കടല്‍ വാങ്ങുന്ന ദാഹം!?

കടല്‍ വാങ്ങുന്ന ദാഹം!?

ടോം ജോസ് തഴുവംകുന്ന്

ആയിരം പേരെ ആയിരം യുദ്ധങ്ങളില്‍ ജയിക്കുന്നതിനേക്കാള്‍ സ്വയം ജയിക്കുന്നതാണ് ഏറ്റവും വലിയ ജയമെന്നാണു ശ്രീബുദ്ധന്‍ പറഞ്ഞിരിക്കുന്നത്. തന്നോടുതന്നെയുള്ള യുദ്ധത്തില്‍ പരാജയപ്പെടുന്നതിന്‍റെ 'ഫല'ങ്ങളാണ് ആനുകാലികമായ വാര്‍ത്തകളുടെയെല്ലാം അടിസ്ഥാനം. ഒന്നാമതെത്താനുള്ള മത്സരത്തില്‍ ഒന്നുമല്ലാതായി മാറുന്ന ദയനീയത! ചുറ്റുമുള്ളവരുടെ പരാജയമാണ് എന്‍റെ വിജയമെന്ന ഒരു മിഥ്യാധാരണ നമ്മില്‍ പടരുന്നു. അതുകൊണ്ടുതന്നെ ആരും ആരെയും വിശ്വാസത്തിലെടുക്കുന്നില്ല. കുടുംബത്തില്‍ നിന്നുപോലും ഭക്ഷണം കഴിക്കാന്‍ ഭയമാണെന്നു ട്രോളുകള്‍! പല പേരുകളും പലതരത്തില്‍ 'ഹിറ്റ്' ലിസ്റ്റില്‍ വന്നുപെട്ടിരിക്കുന്നു. സന്തോഷമെന്നതിനുപോലും ക്രൂരതയെന്നൊരു പര്യായം വന്നുപെടുന്നു. ചില ആശയങ്ങള്‍ പറഞ്ഞൊപ്പിക്കാന്‍ ചില പദങ്ങളുടെ ആഴവും പരപ്പും ഉപയോഗപ്പെടുന്നു. നാമൊക്കെ മനുഷ്യരായിരിക്കുമ്പോഴും സാത്താന്‍റെ സഹചാരിയാണെന്ന സന്ദേഹം ബലപ്പെടുന്നു. എവിടെയാണിന്നു സുരക്ഷ ലഭിക്കുകയെന്ന് ആര്‍ക്കും ഉറപ്പു പറയാനാകുന്നില്ല. കാരണം വേലിക്കും വിളവു തിന്നാമെന്നായിരിക്കുന്നു; ഒപ്പം വേലിക്കും സുരക്ഷ വേണമെന്നു പറയുന്നു. വൈരുദ്ധ്യങ്ങളുടെ മാറാലയില്‍പ്പെട്ടു മനുഷ്യരിന്നു തേങ്ങുകയാണ്.

ഞാന്‍ മാത്രമുള്ള ലോകം
ലോകം മുഴുവന്‍ സ്വന്തം ശാസ്ത്രമേശയില്‍ സ്വന്തം വിരല്‍ത്തുമ്പില്‍ തുള്ളിക്കളിക്കുമ്പോഴും ഇതെല്ലാം എനിക്കു വേണ്ടി മാത്രമുള്ളതാണെന്ന ഒരു അഹം നമുക്കു വന്നുപെട്ടിരിക്കുന്നു അഥവാ ഞാന്‍ ജീവിക്കേണ്ടതിലേക്കുള്ള ഈയാംപാറ്റകള്‍ മാത്രമാണു മറ്റുള്ളവരെന്നു ധരിച്ചുവശാകുന്നു. ഇന്ന് ഏതു കാര്യവും 'സ്വന്തം ഇരിപ്പില്‍' നടന്നു കിട്ടുന്ന ആപ്പുകള്‍ രൂപപ്പെട്ടുകഴിഞ്ഞു അഥവാ രൂപപ്പെടുത്തിയെടുത്തു. അതും എനിക്കു വേണ്ടിയാണെന്നുള്ള ഒരു അഹങ്കാരം നമുക്കുണ്ട്. വെള്ളം, ഭക്ഷണം, വസ്ത്രം, യാത്രകള്‍, വാഹനം, വൈദ്യുതി, ഫോണ്‍ വിനോദങ്ങള്‍ തുടങ്ങി പറയാവുന്നതും പറയാന്‍ പാടില്ലാത്തതുമായ അനവധി നിരവധി കാര്യങ്ങള്‍ പരസഹായം കൂടാതെ ചെയ്യാമെന്നതു നമ്മുടെ സഹിഷ്ണുതയ്ക്കു ക്ഷതമേല്പിച്ചു. അപരനുംകൂടിയുള്ളതാണു ഞാന്‍ അധിവസിക്കുന്ന ഭൂമിയും സംവിധാനങ്ങളുമെന്നും സകലത്തിനും ഉടയവനായി തമ്പുരാനുണ്ടെന്നു തിരിച്ചറിയാന്‍ നമുക്കിന്നു വൈമനസ്യമാണ്. മറ്റുള്ളവരെ അംഗീകരിക്കാനോ ആദരിക്കാനോ അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുവാനോ നമുക്കത്ര താത്പര്യം പോരാ; ഒപ്പം ഒരു ചിന്തകൂടി നമ്മുടെ മനസ്സിലുണ്ട്. ആരുടെയും സഹായമില്ലെങ്കിലും ഞാന്‍ ജീവിക്കുമെന്ന്. പരാശ്രയമില്ലാത്തതിനാണു സ്വാശ്രയം എന്നു പറയുന്നതെന്നും നാം വിചാരിക്കുന്നു. ചുറ്റുമുള്ളതിനെയെല്ലാം തന്നിലേക്ക് ആകര്‍ഷിച്ചു ചേര്‍ക്കുന്ന ഒരു "കാന്തഭാവം" അഥവാ ഞാനെന്ന ഭാവം സൃഷ്ടിക്കുന്ന ഒരു കാന്തികവലയം നമുക്കുതന്നെ അപകടമാകുന്നതിലെ നേര്‍കാഴ്ചയാണ് ആധുനികവാര്‍ത്തകളുടെ ശീര്‍ഷകത്തില്‍ തെളിയുന്നത്.

ഞാനാരാണ് !?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുമെങ്കില്‍ ജീവിതത്തിന്‍റെ സങ്കീര്‍ണത കുറയ്ക്കാം. ഒരു പരിധിവരെ ഞാന്‍ ആരുമല്ലെന്നുള്ള ഒരു തിരിച്ചറിവാണ് ആവശ്യം. ആരെങ്കിലുമാണെങ്കില്‍ തന്നെ അതു ദൈവകൃപയെന്നും തിരിച്ചറിയണം. ഈ തിരിച്ചറിവില്‍ അഹങ്കരിക്കാനൊന്നുമില്ലെന്നുള്ള ഒരു വിവേകത്തിലേക്ക് എത്തിപ്പെടാനാകും. മാധ്യമങ്ങളിലൂടെ നാം കണ്ടും വായിച്ചുമെടുക്കുന്ന വാര്‍ത്തകളുടെ അന്തഃസത്തയില്‍ ദൈവാവബോധം നഷ്ടപ്പെട്ട വെറും മനുഷ്യരൂപങ്ങളെ കണ്ടുമുട്ടാനാകും! എന്തിനാണ് ഇതെല്ലാം ചെയ്തുകൂട്ടുന്നതെന്ന ചോദ്യത്തിനു മുന്നില്‍ ഉത്തരമില്ലാതെ പതറുന്ന ആധുനികമനുഷ്യരെ കാണുന്നില്ലേ? ദാഹശമനത്തിന് ഒരു ഗ്ലാസ് വെള്ളം മതിയെന്നിരിക്കെ 'കടലിനെ വാങ്ങാന്‍' നടക്കുന്ന ഓട്ടം മനുഷ്യരുടെ സ്വൈര്യജീവിതത്തെ താറുമാറാക്കുന്നു. ദൈവത്തിന്‍റെ ഛായാസാദൃശ്യങ്ങള്‍ നമ്മില്‍നിന്നും നാം തന്നെ നഷ്ടമാക്കുന്നു; ഒപ്പം അന്യരിലെ ദൈവികമായദര്‍ശനം സാദ്ധ്യമാകാതെയും പോകുന്നു. എല്ലാത്തിനുംവേണ്ടി എല്ലാം മറന്നുള്ള പരക്കംപാച്ചിലില്‍ നഷ്ടങ്ങള്‍ ചാലു കീറി ഒഴുകുന്നതു നാം മനസ്സിലാക്കണം. മനുഷ്യരായി ജീവിക്കണമെങ്കില്‍ മനുഷ്യത്വം വളര്‍ത്തിയെടുക്കണം. മനുഷ്യരെപ്പോലെ ജീവിക്കാത്തവന്‍ വ്യാജമനുഷ്യനാണെന്നു ഷേക് സ്പിയര്‍ പറഞ്ഞിട്ടുണ്ട്. ഇന്നു വ്യാജം എന്നത് സമസ്ത മേഖലയിലും കടന്നുകൂടിയ പദമാണ്. അടിസ്ഥാന കാരണം നമ്മുടെ ശുദ്ധമനഃസാക്ഷിക്കേറ്റ ക്ഷതമാണ് അഥവാ മനഃസാക്ഷിയില്ലായ്മയാണ്. സത്യസന്ധനായ മനുഷ്യന്‍ ഈശ്വരന്‍റെ വിശിഷ്ട സൃഷ്ടിയാണെന്ന് അലക്സാണ്ടര്‍ മാര്‍പാപ്പ പറയുന്നു. ഈ വൈശിഷ്ട്യം മനുഷ്യരില്‍ നിന്നു കൈമോശം വന്നതിലെ നഷ്ടബോധമാണു തൃപ്തിയില്ലാത്തവിധം ഓടുന്ന മനുഷ്യരില്‍ ഇന്നു കാണുന്നത്. എല്ലാവരെയും മനുഷ്യരായി കാണുമ്പോള്‍ നൊമ്പരവും കണ്ണീരും പരസ്പരം തിരിച്ചറിയും; ക്രൂരത ഉണ്ടാകുകയില്ല. സ്വയം നിയന്ത്രിച്ചു നാമൊരു ദൈവാന്വേഷിയാകുമ്പോള്‍ അടുത്തുനില്ക്കുന്നവരില്‍ ദൈവത്തെ കാണാനും ഭൂമിയില്‍ സ്വര്‍ഗം തീര്‍ക്കാനുമാകും. നാമൊക്കെ ഒന്നാമനും ഒടുവിലത്തവനുമല്ല. മറിച്ചു ഫ്രാന്‍സിസ് അസ്സീസി പറയും വിധം ദൈവത്തിന്‍റ ദൃഷ്ടിയില്‍ നാമെന്തായിരിക്കുന്നുവോ അത്രയുമേയുള്ളൂ. ഒട്ടും കൂടുകയുമില്ല; കുറയുകയുമില്ല. നമ്മെ ദൈവം ഏല്പിച്ച ദൗത്യമെന്താണെന്നുള്ള അന്വേഷണത്തില്‍ ഞാനാരെന്നു തെളിഞ്ഞുകിട്ടും!!

നമ്മുടെ നേട്ടം!?
നമ്മുടെ നേട്ടമെന്നതു ചുറ്റുമുള്ളതിനെയെല്ലാം സ്വന്തമാക്കലല്ല മറിച്ചു നമുക്കു കിട്ടിയ ദൈവികജീവന്‍ തന്നെയാണ്. കോടാനുകോടി മനുഷ്യര്‍ക്കിടയില്‍ എന്നെ ഞാനാക്കിയ തമ്പുരാനോടുള്ള കൂറും വിശ്വസ്തതയുമാണു നേട്ടം. ട്രാക്ക് വിടാതുള്ള ഓട്ടത്തില്‍ വിജയം ആപേക്ഷികമെങ്കിലും നമുക്കായി സമ്മാനം കരുതുന്ന തമ്പുരാന്‍ നമുക്കുള്ള സ്ഥാനവും ഉറപ്പിച്ചിട്ടുണ്ട്; ദൈവം ഉറപ്പിച്ചു നല്കുന്ന ആ സ്ഥാനമാണു നമ്മുടെ നേട്ടം; പക്ഷേ, ആ നേട്ടത്തില്‍ അപരന്‍റെ നൊമ്പരം അശേഷം ഇല്ലെന്ന സ്വര്‍ഗീയത കൈവിടാനും പാടില്ല. ബാങ്കുബാലന്‍സും സ്വര്‍ണബിസ്കറ്റുകള്‍ക്കുമപ്പുറമാണു ജീവന്‍റെയും ജീവിതത്തിന്‍റെയും മൂല്യമെന്നറിയണം. മനുഷ്യരിലെ ദൈവികതയാണ് മൂല്യബോധം, സത്യധര്‍മാദികളുടെ കൂട്ടിരുപ്പ്, സാന്മാര്‍ഗിക സഞ്ചാരം, പരസ്നേഹം തുടങ്ങിയവയെല്ലാം! ദൈവസ്വഭാവം കാത്തുസൂക്ഷിക്കുന്നതാണു മനുഷ്യരുടെ നേട്ടം. ബാഹ്യനേട്ടങ്ങളുടെ നിസ്സാരതയും മിഥ്യയുമൊക്കെ നാം ഉള്‍ക്കൊള്ളണം. നന്മയെ മുറുകെപ്പിടിക്കുമെങ്കില്‍ ഐശ്വര്യത്തില്‍ ജീവിക്കാം. അപരനെ മാനിക്കാത്ത നേട്ടത്തിനു 'ഭവനഭേദനം' എന്നല്ലേ പറയേണ്ടത്? മതിയെന്നു പറയാന്‍ പഠിക്കുന്ന മനസ്സുണ്ടെങ്കില്‍ നേട്ടമെന്നതിനു തൃപ്തിയെന്ന അര്‍ത്ഥവും ലഭിക്കും. തൃപ്തിയില്ലെങ്കില്‍ അസ്വസ്ഥതയുടെ അലയാഴിയില്‍ നാം നീന്തി കഷ്ടപ്പെടും; ചുറ്റുമുള്ളവരെ കഷ്ടപ്പെടുത്തുകയും ചെയ്യും. ഇത്തരം ചില കഷ്ടതകളുടെ നൊമ്പരക്കാഴ്ചകളിലേക്കും ആധുനിക വാര്‍ത്താക്കണ്ണുകള്‍ എത്തിനോക്കുന്നതുംകാണാം. എല്ലാം വായിച്ചു നാമൊരു നെടുവീര്‍പ്പിലൊതുക്കി ഇതൊന്നും എന്നെ ബാധിക്കുന്നതല്ലെന്ന ചിന്തയില്‍ ഒതുങ്ങിക്കൂടും; അത്രതന്നെ!!

നഷ്ടമാകുന്ന പങ്കുവയ്പ്
സമസ്ത തലങ്ങളിലും ഒരു ഒറ്റപ്പെടല്‍ കാണാനാകുന്നു. മനസ്സു തുറക്കാന്‍ മാത്രം ചുറ്റിലും ഹൃദയമുള്ളവര്‍ ഇല്ലാതാകുന്നു. അതുകൊണ്ടുതന്നെ ഹൃദയഭാരം വര്‍ദ്ധിക്കുന്നു. മനസ്സിന്‍റെ ദുരൂഹത അവര്‍ണനീയമാകുന്നു. ആഘോഷങ്ങള്‍ ഏറെയാണെങ്കിലും അവയിലൊക്കെ ഹൃദ്യത അഥവാ പരസ്പരമുള്ള തുറവി കുറയുന്നു. ഒരിക്കലും പറയാത്ത ഒത്തിരി രഹസ്യങ്ങളുടെ കലവറയായി ആധുനികമനുഷ്യര്‍ മാറുന്നു. വീടുകള്‍ ഒറ്റപ്പെടുന്നു, ഒപ്പം വ്യക്തികളും ഒറ്റപ്പെടുന്നു. മക്കളൊക്കെ വിദേശത്തും മാതാപിതാക്കള്‍ സ്വദേശത്തും! മാതാപിതാക്കള്‍ക്ക് ആരോഗ്യമുള്ള കാലത്തു മക്കള്‍ക്കായി ഓടും; ഓടിത്തളരുമ്പോള്‍ താങ്ങായിട്ടെത്തുന്നതു മിക്കവാറും "ആയയും ഭായി"യുമായിരിക്കും. ബന്ധുബലവും സ്നേഹത്തിന്‍റെ ശക്തിയും നഷ്ടമാകുന്നു. പണംകൊണ്ടു പ്രവര്‍ത്തിക്കുന്ന യന്ത്രം കണക്കേ മരണം വരെ ജീവിച്ചുതീര്‍ക്കുന്ന മനുഷ്യരുടെ കദനകഥകളും ആധുനികതയുടെ ദുരന്തമുഖംതന്നെ. മരണവും മരണാനന്തരചടങ്ങുകളും അചിന്തനീയമാം വിധം ആഘോഷപൂരിതവും. വിമാനത്താവളങ്ങളില്‍ "അറൈവല്‍-ഡിപ്പാര്‍ച്ചര്‍" തിരക്ക് അവര്‍ണനീയവുമാക്കുന്നു. എന്നാല്‍ ഹൃദയഭാരം കുറയുന്നേയില്ല. കാരണം സ്വതന്ത്രമായിട്ടും സ്വസ്ഥമായിട്ടും ഇരുന്ന് ഉള്ളുതുറന്നു സംസാരിക്കാന്‍ ആര്‍ക്കാണിന്നു നേരം!? യുവതലമുറ വാട്സാപ്പിലും വൃദ്ധതലമുറ ഓര്‍മച്ചെപ്പിലും 'തല പൂഴ്ത്തുന്ന' കാലം! ഒന്നും മിണ്ടിപ്പറയാന്‍ ആരുമില്ലാത്ത ആധുനിക 'പടുകൂറ്റന്‍ കൊട്ടാരങ്ങള്‍' നമ്മുടെ നാട്ടില്‍ ഏറിവരുന്നു. എന്നാല്‍ ഏതു വീട്ടിലും 'നിധിപേടകങ്ങള്‍' അവശേഷിക്കുന്നുണ്ട്; ഉപയോഗിക്കാനുള്ള സാദ്ധ്യതകള്‍ ഇല്ലാതാകുന്നതിലെ അപകടങ്ങളും ഇന്നിന്‍റെ പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമാകുന്നു!

ഉച്ചനീചത്വങ്ങള്‍
നമ്മുടെ ജീവിതസാഹചര്യങ്ങളുടെ സാമ്പത്തികരേഖ "മേല്‍ത്തട്ടും കീഴ്ത്തട്ടും" എന്നൊരു അന്തരം സൂചിപ്പിക്കുന്നു. താമസിക്കാന്‍ ആളില്ലാത്ത പൂട്ടിയിട്ട കൊട്ടാരങ്ങളും താമസത്തിന് ആളേറെയുണ്ടെങ്കിലും താഴും പൂട്ടും അടച്ചു പൂട്ടും ഒരുപക്ഷേ വാതില്‍ പോലുമില്ലാത്തതുമായ 'ഭവന'ങ്ങളും നമ്മുടെ നാടിന്‍റെ നേര്‍ക്കാഴ്ചകളാണ്. ഒരിടത്തു ദാരിദ്ര്യം മനുഷ്യരെ വരിഞ്ഞു മുറുക്കുമ്പോള്‍ പണം വിനിയോഗിക്കാന്‍ മാര്‍ഗമന്വേഷിക്കുന്ന ആര്‍ഭാടജീവിതക്കാരും നമുക്കിടയില്‍ അസ്വസ്ഥതകളുടെ വാര്‍ത്തകള്‍ തീര്‍ക്കുന്നില്ലേ? പരസ്പരമറിയുന്ന സുഖാന്വേഷികളുടെ മനസ്സ് നമുക്കു കൈമോശം വരുന്നു. ജാതിമതവര്‍ഗവര്‍ണങ്ങള്‍ക്കപ്പുറം മനുഷ്യത്വമെന്ന മഹാമനസ്സ് നമുക്കിന്ന് ഇല്ലാതെ പോകുന്നതിന്‍റെ അസ്വസ്ഥതകള്‍ മറ്റു പലതുമായി രൂപപ്പെട്ടു ഹിംസാത്മകഭാവത്തിലേക്കുവരെ മനുഷ്യരെ എത്തിക്കുന്നു. പങ്കുവച്ചു വളരുന്നതിലെ സാമൂഹികാസ്വസ്ഥത നാം തിരിച്ചറിയാതെ പോകുന്നു. രോഗങ്ങളും തൊഴിലില്ലായ്മയും ഒന്നുമില്ലെങ്കിലും എല്ലാമുണ്ടെന്ന ഭാവത്തിലുള്ള വേഷം കെട്ടല്‍ ജീവിതങ്ങളുമൊക്കെ അരക്ഷിതാവസ്ഥയുടെ മാനസികാവസ്ഥ രൂപപ്പെടുത്തുന്നു.

വിദ്യാഭ്യാസം
മനസ്സിന്‍റെ ചാപല്യങ്ങളെയും ബുദ്ധിയുടെ വിഭവക്കുറവിനെയും ശരീരത്തിന്‍റെ ദൗര്‍ബല്യത്തെയും നീക്കിനിര്‍ത്തിയും നിയന്ത്രിച്ചും മനുഷ്യരെ വളരുവാന്‍ സഹായിക്കുന്നതാണു വിദ്യാഭ്യാസമെന്നാണു സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരിക്കുന്നത്. അതായതു നന്മയില്‍ വളരാനും നല്ലവരായി ജീവിക്കാനും മനുഷ്യരെ പ്രാപ്തരാക്കുന്നതാകണം വിദ്യാഭ്യാസം, ജീവിതത്തിനുള്ള പരിശീലനമാകണം വിദ്യാഭ്യാസം. മാര്‍ക്കിനും റാങ്കിനും ഗ്രേഡിനുമപ്പുറം മനുഷ്യരായി വളരുവാനും മറ്റുളളവരെ മനുഷ്യരായി പരിഗണിക്കാനും മനസ്സ് പാകപ്പെടണം. പരാജയം ഒരുപക്ഷേ, വഴിമാറാനുള്ള പച്ചസിഗ്നല്‍ മാത്രമാണ്; ജീവിതത്തിന്‍റെ വിരാമമല്ലെന്നറിയാം. ഏതു തകര്‍ച്ചയും നമുക്കായി ദൈവമൊളിപ്പിച്ചിരിക്കുന്ന ഒരു വിജയപീഠമുണ്ടെന്ന പഠനം ഉണ്ടാകണം. ദൈവം നല്കിയ താലന്തു തിരിച്ചറിയാനും ദൈവമാഗ്രഹിക്കുന്ന വിജയപീഠത്തിലേക്കു വളര്‍ന്നെത്തുവാനും വിദ്യാഭ്യാസത്തിന്‍റെ സിലബസ്സുകള്‍ നിയോഗബന്ധിയാകണം. ഓരോരുത്തരിലും ദൈവമൊളിപ്പിച്ചിരിക്കുന്ന ഒരു 'മനോഹരശില്പ' മുണ്ട്. അതു കൊത്തിയെടുക്കുവാന്‍ വിദ്യാഭ്യാസകാലത്തു സാധിക്കണം. അതിന് അനുയോജ്യമായ കരിക്കുലവും സിലബസ്സും അദ്ധ്യാപകരും അനുബന്ധ സാഹചര്യങ്ങളും ഉണ്ടാകണം. ശിശുവിനെ മാന്യനാക്കാനല്ല മനുഷ്യനാക്കാനാകണം വിദ്യാഭ്യാസം. അങ്ങനെയെങ്കില്‍ നമുക്കിടയിലെ ഹിംസാത്മക നിലപാടുകള്‍ മാറ്റപ്പെടും; സഹിഷ്ണുതയും സഹവര്‍ത്തിത്വവും സഹാനുഭൂതിയും സര്‍വോപരി സര്‍വേശ്വരനുണ്ടെന്ന ബോധ്യവും അനുഭവവും സ്വന്തമാക്കുകയും ചെയ്യും. സാമൂഹികാന്തരീക്ഷം ഇത്തരത്തില്‍ കലുഷിതമാക്കി വാര്‍ത്തകള്‍ നമ്മെ ഞെട്ടിപ്പിക്കില്ല. സത്പ്രവൃത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കാത്ത പഠനങ്ങള്‍ പിന്നോട്ടുള്ള സഞ്ചാരമാണ്. സദ് ഗുണങ്ങളും സദാചാരബോധവും പുസ്തകത്താളിനു പുറത്തു ജീവിതഗന്ധിയാകണം!

സംക്ഷിപ്തം; സാരാംശം
സ്വന്തം ശക്തിയെ തിരിച്ചറിയാത്തതുകൊണ്ടാണു നാം പ്രശ്നക്കാരായി മാറുന്നത്. സത്യവും അഹിംസയും ആത്മാര്‍ത്ഥതയുടെ ജീവിതശൈലിയും സ്വായത്തമാക്കണം. കാലം മാറിയെന്നു പറയുംമുമ്പു നമ്മുടെ മാറ്റത്തെ യഥാകാലം വിലയിരുത്തണം. അലസമനസ്സ് പിശാചിന്‍റെ പണിപ്പുരയാണെന്നാണു പറയുക. അതുകൊണ്ട് അദ്ധ്വാനം ആരാധനയാണെന്നു കരുതണം. ദൈവം എല്ലാ പക്ഷികള്‍ക്കും ഭക്ഷണം നല്കുന്നു. എന്നാല്‍ അവിടുന്ന് ഒന്നിന്‍റെയും കൂട്ടില്‍ ഭക്ഷണം കൊണ്ടുപോയി വയ്ക്കാറില്ലായെന്ന യാഥാര്‍ത്ഥ്യം മറക്കരുത്. അദ്ധ്വാനിക്കാതെ അടിച്ചുപൊളിക്കാമെന്ന വ്യാമോഹം മിഥ്യയാണ് മണ്ടത്തരമാണ്, ദുരന്തമാണ്; അടിസ്ഥാനപരമായ അടിച്ചുപൊളിയെന്നതുതന്നെ ആപത്തിന്‍റെ നാന്ദി പദമാണ്. ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അഥവാ സമൃദ്ധിയിലും ദാരിദ്ര്യത്തിലും മിതത്വം പാലിക്കാന്‍ മാത്രം നമുക്കു വിവേകമുണ്ടാകണം. കരയുന്നവരോടുകൂടി കരയാനും ചിരിക്കുന്നവരോടുകൂടി ചിരിക്കാനും മാത്രം നമ്മുടെ ഹൃദയം സരളമാകണം, സത്യമുള്ളതാകണം. ആത്മശക്തിയോടു നേരിടുമ്പോള്‍ ആയുധം ശക്തിഹീനമാണെന്നാണു ഗാന്ധിജി പറയുന്നത്. ഈ ആത്മശക്തിയില്‍ നാം ബലപ്പെടണം. സ്വയം ജയിക്കാന്‍ അഥവാ ആത്മജയം സാദ്ധ്യമാക്കാന്‍ മാത്രം മനുഷ്യന്‍ ദൈവകൃപയില്‍ ജീവിക്കണം. ദൈവത്തില്‍ നിന്നുള്ള 'മെസേജ്' നമ്മുടെ ഹൃദയത്തില്‍ സ്വീകരിക്കാനാകാത്തവിധം ഭൗതികതയുടെ "ഔട്ട് ഓഫ് റേഞ്ചില്‍" നാം ജീവിക്കരുത്. ദൈവത്തിന്‍റെ നേരെ ഒരടി നടക്കുന്നവന്‍റെ സമീപത്തേയ്ക്ക് അവിടുന്ന് ഓടിവരുമെന്ന തിരിച്ചറിവു നാം നേടണം. ദൈവവും മനുഷ്യനുമായുള്ള ആശ്ലേഷത്തില്‍ സമാധാനത്തിന്‍റെയും ശാന്തിയുടെയും ഐശ്വര്യത്തിന്‍റെയും വെള്ളരിപ്രാക്കള്‍ കുറുകിപ്പറക്കും; സമൂഹം സമുന്നതമായ മാതൃകയുടെ ശീലുകളില്‍ ശക്തിപ്പെട്ടു പുരോഗതിയുടെ പാത സ്വന്തമാക്കും; ഭൂമിയും സ്വര്‍ഗമായി മാറും, ഭയം നമ്മെ വിട്ടൊഴിയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org