എല്ലാവരും കുമ്പസാരിക്കണം

എല്ലാവരും കുമ്പസാരിക്കണം

ഫാ. ജോസ് പാലാട്ടി സി.എം.ഐ.

ക്രിസ്തുമതവും അതിന്‍റെ ആത്മീയതയും ആരുടെയെങ്കിലും കുത്സിത പ്രവര്‍ത്തനങ്ങളാലോ പ്രസ്താവനയാലോ തകര്‍ന്നു പോകുന്നതല്ല. അവയ്ക്ക് മങ്ങലേക്കാം; എന്നാല്‍ പരിഹരിക്കപ്പെടാവുന്നതാണ്. ക്രിസ്തു കേന്ദ്രീകൃതവും പരിശുദ്ധാത്മനിവേശിതവുമായ സഭ എന്നും "തിരുസഭ"യായിരിക്കും.

അടുത്തകാലത്ത് കേരളത്തിലും ലോകത്ത് പലേടത്തും ഉണ്ടായിട്ടുള്ള സുനാമി, ജലപ്രളയം തുടങ്ങിയ അത്യാഹിതങ്ങള്‍ പ്രകൃത്യാ സംഭവിക്കുന്നവയാണ് (Natural Calamities). ഇവ ദൈവം അറിയുന്നുവെന്നല്ലാതെ ദൈവം വരുത്തുന്നുവെന്ന് പറയാനാവില്ല! പക്ഷേ, മനുഷ്യന്‍മൂലം ലോകത്തും സഭാതലത്തിലും പതിവില്ലാത്തവിധം ഇക്കാലങ്ങളില്‍ നടക്കുന്ന വിനാശങ്ങള്‍ക്ക് (Man made Calamities) മനുഷ്യന്‍ ഉത്തരവാദിയാണ്. ആത്മീയ നേതൃത്വതലങ്ങളില്‍ ഉണ്ടായിട്ടുള്ള മൂല്യച്യുതി, അധാര്‍മികത, ധനാസക്തി, അധികാര പ്രമത്തത, ശുശ്രൂഷാമനോഭാവത്തിന്‍റെ അഭാവം കിടമത്സരം, കെടുകാര്യസ്ഥത… ഇങ്ങനെ ഒട്ടവനവധി കാര്യങ്ങള്‍ ആത്മീയതയുടെ പരിവേഷത്തില്‍ സഭാംഗങ്ങളെ ഒറ്റു കൊടക്കുന്നു! അധികാരവെല്ലുവിളികളും, ചോദ്യം ചെയ്യുന്നവരെ അടിച്ചമര്‍ത്തുന്ന 'ഇദിയമീന്‍' ഭീകരതയും ക്രിസ്തീയമല്ലതന്നെ; ഇവയൊരിക്കലും വചനാധിഷ്ഠിതമോ യേശുവിന്‍റെ മനോഭാവത്തിനു നിരക്കുന്നതോ അല്ല; വീണ്ടും, ആദിമസഭയില്‍ പ്രകാശിതമായ കൂട്ടായ്മയുടെ രീതിയുമല്ല. ഈ സാഹചര്യത്തില്‍ ആത്മീയപുനര്‍ചിന്തനത്തിന് സഹായകമായ ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ:

മനുഷ്യന്‍ നിസ്സഹായന്‍
മനുഷ്യനിര്‍മിതമായ അത്യാഹിതങ്ങള്‍ക്ക് മനുഷ്യന്‍ പ്രിതിവിധി തേടണം; പക്ഷേ അവന് തനിയെ അത് സാധ്യമല്ല. ആ സ്ഥിതിയില്‍ പ്രതിവിധിക്കായി തീവ്രതരമായി ആഗ്രഹിക്കുന്നതോടൊപ്പം, ഉന്നതങ്ങളിലുള്ള ശക്തിക്കായി പ്രാര്‍ത്ഥിക്കുകയും വേണം. അതിനാല്‍ ഈ യജ്ഞം ദൈവിക- മാനുഷിക (DivineHuman) പ്രവൃത്തിയാണ്.

എല്ലാവരും കുമ്പസാരിക്കണം
കുറെനാള്‍മുമ്പ് കേരള ഹൈക്കോടതിയിലെ ഒരു വക്കീല്‍, വക്കീല്‍ പണി ഉപേക്ഷിച്ച് പൂര്‍ണ സമയം വചനപ്രഘോഷകനായിത്തീര്‍ന്നു. തിരക്കിട്ട പ്രസംഗപരിപാടികള്‍ക്കിടയിലും, പലപ്പോഴും അദ്ദേഹം ദൈവദാസനായ ബ. കനീഷ്യസ് അച്ചനെ പരിയാരത്തുചെന്ന് കാണുമായിരുന്നു. പ്രാര്‍ത്ഥിക്കാനും ആലോചനചോദിക്കാനുമായി. ഒരിക്കലദ്ദേഹത്തിന് ഒരുവലിയ കണ്‍വെന്‍ഷന് പ്രസംഗിക്കാനുണ്ടായിരുന്നു. അക്കാര്യം പറഞ്ഞ്, പ്രാര്‍ത്ഥന ആവശ്യപ്പെട്ട് ബ. കനീഷ്യസച്ചനെ സമീപിച്ചു. ചുരുങ്ങിയ വാക്കുകളിലെ ദൈവദാസന്‍റെ ഉത്തരം ഇങ്ങനെ: 'മാത്യുസാറേ, നന്നായിട്ടൊന്ന് കുമ്പസാരിച്ചാല്‍ മതി.'

വക്കീല്‍ സാറിന് കുമ്പസാരത്തിന്‍റെ പൊരുള്‍ ആദ്യം പിടികിട്ടിയില്ല. പിന്നീട് വളരെ ചിന്തിച്ച് പ്രാര്‍ത്ഥിച്ചതിനുശേഷമാണത്രേ കാര്യംപിടികിട്ടിയത്. നല്ലൊരു കുമ്പസാരത്തിനുശേഷം വലിയൊരു യാഥാര്‍ത്ഥ്യം അനുഭവവും ബോധ്യവുമായി! ഇക്കാര്യം മാത്യു സാര്‍ തന്നെ ഈ ലേഖകനോട് പറഞ്ഞതാണ്.

അനുതാപത്തോടെ തെറ്റുകള്‍ ഏറ്റുപറയാനോ പരസ്പരം ക്ഷമിച്ച് അംഗീകരിക്കാനോ പറ്റാത്തതാണിന്നത്തെ വലിയ പ്രതിസന്ധിക്കു കാരണം.

കുമ്പസാരത്തില്‍ സംഭവിക്കുന്നത്.
യേശു തമ്പുരാന്‍ പഠിപ്പിച്ച ധൂര്‍ത്തപുത്രന്‍റെ ഉപമയിലെ പ്ര ധാന ഘടകങ്ങള്‍ :

* ആത്മബോധം (Self Awareness) അപ്പോള്‍ അവനു സു ബോധമുണ്ടായി (ലൂക്കാ 15:17).

* തെറ്റിനെക്കുറിച്ച് അനുതാപമുണ്ടായി (Repentance).

* തെറ്റ് ഏറ്റുപറയാനുള്ള സന്നദ്ധതയും പാപസാഹചര്യങ്ങളില്‍നിന്ന് വിട്ടകലാനുള്ള തീരുമാനവും (ലൂക്കാ 15:18,19) ഉണ്ടായി.

* പാപം ഏറ്റുപറച്ചില്‍ ഒരേസമയം ദൈവത്തോടും സഹജീവികളോടുമാണ് (ലൂക്കാ 15:21).

* ഇദൃശകുമ്പസാരങ്ങള്‍, വ്യക്തിയിലും സ്വര്‍ഗത്തിലും അതിരറ്റ ആനന്ദവും സ്വര്‍ഗീയ സമാധാനവും ഉളവാക്കുന്നു (ലൂക്കാ 15:22, 23).

കുമ്പസാരം പോര്‍ട്ടുഗീസ് വാക്കാണ്. അതിന് ഇംഗ്ലീഷില്‍ കണ്‍ഫെന്‍ഷന്‍ (Confession) ഏറ്റുപറച്ചില്‍: ഇത് പ്രധാനമായും പാപാപരാധങ്ങളും തെറ്റുകളും ഏറ്റുപറയുന്നതാണ്. എന്നാല്‍ ഇതിന്‍റെ പരിണതഫലമായി മനുഷ്യനില്‍ വരുന്ന സമഗ്രമായ മാറ്റത്തെ സൂചിപ്പിക്കുന്ന വാക്കാണ്. 'അനുരഞ്ജനം' ഇതാണ് സത്യത്തില്‍ സംഭവിക്കേണ്ടത്. അതുകൊണ്ടാണ് കുമ്പസാരത്തെ അനുരഞ്ജന കൂദാശയെന്നും പറയുന്നത്.

സഭയെന്നാല്‍
ക്രിസ്തുവിന്‍റെ ആഹ്വാനം ശ്രവിച്ച് ഒരുമിച്ച് കൂടുന്ന ക്രിസ്ത്വനുയായികളുടെ കൂട്ടായ്മയാണ് സഭ. പഴയനിയമത്തില്‍ ഇസ്രായേലിനെ 'ദൈവജനം' (People of God) എന്നാണ് പറഞ്ഞിരുന്നത് ദൈവം വിളിച്ചുകൂട്ടിയ ജനം എന്ന അര്‍ത്ഥത്തിലാണത്. ദൈവമായ കര്‍ത്താവ് അരുള്‍ച്ചെയ്തു: ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്‍റെ ജനവുമായിരിക്കും (ലേവ്യ. 26-11). പഴയനിയമത്തിലെ ഇസ്രായേലിന്‍റെ തുടര്‍ച്ചയാണ് പുതിയ നിയമത്തിലെ ദൈവജനം – തിരുസഭ; ഇതിലെ 'തിരു' നഷ്ടപ്പെട്ടാല്‍ ശേഷിക്കുന്നത് കേവലം ജനക്കൂട്ടമായിരിക്കും (Crowd)). ഒരു കാര്യം തീര്‍ച്ചയാണ്. യേശു നല്‍കിയ വാഗ്ദാനം, ലോകാവസാനംവരെ ഞാന്‍ നിങ്ങളോടുകുടെ ഉണ്ടായിരിക്കും (മത്താ. 28:20) എന്നതും, സദാകാലം നിങ്ങളോടുകൂടെയായിരിക്കുവാന്‍ മറ്റൊരു സഹായകനെ നിങ്ങള്‍ക്കു നല്‍കും (യോഹ. 14:16) എന്നതുമാണ്. പരിശുദ്ധാത്മാവിന്‍റെ ഈ നിരന്തരസാന്നിദ്ധ്യമാണ് സഭയെ പരിശുദ്ധമായി, 'തിരുസഭ'യായി കാത്തുകൊള്ളുന്നത്. ആ സ്ഥിതിക്ക്, സത്യം തുറന്നുപറഞ്ഞാല്‍ 'സഭ' തകര്‍ന്നു പോകുമെന്ന് ആരെങ്കിലും കരുതിയാല്‍ ആ വ്യക്തിയുടെ ദൈവപരിപാലനിയുള്ള വിശ്വാസം എത്ര ദുര്‍ബലമാണെന്നേ കരുതാനാവൂ! സത്യം നമ്മെ സ്വതന്ത്രരാക്കുമെന്നാണ് യേശു പഠിപ്പിച്ചത് (യോഹ. 8:32). സ്നേഹത്തില്‍ സത്യം പറയണമെന്നാണ് പൗലോസ് ശ്ലീഹായും പഠിപ്പിക്കുന്നത്.

നേതൃത്വം ശുശ്രൂഷ
സഭയിലെ നേതൃത്വം ശുശ്രൂഷയാണെന്ന് പഠിപ്പിച്ച കര്‍ത്താവ് ശിഷ്യന്മാരുടെ പാദംകഴുകി മാതൃക നല്‍കി (മര്‍ക്കോ. 10:42-45; യോ ഹ. 13:1-5) ഇന്നു സഭയില്‍ പലപ്പോഴും അധികാരം അടിച്ചമര്‍ത്തലാണ്. അധികാരപ്രമത്തരായി അധികാരികള്‍ അധഃപതിച്ചിട്ടുണ്ടെന്നു സമകാലീനസംഭവങ്ങള്‍ തെളിയിക്കുന്നു. മദ്ധ്യനൂറ്റാണ്ടിലെ ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ അവശിഷ്ടങ്ങളായ അധികാരചിഹ്നങ്ങളും, സിംഹാസനങ്ങളും, അരമനകളും, പാലസുകളും ഇനിയും തുടരേണ്ട ആവശ്യമുണ്ടോ? സഭാ മേലദ്ധ്യക്ഷന്മാരുപയോഗിക്കുന്ന അംശവടി അടിക്കാനുള്ളതല്ല; മറിച്ച്, വഴിയറിയാതെയോ, വഴിതെറ്റിയോ പോകുന്ന ആടുകള്‍ക്ക് അടയാളമായി ഉയര്‍ത്തിക്കാട്ടി നേരായ വഴികാണിച്ചുകൊടുക്കാനുള്ളതാണ്.

യേശുവും സഹപ്രവര്‍ത്തകരും
യേശു തന്‍റെ സഹപ്രവര്‍ത്തകരേയും, തനിക്ക് മുമ്പേ അയയ്ക്കുവാനായി തിരഞ്ഞെടുത്ത ശ്ലീഹന്മാരെയും 'സ്നേഹിതന്മാര്‍' എന്നാണ് വിളിച്ചിരുന്നത്; വാത്സല്യാതിരേകത്താല്‍ 'കുഞ്ഞുങ്ങളേ' എന്നും സംബോധന ചെയ്യുന്നുണ്ട് (യോഹ. 15:15, 16; 21:5). എപ്പോഴും തന്നോടു കൂടെ ആയിരിക്കാനായിരുന്നു അവരുടെ നിയോഗം (മര്‍ക്കോ. 3:13-15). ഒരിക്കലും അവരിലാരെയും തള്ളിപ്പറയുകയോ തരംതാഴ്ത്തുകയോ ചെയ്തിട്ടില്ല. ഗദ്സെമിന്‍ തോട്ടത്തില്‍വച്ച് താന്‍ ബന്ധിക്കപ്പെടുന്ന വേളയിലും അവരെ സുരക്ഷിതരാക്കുന്നതില്‍ അവിടുന്ന് ദത്തശ്രദ്ധനായിരുന്നു (യോഹ. 18:8, 9). യേശുവിന്‍റെ നേതൃത്വശൈലിയുടെ സവിശേഷതയാണ് അനുയായികളെ സംരക്ഷിക്കുകയെന്നത് (യോഹ. 10:10).

ദിവ്യ ഗുരുവിന്‍റെ പ്രവര്‍ത്തന ശൈലി ഒപ്പിയെടുത്തമാതിരിയാണ്. അവിടത്തെ ഹൃദയസമാനനായ വിശുദ്ധപൗലോസും അനുവര്‍ത്തിച്ചു വന്നത്. അദ്ദേഹം തന്‍റെ ശിഷ്യന്മാരെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴൊക്കെ സഹപ്രവര്‍ത്തകന്‍, സഹയോദ്ധാവ്, സഹോദരന്‍ എന്നൊക്കെയാണ് പറയുക. ക്ലമന്‍റ്, തിമോത്തി, റ്റൈറ്റസ്, ഫിലെമോന്‍ എപ്പപ്രോദിത്തോസ് എന്നിങ്ങനെ പലരുമുണ്ട് ആ ലിസ്റ്റില്‍. ഇവരില്‍ ക്ലമന്‍റ് പില്‍ക്കാലത്ത് മെത്രാനും വി. പത്രോസിനുശേഷം മാര്‍പാപ്പയുമായി നിയമിതനായി. തീര്‍ത്തും ചെറുപ്പമായിരുന്ന തിമോത്തിക്ക് ശ്ലീഹാതന്നെയാണ് ജ്ഞാനസ്നാനം നല്കിയതും, പിന്നീട് പൗരോഹിത്യവും മെത്രാന്‍ പദവിയും നല്കി സഭാനേതൃത്വത്തിലേക്ക് ഉയര്‍ത്തിയതും. ഈ ശിഷ്യനോടുള്ള വാത്സല്യാതിരേകത്താല്‍ 'മകനേ'യെന്നാണ് വിശുദ്ധന്‍ സംബോധന ചെയ്തിരുന്നത്. ഈ സഹപ്രവര്‍ത്തകരുടെയെല്ലാം ശാരീരികസുസ്ഥിതി, ആത്മരക്ഷ, ശത്രുക്കളില്‍ നിന്നുള്ള സംരക്ഷണം എന്നിവയിലും അദ്ദേഹം ശ്രദ്ധാലുവായിരുന്ന (ഫിലി. 2:19-23, 25-30).

ലോകാരൂപിയുടെ കടന്നുകയറ്റം
ഇപ്പറഞ്ഞതിനൊക്കെ കടകവിരുദ്ധമായ രീതിയിലാണ് സഭാതലങ്ങളില്‍ നേതൃത്വശുശ്രൂഷാ രീതികളില്‍, ലോകാരൂപികടന്ന് കളിക്കുന്നത്. അനുയായികളെയും സഹപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുന്ന രീതി ഭീഷണിപ്പെടുത്തി, അടക്കിഭരിക്കുന്ന രീതി… ഒരിക്കലും ക്രിസ്തീയമല്ലതന്നെ. നേരത്തെയൊക്കെ 'മാര്‍പാപ്പ പറഞ്ഞു', 'റോം കല്പിച്ചു' എന്നെല്ലാം കേട്ടാല്‍ സാധാരണജനങ്ങളും വൈദികരും, പക്ഷേ, വിശ്വസിച്ചിരുന്നിരിക്കാം. ഇന്ന് ആ മട്ടൊക്കെമാറി. ആര്‍ക്കും, ഏതു കാര്യ വും നേരിട്ട് അന്വേഷിക്കാനും അറിഞ്ഞ് ബോധ്യപ്പെടാനും ഒത്തിരി മാര്‍ഗങ്ങളുണ്ട്.

പിന്നെ, ക്രിസ്തീയവിളിയിലും പൗരോഹിത്യത്തിലും മെത്രാന്‍ പദവിയിലും തുല്യസ്ഥാനികളായ സഹപ്രവര്‍ത്തകരെ, തമ്മില്‍ ഉയര്‍ന്ന പദവിയുള്ള മൂപ്പന്‍ 'ഇറങ്ങിപ്പോ'യെന്നൊരവസരത്തിലും, 'കേറിപ്പോര്' എന്ന് മറ്റൊരവസരത്തിലും കല്പിക്കാനുള്ള അധികാരം ആരു നല്കിയെന്നും വിചാരിക്കുന്നവരുണ്ട്.

ഒരു ധ്യാനപദ്ധതി
ഇന്നത്തെ ഈ പ്രതിസന്ധിക്ക് ഒരു ധ്യാനം ശിപാര്‍ശ ചെയ്യുന്നു; പരിപൂര്‍ണ്ണനിശ്ശബ്ദതയില്‍ അഞ്ചുനാള്‍ ദീര്‍ഘിക്കുന്ന ഒരുധ്യാനം; തീര്‍ത്തും വചനാധിഷ്ഠവും ആത്മാഭിഷേകപൂരിതവുമായ ധ്യാനം. ധ്യാനം നടക്കുന്നിടത്ത്, തൊട്ടടുത്ത് ഒരു മുറിയില്‍ ദിവ്യകാരുണ്യാരധന നടത്താന്‍ സൗകര്യമുണ്ടാവണം. അല്മായരുടെ ഒരു ചെറിയ ഗ്രൂപ്പ് (ഒരു വൈദികന്‍റെ നേതൃത്വത്തില്‍) ദിവ്യകാരുണ്യ നാഥന്‍റെ മുമ്പില്‍ മദ്ധ്യസ്ഥ്യപ്രാര്‍ത്ഥന നടത്തണം; ധ്യാനിക്കുന്നവര്‍ ഈ ദിവസങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. ധ്യാനിക്കുന്ന വൈദികമേലദ്ധ്യക്ഷന്മാര്‍ ധ്യാനവേളയില്‍ സ്ഥാന ചിഹ്നങ്ങളായ കുരിശുമാലയും ചെമന്ന അരപ്പട്ടയും കെട്ടരുത്.

ധ്യാനത്തിന്‍റെ ഭാഗമായി നല്ലൊരു കുമ്പസാരത്തിന് അവസരമുണ്ടാവണം; ആന്തരിക സൗഖ്യ പ്രാര്‍ത്ഥന നടത്തണം; ധ്യാനിക്കുന്നവരില്‍ ഏറ്റവും പ്രധാനി പന്ത്രണ്ടുപേരുടെ കാലുകഴുകി മുത്തണം.

ധ്യാനത്തിനു ചിന്താവിഷയമാക്കേണ്ട കാര്യങ്ങള്‍
ദൈവപിതാവിന്‍റെ നിരുപാധി കസ്നേഹം, ക്ഷമാപൂര്‍വകമായ സ്നേഹം. യേശുവിലൂടെ പ്രകാശിതമായ ശത്രുസ്നേഹം.

യേശുമാത്രം രക്ഷകന്‍, ഹൃദയനാഥന്‍, കറയറ്റ അജപാലകന്‍.

പരിശുദ്ധാത്മാവിന്‍റെ അന്തര്‍ ഹിതവാസം (Indwelling Presence) വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവ്, അവിടുത്തെ വരദാനങ്ങള്‍ പരശുശ്രൂഷയ്ക്ക്; അനുരഞ്ജനത്തിന് നിദാനം.

തിരുവചനത്തിന്‍റെ ശക്തി, വചനപാലകന്‍;

ദിവ്യബലി, ദിവ്യകാരുണ്യം കേന്ദ്രീകൃതമായ അജപാലന ദൗത്യം.

പരിശുദ്ധ മറിയം, അജപാലകരുടെ അമ്മ;

നാം കൂട്ടായ്മയിലേക്ക് വിളിക്കപ്പെട്ടവര്‍, അജപാലകരെയും അജഗണങ്ങളെയും ചിതറിക്കുന്ന തിന്മയുടെ ശക്തിയെ തിരിച്ചറിയുക; വിമോചന/ബന്ധന വരങ്ങളുടെ ഉപയോഗം;

ധ്യാനത്തിനു സഹായിക്കാന്‍ അഭിവന്ദ്യ ജേക്കബ് തൂങ്കുഴി പിതാവിന്‍റെ ആത്മീയനേതൃത്വം; മോണ്‍. ജോര്‍ജ്ജ് ഓലിയപ്പുറം; റവ.ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ (തിരുവനന്തപുരം);

പുനര്‍ചിന്തനത്തിന്
* എസക്കിയേല്‍ 37:1-14 – ദൈവമായ കര്‍ത്താവ് അരുള്‍ചെയ്യുന്നു; ശിലാസമാനമായ ഹൃദയം മാറ്റി മാംസളമായ ഹൃദയം ഞാന്‍ സ്ഥാപിക്കും. എന്‍റെ ആത്മാവിനെ നിങ്ങളില്‍ ഞാന്‍ നിവേശിപ്പിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org