കണ്ണീരൊപ്പേണ്ടവര്‍ കഴുത്തറക്കുകയോ?

കണ്ണീരൊപ്പേണ്ടവര്‍ കഴുത്തറക്കുകയോ?

RCEP

ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ്, റീജണല്‍ സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടി എന്നീ അന്താരാഷ്ട്ര കരാറുകള്‍ ഇന്ത്യയിലെ കര്‍ഷകരുടെമേല്‍ വാളോങ്ങി നില്‍ക്കുന്നു. കാര്‍ഷികമേഖലയെ അഗാധഗര്‍ത്തങ്ങളിലേയ്ക്കു തള്ളിയിടുന്ന അന്താരാഷ്ട്ര ഗൂഢാലോചനകള്‍ പുറത്തുവരുന്നു. ഇറക്കുമതിച്ചുങ്കം പരിപൂര്‍ണ്ണമായി ഒഴിവാക്കി അതിര്‍ത്തികളില്ലാത്ത സ്വതന്ത്രവ്യാപാര ഉടമ്പടിയായ റീജണല്‍ സംയോജിത സാമ്പത്തിക പങ്കാളിത്തത്തില്‍ 2016 സെപ്തംബറില്‍ ഒപ്പുവയ്ക്കുവാനുള്ള അവസാനറൗണ്ട് ചര്‍ച്ചകളിലാണ് കേന്ദ്ര സര്‍ക്കാര്‍. അമേരിക്കന്‍ നേതൃത്വ ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ ഷിപ്പില്‍ ഇന്ത്യ പങ്കാളിയാകുമോ? വിശപ്പിന്‍റെ വിളിയുമായി നെട്ടോട്ടമോടുന്ന കോടാനുകോടി കര്‍ഷകമക്കളെ തീറെഴുതിക്കൊടുക്കുന്ന അന്താരാഷ്ട്ര കരാറുകളുടെ പിന്നാമ്പുറങ്ങളിലേയ്ക്കിവിടെ വിരല്‍ ചൂണ്ടുന്നു. രാഷ്ട്രീയ ഭരണനേതൃത്വങ്ങളും കാര്‍ഷിക വിദഗ്ദ്ധരും കര്‍ഷകപ്രസ്ഥാനങ്ങളും പൊതുസമൂഹവും തുറന്നചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും മുന്നോട്ടുവരണം.

ഗാട്ട്, ആസിയാന്‍, ലോകവ്യാപാരസംഘടന എന്നീ പദങ്ങള്‍ ഇന്നേവര്‍ക്കും സുപരിചിതമാണ്. 1990 മുതല്‍ ഉദാരവല്‍ക്കരണത്തിലൂടെ തുറന്നുകൊടുത്ത ഇന്ത്യയുടെ കാര്‍ഷികമേഖലയ്ക്ക് വന്‍പ്രഹരമേല്‍പ്പിച്ച അന്താരാഷ്ട്ര കരാറുകളാണ് മേല്‍പ്പറഞ്ഞവ. ഇവയുടെ ആഘാതത്തില്‍ തളര്‍ന്നുവീണ കര്‍ഷകമക്കളുടെ നിലവിളികളുയരുമ്പോള്‍ അവസാന ആണി അടിക്കുവാനായി രണ്ടു പുതിയ അന്താരാഷ്ട്ര കരാറുകള്‍കൂടി അണിയറയില്‍ ഒരുങ്ങുന്നു. ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ് (TPP), റീജിയണല്‍ സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (RCEP).
ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ് (TPP)
ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ്, അമേരിക്കയുടെ നേതൃത്വത്തില്‍ ശാന്തസമുദ്രതീരത്തെ 12 രാഷ്ട്രങ്ങള്‍ ചേര്‍ന്നുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടിയാണ്.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാ ജ്യങ്ങളില്‍ ഗാട്ട് കരാറുകളിലൂടെയും ലോകവ്യാപാരസംഘടനയുടെ ദോഹ ഉടമ്പടികളിലൂടെയും നേടുവാന്‍ കഴിയാതെ പോയ സാമ്പത്തിക വ്യാപാര താല്പര്യങ്ങള്‍ നേടിയെടുക്കുവാന്‍ അമേരിക്കയും കൂട്ടുകക്ഷികളും നടത്തുന്ന ആസൂത്രിത ശ്രമങ്ങളില്‍ 2016 അവസാനത്തോടെ ഇന്ത്യയും പങ്കാളിയാകുവാന്‍ സാധ്യതകളേറെ. ജനസംഖ്യകൊണ്ട് ലോകത്തില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യം നിയന്ത്രണങ്ങളില്ലാത്ത ആഗോളവിപണിക്കായി തുറന്നുകൊടുക്കപ്പെടും. ഇത് ചുങ്കമില്ലാത്ത ഇറക്കുമതിക്ക് കളമൊരുങ്ങും. അന്താരാഷ്ട്ര ഏജന്‍സികള്‍ ഇന്ത്യന്‍ വിപണിയില്‍ വില നിശ്ചയിക്കുന്ന സാഹചര്യമുണ്ടാകും. അംഗരാഷ്ട്രങ്ങളില്‍ നിന്നുള്ള മൂലധന ഒഴുക്ക് നിയന്ത്രണങ്ങളില്ലാതെ നിര്‍ബാധം തുടരുക മാത്രമല്ല ഊഹക്കച്ചവടങ്ങള്‍ പൊടിപൊടിക്കും. അന്താരാഷ്ട്ര കോര്‍പ്പറേറ്റുകളുടെ അടിമകളായി കോടിക്കണക്കിനായ കര്‍ഷകമക്കളെ നിത്യദുരിതത്തിലേയ്ക്ക് തള്ളിവിടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍ ഇന്ത്യ കക്ഷി ചേര്‍ന്നിട്ടില്ലെങ്കിലും ഇതിനോടകം നടന്ന ഉന്നതതലചര്‍ച്ചകള്‍ ഇന്ത്യയ്ക്കും കരാറില്‍ നിന്ന് മാറിനില്‍ക്കാനാവില്ലെന്നുള്ള സൂചനകളാണ് നല്‍കുന്നത്.
റീജിയണല്‍ സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (RCEP)
ഗാട്ട് കരാറും, ലോകവ്യാപാര സംഘടനയുടെ നിബന്ധനകളും, ആസിയാന്‍ കരാറും നിലനില്‍ക്കെ അമേരിക്കയുടെ നേതൃത്വത്തിലുള്ള ട്രാന്‍സ് പസഫിക് പാര്‍ട്ട്ണര്‍ഷിപ്പിന് ബദല്‍ സംവിധാനമൊരുക്കിയാണ് ചൈനയുടെ നേതൃത്വത്തില്‍ മറ്റൊരു പുത്തന്‍ സാമ്പത്തിക ഉടമ്പടിയും രൂപപ്പെട്ടുവരുന്നത്. ആസിയാന്‍ രാജ്യങ്ങളും ഇന്ത്യയുള്‍പ്പെടെ ആറ് രാഷ്ട്രങ്ങളും ഒരു കുടക്കീഴില്‍ അണിചേര്‍ന്ന് റീജണല്‍ സംയോജിത സാമ്പത്തിക പങ്കാളിത്ത (Regional Comprehensive Economic Partnership- RCEP) അന്താരാഷ്ട്ര കരാറിലൂടെ സ്വതന്ത്രവ്യാപാരത്തിന്‍റെ പുതിയ വാതിലുകള്‍ തുറക്കപ്പെടുമ്പോള്‍ ഇടിവെട്ടിയവനെ പാമ്പു കടിച്ച അവസ്ഥയിലാകും ഇന്ത്യയുടെ കാര്‍ഷികമേഖല.
പത്ത് തെക്കുകിഴക്ക് ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് നേഷന്‍സ് അഥവാ ആസിയാന്‍. മലേഷ്യ, ലാവോസ്, ഇന്തോനേഷ്യ, കംബോഡിയ, മ്യാന്മാര്‍ (ബര്‍മ്മ) ബ്രൂണെ, ഫിലിപ്പിന്‍സ്, സിംഗപ്പൂര്‍, തായ്ലണ്ട്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ആസിയാനില്‍ അംഗങ്ങളായിട്ടുള്ളത്. കൂടാതെ ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും ആസിയാന്‍ രാജ്യങ്ങളുമായി ഇതിനോടകം സ്വതന്ത്രവ്യാപാരക്കരാറിലുമാണ്. ആസിയാന്‍ രാജ്യങ്ങളും ആസ്ത്രേലിയ, ഇന്ത്യ, ജപ്പാന്‍, ചൈന, ന്യൂസിലന്‍റ്, തെക്കന്‍ കൊറിയ, എന്നീ ആറ് രാജ്യങ്ങളും ചേര്‍ന്നതാണ് പുതിയതായി രൂപീകരിച്ച് അവസാനറൗണ്ട് ചര്‍ച്ചകളിലെത്തി ഒപ്പിടാനൊരുങ്ങുന്ന സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടി.
തെക്കുകിഴക്കന്‍ ഏഷ്യയിലെ പതിനാറ് രാജ്യങ്ങളെ കോര്‍ത്തിണക്കി സ്വതന്ത്ര വ്യാപാരക്കരാര്‍ ഉണ്ടാക്കണമെന്ന ചൈനയുടെ നിര്‍ദ്ദേശവും പശ്ചിമേഷ്യയില്‍ സംയോജിത സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തണമെന്ന ജപ്പാന്‍റെ അഭിപ്രായവും ഉള്‍ക്കൊണ്ടുകൊണ്ടാണ് ആസിയാന്‍ രാ ജ്യങ്ങള്‍ മുന്‍കൈയെടുത്ത് ഈ പുത്തന്‍ പങ്കാളിത്തത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ഇന്‍ഡ്യയിലെ മുന്‍ യുപിഎ സര്‍ക്കാര്‍ ഈ ചര്‍ച്ചകള്‍ക്ക് പച്ചക്കൊടി കാണിച്ചപ്പോള്‍ സംയോജിത സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രാബല്യത്തിലാക്കുവാനുള്ള നീക്കങ്ങളും ഊര്‍ജ്ജിതമായി. 2011 നവംബര്‍ 14-19 വരെ ഇന്തോനേഷ്യയില്‍ നടന്ന ആസിയാന്‍ രാജ്യങ്ങളുടെ 19-ാം ഉച്ചകോടിയിലാണ് ആദ്യമായി സംയോജിത സാമ്പത്തിക പങ്കാളിത്തമെന്ന ആ ശയം അവതരിപ്പിക്കുന്നത്. തുടര്‍ ന്ന് 2012 ഓഗസ്റ്റ് 25 മുതല്‍ സെ പ്തംബര്‍ 1 വരെ കമ്പോഡിയയില്‍ ചേര്‍ന്ന ആസിയാന്‍ രാജ്യങ്ങളിലെയും ഇന്ത്യയുള്‍പ്പെടെ പ ങ്കാളിത്ത രാജ്യങ്ങളിലെയും സാമ്പത്തികകാര്യമന്ത്രിമാരുടെ സമ്മേളനം 16 രാജ്യങ്ങളുമായുള്ള സ്വതന്ത്രവ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ചയാരംഭിക്കുവാന്‍ പ്രഖ്യാപനം നടത്തി.
2016 ഫെബ്രുവരി 15-19 വരെ ബ്രൂണെയില്‍ ചേര്‍ന്നത് ആര്‍സിഇപിയുടെ 11-ാം റൗണ്ട് സമ്മേളനമാണ്. പന്ത്രണ്ടാം റൗണ്ട് 2016 ഏപ്രിലില്‍ ഓസ്ട്രേലിയയിലെ പെര്‍ത്തിലും പതിമൂന്നാം റൗണ്ട് 2016 ജൂണില്‍ ന്യൂസിലാന്‍റിലും ചേരും. അവസാനമായി പതിന്നാ ലാം റൗണ്ട് ലാവോസില്‍ 2016 സെപ്റ്റംബറില്‍ ചേര്‍ന്ന് കരാറിന്‍റെ അവസാന പ്രഖ്യാപനമുണ്ടാകുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍.
ഇന്തോനേഷ്യയുടെ ലോകവ്യാപാര സംഘടനയുടെ സ്ഥിരം ഉപപ്രതിനിധിയായ ഇമാന്‍ പാമ്പജിയോയായിരുന്നു ബ്രൂണെ റൗണ്ട് സമ്മേളനത്തിന്‍റെ ചെയര്‍മാന്‍. അമേരിക്കയുടെ നേതൃത്വത്തിലുള്ള ട്രാന്‍സ് പസഫിക് പാര്‍ട്ട്ണര്‍ഷിപ്പിന് വെല്ലുവിളിയുയര്‍ത്തുന്ന കൂട്ടായ്മ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഇമാന്‍ പറയുന്നു. പക്ഷെ ബ്രൂണയും ജപ്പാനും ആസ്ത്രേലിയയുമുള്‍പ്പെടെ പല രാജ്യങ്ങളും അമേരിക്ക നേതൃത്വം നല്‍കുന്ന ട്രാന്‍സ് പസഫിക് പാര്‍ട്ട്ണര്‍ ഷിപ്പിന്‍റെ ഭാഗമാണെന്നുള്ളത് വിരോധാഭാസമായി നിലനില്‍ക്കുന്നു.
അതിര്‍ത്തികളില്ലാത്ത അന്താരാഷ്ട്ര ഉടമ്പടികള്‍ ലക്ഷ്യമിടുന്നത്
ചരക്കുവ്യാപാരം. സേവനമേഖലകള്‍, നിക്ഷേപം, സാമ്പത്തിക സാങ്കേതിക സഹകരണങ്ങള്‍, മത്സരക്ഷമത, സാമ്പത്തിക വ്യാപാരരംഗങ്ങളിലെ പ്രശ്നപരിഹാരമാര്‍ഗ്ഗങ്ങള്‍ എന്നീ തലങ്ങളില്‍ ശക്തമായ കൂട്ടായ്മയും അതിര്‍വരമ്പുകളില്ലാത്ത തുറന്ന സമീപനവും ലക്ഷ്യം വയ്ക്കുന്നതാണ് പുതിയ ഉടമ്പടിയെന്നും വ്യക്തമാക്കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ മൂന്നു തലങ്ങളിലുള്ള കൂടിയാലോചനകള്‍ക്ക് തുടക്കവും കുറിച്ചു.
ഒന്നാമതായി ഗാട്ട്, ലോകവ്യാപാര സംഘടന, ആസിയാന്‍ കരാറുകളിലൂടെ വിവിധ രാജ്യങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇറക്കുമതി നിയന്ത്രണങ്ങളും ഇറക്കുമതിച്ചുങ്കവും എടുത്തുകളയുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യുകയാണ്. ഉദാഹരണ സഹിതം വ്യക്തമാക്കിയാല്‍ ഇപ്പോള്‍ റബറിന്‍റെ ഇറക്കുമതിതീ രുവ 25 ശതമാനമാണ്. ഈ കരാറിലൂടെ ഈ തീരുവ അഥവാ നികുതി എടുത്തുമാറ്റപ്പെടാം. നിലവിലുള്ള 25 ശതമാനത്തേക്കാള്‍ കുറഞ്ഞ നിരക്കിലേയ്ക്ക് തീരുവ മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട. നിലവിലുള്ള ഇറക്കുമതിച്ചുങ്കത്തിന്‍റെ 80 ശതമാനവും വെ ട്ടിച്ചുരുക്കണമെന്നാണ് ഇതിനോടകം നടന്ന പത്ത് റൗണ്ട് ചര്‍ച്ചകളിലും പങ്കാളിത്ത രാജ്യങ്ങള്‍ ആ വര്‍ത്തിച്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടാമതായുള്ളത് സേവനമേഖലയാണ്. പരസ്പര പൂരകങ്ങളായി 16 അംഗരാജ്യങ്ങളും ഉയര്‍ന്നനിലവാരത്തിലുള്ളതും സുസ്ഥിരവുമായ സേവനമേഖലകള്‍ ലോകവ്യാപാരസംഘടനയുടെ നിബന്ധനകള്‍ക്കനുസരിച്ചുള്ളത് കൂടുതല്‍ ശക്തിപ്പെടുത്തുവാനുള്ള കൂടിയാലോചനകള്‍ തുടരുന്നു.
മൂന്നാമതായി നിക്ഷേപരംഗമാണ്. വിവിധ രാജ്യങ്ങള്‍ നിക്ഷേപങ്ങള്‍ക്കായുള്ള അവസരമൊരുക്കും. ഹ്രസ്വ ദീര്‍ഘകാല നിക്ഷേപങ്ങളുടെ പ്രോത്സാഹനത്തിനും പരിപോഷിപ്പിക്കലിനും മാത്രമല്ല സംരക്ഷണത്തിനും സൗകര്യമൊരുക്കലിനും വിവിധ മേഖലകളില്‍ ഏകജാലകസംവിധാനങ്ങളും സ മ്പൂര്‍ണ്ണ ഉദാരവല്‍ക്കരണവും ആ സാമ്പത്തിക കരാര്‍ ലക്ഷ്യമിടുമ്പോള്‍ ഇന്ത്യയ്ക്ക് എത്രമാത്രം നേട്ടമുണ്ടാക്കാമെന്ന് കണ്ടറിയണം.
പത്ത് ആസിയാന്‍ അംഗരാജ്യങ്ങളും ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളുമാണ് ആര്‍.സി.ഇ.പിയില്‍ അംഗങ്ങളെന്നു സൂചിപ്പിക്കുന്നുണ്ടെങ്കിലും 16 രാജ്യങ്ങളായി അംഗസംഖ്യപരിമിതപ്പെടുത്തുന്നില്ല. ഇതിനര്‍ത്ഥം വിദൂരഭാവിയില്‍ ഇ വര്‍ക്കുപുറമെ പുതിയ സാമ്പത്തികപങ്കാളികള്‍ ഈ കൂട്ടായ്മയിലേയ്ക്ക് കടന്നുവരും. പ്രത്യേകിച്ച് മധ്യഏഷ്യയിലെയും തെക്കനേഷ്യയിലെയും ഇതരരാജ്യങ്ങളും പസഫിക് മഹാസമുദ്രത്തിലെ ദ്വീ പുസമൂഹങ്ങളും.
റീജണല്‍ സംയോജിത സാമ്പത്തിക പങ്കാളിത്തത്തിന്‍റെ (RCEP) ബാക്കിപത്രം
പത്ത് ആസിയാന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി മുന്‍സീറ്റിലിരുന്ന് നിയന്ത്രിക്കുന്ന ഈ സാമ്പത്തിക കരാറിന്‍റെ ബുദ്ധികേന്ദ്രം ജപ്പാനാണെങ്കിലും ഇന്ത്യ പച്ചക്കൊടികാട്ടി ചര്‍ച്ചകളില്‍ ആവര്‍ത്തിച്ച് പിന്തുണക്കുന്നു. 16 രാജ്യങ്ങള്‍ ഒരു ബ്ലോക്കായി മാറുമ്പോള്‍ ലോകത്തിന്‍റെ വ്യാപാരത്തെ നിയന്ത്രണവിധേയമാക്കി കൈപ്പിടിയിലാക്കാമെന്നാണ് കണക്കുകൂട്ടല്‍. പക്ഷേ ഇതിന്‍റെ പേരില്‍ ജപ്പാനും ചൈനയും 10 ആസിയാന്‍ രാജ്യങ്ങളും നേട്ടമുണ്ടാക്കുമ്പോള്‍ ഇന്ത്യയെ ഒരുപകരണമാക്കി ഈ നാടിന്‍റെ കാര്‍ഷികമേഖലയുള്‍പ്പെടെയുള്ള വിവിധ തലങ്ങളില്‍ വെല്ലുവിളികള്‍ ഉയരുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്.
ഇപ്പോള്‍തന്നെ മേല്‍സൂചിപ്പിച്ച രാജ്യങ്ങള്‍ തമ്മില്‍ വ്യക്തിപരമായ കച്ചവട കരാറുകള്‍ നിലവിലുണ്ട്. ലോകവ്യാപാരസംഘടനയുടെ നിബന്ധനകള്‍ കൂടാതെ ഇറക്കുമതിയുള്‍പ്പെടെ വിവിധ വ്യാപാരതലങ്ങളില്‍ ഇതര നിയന്ത്രണങ്ങളുമുണ്ട്. പുത്തന്‍സാമ്പത്തിക കരാറിലൂടെ ഇതെല്ലാം എടുത്തുകളയുമ്പോള്‍ തകര്‍ന്നുപോകുന്ന ഇന്ത്യയും പ്രത്യേകിച്ച് നമ്മുടെ കാര്‍ഷികമേഖലയുമാണെന്നത് അധികാരകേന്ദ്രങ്ങള്‍ മനഃപൂര്‍വ്വം മറച്ചുവെക്കുന്നതായി സംശയിക്കപ്പെടുന്നു.
സ്വതന്ത്രവ്യാപാരത്തിന്മേല്‍ ജപ്പാനും ചൈനയും, ഇന്ത്യയും ചൈനയും തമ്മിലും ഇതിനോടകം ഉഭയകക്ഷിബന്ധം പൂര്‍ണ്ണരൂപത്തിലില്ല. ഇതിനാല്‍തന്നെ ഈ രാജ്യങ്ങള്‍ക്കൂടി ഉള്‍പ്പെട്ട 16 അംഗ ആര്‍.സി.ഇ.പി കൂട്ടുകെട്ടില്‍ കയറ്റ് -ഇറക്കുമതിയില്‍ കൂടുതല്‍ വ്യക്തതകള്‍ ഉണ്ടാകണം. ചൈനയുടെ വിവിധ ഉല്പന്നങ്ങള്‍ക്ക് ഇന്ത്യയുടെ പൊതുവിപണിയിലുള്ള സ്വാധീനവും ഇതുമൂലം ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് ഉല്പാദനച്ചെലവിനെ അതിജീവിച്ചുകൊണ്ട് വിപണി കണ്ടെത്തുവാനുള്ള പ്രായോഗികബുദ്ധിമുട്ടും കുറെനാളുകളായി നമുക്ക് നേരിട്ടറിയാവുന്നതാണ്. ഈ കരാറിലൂടെ സ്വതന്ത്രവ്യാപാരം അതും ഇറക്കുമതിച്ചുങ്കമില്ലാതെ നടപ്പിലാകുമ്പോള്‍ മങ്ങലേല്‍ക്കുന്നത് ഇന്ത്യയുടെ വ്യവസായിക മേഖലകൂടിയാണ്.
കഴിഞ്ഞ നാളുകളില്‍ ഇന്ത്യ പങ്കാളിയായ വിവിധ അന്താരാഷ്ട്ര കരാറുകള്‍ സൃഷ്ടിച്ചിരിക്കു ന്ന പ്രതിസന്ധികള്‍ അതിജീവിക്കാനാകാതെ കാര്‍ഷികമേഖലയുള്‍പ്പെടെ വിവിധ തലങ്ങള്‍ തകര്‍ന്നടിയുമ്പോള്‍ സംയോജിത സാമ്പത്തിക കരാറിലൂടെയും ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പിലൂടെയും രൂപപ്പെടുന്ന ഉദാരവല്‍ക്കരണങ്ങള്‍ പിന്നെയും പ്ര ശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കും.
പുത്തന്‍ ഉടമ്പടികളും ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ വെല്ലുവിളികളും
ഗാട്ട് കരാറിനെത്തുടര്‍ന്ന് ലോകവ്യാപാരസംഘടന 1995 ജനുവരി 1 മുതല്‍ ഉല്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ നിശ്ചയിച്ചിട്ടുണ്ട്. പ്രകൃതിദത്ത റബറിനെ വ്യവസായിക അസംസ്കൃതവസ്തുവായിട്ടാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്; കാര്‍ഷികോല്പന്നമായിട്ടല്ല. ഇവയ്ക്കെല്ലാം പരമാവധി ഇറക്കുമതിത്തീരുവ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ പ്രഖ്യാപനങ്ങളിലേയ്ക്കടുക്കുന്ന സംയോജിത സാമ്പത്തിക കൂട്ടുകെട്ടില്‍ ഇറക്കുമതിത്തീരുവ പരിപൂര്‍ണ്ണമായി എടുത്തുകളയണമെന്ന നിലപാടാണ് ചര്‍ച്ചകളിലുടനീളം ആസിയാന്‍ രാജ്യങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ചൈനയും ജപ്പാനും ഇതിന് പിന്തുണയും നല്‍കുന്നു. ഇതിന്‍റെ പ്രത്യാഘാതം അനുഭവിക്കുന്നത് പ്രധാനമായും ഇന്ത്യയാണ്. 25 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തിയിട്ടുപോലും റബറിന്‍റെ വിലത്തകര്‍ച്ച നാം നേരിടുകയാണ്. ഈയവസ്ഥയില്‍ തീരുവ തുടച്ചുനീക്കിയുള്ള ഒരു കരാര്‍ റബറുള്‍പ്പെടെ കാര്‍ഷികമേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കും. ഇതേ പ്രശ്നങ്ങള്‍ അരി, പാമോയില്‍, തേയില, കാപ്പി, കുരുമുളക്, ഏലം തുടങ്ങിയ ഇതര കാര്‍ ഷികോല്പന്നങ്ങളും നേരിടേണ്ടിവരും. തകര്‍ച്ച നേരിടാവുന്ന മറ്റൊന്ന് ക്ഷീരോല്പാദന മേഖലയാണ്.
ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ ഷിപ്പിലെ അംഗരാജ്യങ്ങളിലും ആസിയാന്‍ രാജ്യങ്ങളിലും കാര്‍ഷികമേഖലയില്‍ ഉല്പാദനച്ചെലവിനെ അടിസ്ഥാനമാക്കി, അതിനേക്കാള്‍ 50 ശതമാനം ലാഭവിഹിതം കണക്കാക്കി സര്‍ക്കാര്‍ വില നിശ്ചയിച്ച് സംഭരിക്കുന്ന രീതിയാണുള്ളത്. കൂടാതെ ആനുപാതികമായ കാര്‍ഷിക സബ്സിഡിയും നല്‍കും. കൃഷിയെ പ്രോത്സാഹിപ്പിക്കുവാന്‍ വിവിധ രാജ്യങ്ങള്‍ ഒട്ടേറെ പദ്ധതികളുമായി മത്സരിച്ചു മുന്നേറുമ്പോള്‍ ഓരോ വര്‍ഷവുമുള്ള നടപടികളില്ലാത്ത ബഡ്ജറ്റ് പ്രഖ്യാപനത്തിലൂടെ ഇന്ത്യയിലെ കാര്‍ഷകജനതയോട് മുഖംതിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ക്കു മുമ്പില്‍ പുത്തന്‍ അന്താരാഷ്ട്ര ഉടമ്പടികളിലൂടെ നികുതിരഹിത ഇറക്കുമതിക്ക് കവാടങ്ങള്‍ തുറക്കും. ഇതോടെ ഈ നാടിന്‍റെ കാര്‍ഷികത്തകര്‍ച്ച ഉറപ്പാകും.
സ്വതന്ത്ര വ്യാപാരക്കരാറിലൂടെ ഉടലെടുക്കുന്ന അനിയന്ത്രിത ഇറക്കുമതിക്ക് തടയിടുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇതുവരെ ആര്‍സിഇപിയുടെ പതിനൊന്ന് റൗണ്ടു സമ്മേളനങ്ങളില്‍ തുറന്നുകിട്ടിയിട്ടില്ല. കാര്‍ഷിക രംഗത്ത് അമേരിക്കയോടും ആസിയാന്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളോടും മത്സരിച്ചുനേടുവാനുള്ള സംവിധാനങ്ങളും കാര്യക്ഷമതയും നമുക്കുണ്ടോയെന്ന് വിലയിരുത്തണം.
2016 ഫെബ്രുവരി 29-ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബജറ്റില്‍ ഭക്ഷ്യമേഖലയില്‍ ഉല്പാദനം, സംഭരണം, സംസ്കരണം, വിപണനം എന്നീ തലങ്ങളില്‍ 100 ശതമാനം വിദേശനിക്ഷേപത്തിനായി തുറന്നുകൊടുക്കുന്നുവെന്ന നിര്‍ദ്ദേശം ഈ അ ന്താരാഷ്ട്ര കരാറുകളുമായി കൂട്ടിവായിക്കേണ്ടതാണ്. കര്‍ഷകന്‍റെ വരുമാനം 2022-ഓടെ ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം നിലനില്‍ക്കെ കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍ ഇന്ത്യയ്ക്ക് എന്നും വെല്ലുവിളികളുയര്‍ത്തുന്ന രാജ്യങ്ങളുമായി ഇറക്കുമതിത്തീരുവകളില്ലാത്ത സ്വതന്ത്രവ്യാപാരക്കരാറില്‍ ഏര്‍പ്പെടുമ്പോള്‍ തകര്‍ന്നടിയുന്നത് മണ്ണിന്‍റെ മക്കളുടെ ജീവിത പ്ര തീക്ഷകളും സ്വപ്നങ്ങളുമാണെന്നുള്ളത് മറക്കരുത്.
മേല്പറഞ്ഞ കരാറുകളെക്കുറിച്ച് പൊതുസമൂഹത്തിന് ഔദ്യോഗിക വിശദീകരണം നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നത് ജനാധിപത്യത്തിന്‍റെ മഹത്ത്വത്തെ കളങ്കപ്പെടുത്തുന്നു. ജനങ്ങളുടെ എതിര്‍പ്പുകളെ ഭയന്ന് രഹസ്യമാക്കി വെയ്ക്കുന്ന ഉടമ്പടിവിശദാംശങ്ങള്‍ വരുംനാളുകളില്‍ പുറത്തുവരുമ്പോഴുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമാണ്.
1990-ലെ സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികളും, 1994- ലെ ഗാട്ടുകരാറും, 1995-ലെ ലോകവ്യാപാര സംഘടനയില്‍ അംഗത്വവും, 1996-ലെ ആസിയാന്‍ റീജണല്‍ ഫോറത്തിലെ പങ്കാളിത്തവും, 2002-ലെ ഇന്ത്യ ആസിയാന്‍ ഉച്ചകോടിയും, 2003-ലെ ആസിയാന്‍ സാമ്പത്തിക സഹകരണവും, 2004-ലെ ആസിയാന്‍ അംഗരാജ്യങ്ങളുമായുള്ള സ്വതന്ത്രവ്യാപാര കരാറും, 2009-ലെ ചരക്കുകടത്തുനിയന്ത്രണങ്ങള്‍ എടുത്തുമാറ്റലും ഉള്‍പ്പെടെ ഇന്ത്യ ഏര്‍പ്പെട്ട അന്താരാഷ്ട്ര കരാറുകളുടെ വന്‍ വീഴ്ചകള്‍ അതിരൂക്ഷമായി കാലങ്ങള്‍ക്കുശേഷം കാര്‍ഷികമേഖല അനുഭവിക്കുകയാണ്. മേല്‍കരാറുകള്‍ക്ക് കുടപിടിച്ചവരും ആവേശത്തോടെ ന്യായീകരിച്ചവരും ഇന്ന് പരസ്പരം പഴിചാരി നിറംമാറുമ്പോള്‍ തകര്‍ന്നടിഞ്ഞ മണ്ണില്‍ തളര്‍ന്നിരുന്നു തേങ്ങുന്ന ദുര്‍ഗതിയിലാണ് ഭാരതത്തിലെ പ്രത്യേകിച്ച് കേരളത്തിലെ കര്‍ഷകര്‍. ഗോതമ്പും, ചോളവും, ആപ്പിളും, മാങ്ങയും, കരിമ്പും, പരുത്തിയുമുള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ കൃഷിഭൂമിയില്‍ വിലയിടിവിന്‍റെ നിഴലുകള്‍ കണ്ടാല്‍ കോടികളുടെ സഹായധനവുമായി പുറകെയെത്തുന്ന കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങള്‍ കേരളത്തിലെ കാര്‍ഷികമേഖലയെ സമ്പന്നമാക്കിയവരുടെയും മണ്ണിനെ പൊന്നാക്കി വിളവെടുത്തവരുടെയും നേരെ നിഷേധനിലപാടുകളുമായി ക്രൂരതകാട്ടുന്നു. അഴിമതിയില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്കും വിവാദങ്ങളെ വിനോദമാക്കുന്നവര്‍ക്കും അധികാരകേന്ദ്രങ്ങളുടെ അകത്തളങ്ങളിലിരുന്ന് ആസ്വാദനം നടത്തുന്നവര്‍ക്കും ജനാധിപത്യം അട്ടിമറിച്ച് ബ്യൂറോക്രസിയുടെ കൈകളില്‍ കാര്‍ഷികമേഖലയെ അമ്മാനമാടിക്കളിക്കുന്നവര്‍ക്കും ഈ നാട്ടിലെ മണ്ണില്‍ പണിയെടുക്കുന്ന ജനസമൂഹത്തിന്‍റെ നൊമ്പരങ്ങളെയും നെടുവീര്‍പ്പുകളെയും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ലെന്നുള്ളതിന്‍റെ ഉദാഹരണമായി റീജിയണല്‍ സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയും ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ് കരാറും ഒരുപക്ഷേ മാറിയേക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org