ഇരുപത്തഞ്ചാം സീറോ-മലബാര്‍ സിനഡ്: ഒരു വിശകലനം

ഇരുപത്തഞ്ചാം സീറോ-മലബാര്‍ സിനഡ്: ഒരു വിശകലനം

ഫാ. പോള്‍ റോബിന്‍ തെക്കത്ത്
കൂരിയ വൈസ് ചാന്‍സലര്‍
മൗണ്ട് സെന്‍റ് തോമസ്, കാക്കനാട്

സീറോ-മലബാര്‍ മെത്രാന്മാരുടെ ഇരുപത്തിയഞ്ചാമത് സിനഡിന്‍റെ ഒന്നാം സെഷന്‍ 14 ജനുവരി വൈകുന്നേരം 6 മണി ക്ക് പര്യവസാനിച്ചു. ജനുവരി 9, തിങ്കളാഴ്ച്ച 10 മണിക്കാണ് സിനഡ് ആരംഭിച്ചത്. ഒരു വര്‍ഷത്തില്‍ രണ്ടു തവണയാണ് സിനഡ് നടത്തപ്പെടുന്നത്. സിനഡിന്‍റെ ഒന്നാം സെഷന്‍ ജനുവരിയിലും രണ്ടാം സെഷന്‍ ആഗസ്റ്റ് അവസാനത്തിലുമാണ് സാധാരണയായി നടക്കാറുള്ളത്. ജനുവരി മാസത്തില്‍ ഒരാഴ്ചയും ആഗസ്റ്റ് മാസത്തില്‍ രണ്ടാഴ്ചയുമാണ് സിനഡ് നീണ്ടുനില്‍ക്കുന്നത്.
ഇക്കഴിഞ്ഞ സിനഡ് പല കാരണങ്ങളാല്‍ എടുത്തു പറയപ്പെടേണ്ട ഒരു സിനഡ് ആണ്. സിനഡ് തുടങ്ങി 4-ാം ദിവസം വ്യാഴാഴ്ച ജനുവരി 12-ാം തീയതി സീറോ- മലബാര്‍ സഭയിലെ മെത്രാന്മാരെല്ലാവരും ഒരുമിച്ച് വൈദികരോടും സന്ന്യസ്തരോടും വിശ്വാസികളോടും കൂടി തീവ്രവാദികളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്ന ഫാ. ടോം ഉഴുന്നാലില്‍ എസ്.ഡി.ബി. യുടെ മോചനത്തിനായി എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ വൈകുന്നേരം ഏഴു മണി മുതല്‍ ഒരു മണിക്കൂര്‍ ആരാധന നടത്തി പ്രാര്‍ത്ഥിച്ചു. സീറോ-മലബാര്‍ സഭാതനയനായ അച്ചന്‍റെ സഹനത്തില്‍ സഭ എത്രത്തോളം ഒപ്പം നില്ക്കുന്നുണ്ട് എന്നതിന്‍റെ ഒരു ഉത്തമ ഉദാഹരണമാണിത്. ഇതിനുപുറമേ അച്ചന്‍റെ മോചനത്തിനായി ഒരു കാറോസൂസാ പ്രാര്‍ത്ഥനയും എല്ലാ ഇടവകകളിലും ദിവസവും ചൊല്ലുവാനായി സിനഡ് തീരുമാനിച്ചു. സഭാതനയനായ വൈദികനുവേണ്ടി സഭാമക്കള്‍ പ്രാര്‍ത്ഥിക്കുന്നത് കേട്ടപ്പോള്‍ സഭയിലെ ഓരോ പുരോഹിതനും വിലപ്പെട്ടതാണെന്നും പുരോഹിതന്‍റെ ശുശ്രൂഷയില്‍ താങ്ങും തണലുമായി സഭാ മക്കള്‍ എന്നും കൂടെയുണ്ടാകുമെന്നും തോന്നിപ്പോയി.
രണ്ടാമതായി കഴിഞ്ഞ സിനഡില്‍ നടന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം 2016 ആഗസ്റ്റ് മാസത്തില്‍ നടന്ന സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി സംബന്ധിച്ചുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്‍റെ അജപാലന പ്രബോധനരേഖയുടെ പ്രകാശനമാണ്. അസംബ്ലിയിലെ മുഖ്യ വിഷയങ്ങളായ ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നിവയെക്കുറിച്ച് പ്രതിപാദിച്ചതിനുശേഷം വിവിധ തലങ്ങളില്‍ നടപ്പാക്കേണ്ട കര്‍മ്മപരിപാടികളെക്കുറിച്ചും ഈ രേഖയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
സിനഡിന്‍റെ അവസാന ദിവസം ശനിയാഴ്ച ജനുവരി 14-ാം തീയതി സീറോ-മലബാര്‍ സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി ഉയര്‍ത്തിയതിന്‍റെ രജതജൂബിലി ഉദ്ഘാടന ചടങ്ങ് നടന്നു. 1990-ല്‍ പുതിയ പൗരസ്ത്യ കാനോനാസംഹിത (Code of Canons of the Eastern Churches) പ്രസിദ്ധീകരിച്ചപ്പോള്‍ പരിശുദ്ധ സിംഹാസനത്തെ ആശ്രയിക്കുന്ന രണ്ട് സ്വതന്ത്ര മെത്രാപ്പോലീത്തന്‍ പ്രവിശ്യകളായിട്ടാണ് (Metropolitan provinces) സീറോ മലബാര്‍ സഭ നിലനിന്നിരുന്നത്. 1992 ഡി സംബര്‍ 16-ന് 'ക്വേ മയോരി' (Que Majori) എന്ന ശ്ലൈഹികസ്ഥാപകരേഖവഴി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സീറോ-മലബാര്‍ സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി (Major Archiepiscopal Church) ഉയര്‍ത്തി. മേജര്‍ ആര്‍ക്കി-എപ്പിസ്കോപ്പല്‍ പദവിയിലേയ്ക്ക് സീറോ-മലബാര്‍ സഭയെ ഉയര്‍ത്താന്‍ മുഖ്യമായി മൂന്ന് കാരണങ്ങളാണ് സ്ഥാപകരേഖയില്‍ മാര്‍പാപ്പ ഉദ്ധരിക്കുന്നത്.
ഒന്നാമതായി, സഭയുടെ ശ്ലൈഹിക ആരംഭം. രണ്ടാമതായി, ആദരണീയമായ ആദ്ധ്യാത്മിക പൈതൃകം. മൂന്നാമതായി, നൂറ്റാണ്ടുകളിലൂടെ പ്രതിസന്ധികളെ തരണം ചെയ്ത് ഉറപ്പുള്ള ഒരു ഘടനയിലേയ്ക്കുള്ള സഭയുടെ വളര്‍ച്ച. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയുടെ രജതജൂബിലി നിറവില്‍ നില്‍ക്കുമ്പോള്‍ സീറോ-മലബാര്‍ സഭയില്‍ മൊത്തം 32 രൂപതകള്‍ ഉണ്ട്. അതില്‍ 18 രൂപതകള്‍ സഭാ അതിര്‍ത്തിക്കുള്ളിലും (Proper Territory)  14 രൂപതകള്‍ സ ഭാ അതിര്‍ത്തിക്ക് പുറത്തുമാണ്. ഇതില്‍ മൂന്ന് രൂപതകള്‍ ഇന്ത്യയ്ക്ക് പുറത്താണ്. ഈ രൂപതകളോടൊപ്പം കാനഡയില്‍ ഒരു എക്സാര്‍ക്കിയും, ഭാരതത്തിലും, ന്യൂസിലന്‍ഡിലും, യൂറോപ്പിലുമടക്കം മൂന്ന് അപ്പസ്തോലിക് വിസിറ്റേഷനും സഭയ്ക്കുണ്ട്. ഈ വര്‍ഷം സീറോ മലബാര്‍ സഭയിലെ മാത്രം രൂപതകള്‍ക്കും സഭാസമൂഹങ്ങള്‍ക്കുമായി 309 പേരാണ് വൈദികപട്ടം സ്വീകരിച്ചിരിക്കുന്നത്.
സിനഡിന്‍റെ അവസാനദിവസം ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ്സ് തറയിലച്ചനെ സിനഡ് തിരഞ്ഞെടുത്ത സന്തോഷവാര്‍ത്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എല്ലാവരേയും അറിയിച്ചു. നിയുക്തമെത്രാനടക്കം 59 മെത്രാന്മാരാണ് ഇപ്പോള്‍ സീറോ-മലബാര്‍ സഭയിലുള്ളത്. അതില്‍ 17 മെത്രാന്മാര്‍ മേല്‍പ്പട്ട ശുശ്രൂഷയില്‍ നിന്ന് വിരമിച്ചവരാണ്. നിയുക്ത മെത്രാനടക്കം എട്ടു സഹായമെത്രാന്മാരാണ്….
….ഇന്ന് സീറോ മലബാര്‍ സഭയില്‍ ഉള്ളത്.
1998 മാര്‍ച്ച് 14-ാം തീയതി വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സീറോ-മലബാര്‍ മെത്രാന്മാരുടെ സിനഡിനെഴുതി, യാത്രയുടെ നല്ലൊരു ഭാഗം പൂര്‍ത്തിയായി പക്ഷേ ഇനിയും കുറെ ചെയ്യുവാനായി ബാക്കിയുണ്ട്, എന്തെന്നാല്‍ നിങ്ങളുടെ വെളിച്ചം മലമുകളില്‍ വെച്ചിട്ടുള്ള വെളിച്ചം പോലെ ലോകത്തെ പ്രകാശിപ്പിക്കട്ടെ. എല്ലാവര്‍ക്കും ഇതില്‍നിന്ന് പ്രചോദനവും സഹായവും ലഭിക്കുമാറാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org