ച് ദരിദ്രമനസ്സോടെ നാം കടന്നുപോകേണ്ടിവരും. അതിനേക്കാള്‍ വലിയൊരു ദുരന്തം മനുഷ്യബോധത്തിന് അനുഭവിക്കാനില്ല.
എല്ലാ ഗുരുക്കന്മാരും എന്നും എപ്പോഴും ഉണര്‍ത്തിച്ചുകൊണ്ടിരുന്നത് അതുതന്നെയാണ്. പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും നീ നിന്റെ ദൈവത്തെ സ്‌നേഹിക്കുക എന്ന്. എപ്പോഴാണോ നാം നമ്മുടെ ജീവിതത്തെ ആ അര്‍ത്ഥത്തില്‍ സ്‌നേഹിക്കാന്‍ തുടങ്ങുന്നത് അപ്പോള്‍ ആ സ്‌നേഹം ദൈവ സ്നേഹമായി മാറും. അവിടെ ആത്മീയത എന്തെന്ന്, പ്രണയം എന്തെന്ന് നാം അനുഭവിക്കും. ആ അനുഭൂതിയില്‍ എല്ലാ വിഭാഗീയ തകളും അറ്റുവീഴും. ദൈവമേ എന്ന് നാം അറിയാതെ വിളിച്ചുപോകും.

Leave a Comment

*
*