Latest News
|^| Home -> Cover story -> കരയരുത്, കൈകോര്‍ത്ത് മുന്നോട്ട്, മുന്നോട്ട്…

കരയരുത്, കൈകോര്‍ത്ത് മുന്നോട്ട്, മുന്നോട്ട്…

sathyadeepam

-ആന്റണി ചടയംമുറി

കമ്പോള-ആഗോളവത്കരണ ശക്തികളുമായുള്ള സൗഹൃദത്തില്‍ രാഷ്ട്രീയപാര്‍ട്ടികളോടൊപ്പം രാജ്യത്തെ ഫാസിസ്റ്റ് ശക്തികളും കൈ കോര്‍ത്തു കഴിഞ്ഞു. ദളിതരെ ഇല്ലായ്മ ചെയ്യുകയെന്ന ലളിതമായ സാമൂഹികാക്രമണശൈലി നടപ്പാക്കുന്നതിലൂടെ ഉന്നതകുലജാതരുടെ സാന്നിദ്ധ്യം മാത്രമുള്ള ഒരു രാഷ്ട്രത്തെക്കുറിച്ച് അവര്‍ സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു. ഭാരതം ഒരു മതത്തില്‍പ്പെട്ടവരുടെ മാത്രം രാജ്യമാണെന്നും മറ്റു മതക്കാര്‍ രാജ്യം വിട്ടുപോകുന്നതാണു നല്ലതെന്നുമുള്ള ചില പ്രസ്ഥാനക്കാരുടെ രഹസ്യപ്രചാരണം ഇന്നു പരസ്യമായിത്തന്നെ വിളിച്ചു പറയാന്‍ ചില നേതാക്കള്‍ക്കു മടിയില്ല. ഈ ചുവടുമാറ്റത്തിനു കാരണം, രാജ്യം ഭരിക്കാന്‍ കിട്ടിയ അവസരം സ്വന്തം സങ്കുചിതചിന്തകള്‍ക്ക് തണലൊരുക്കാന്‍ ചിലര്‍ ഉപയോഗിക്കുന്നുവെന്നുതന്നെയല്ലേ?

ദളിതര്‍ എന്ന സമൂഹനാമം അവര്‍ സ്വയം സ്വീകരിച്ചതാണ്. മ്ലേച്ഛര്‍, ദസ്യൂക്കള്‍, രാക്ഷസന്മാര്‍, ഹരിജനങ്ങള്‍, പട്ടികജാതിക്കാര്‍ എന്നിങ്ങനെ ചാര്‍ത്തിക്കിട്ടിയ പേരുകളിലെ കാപട്യമാണു ‘ദളിതര്‍’ എന്ന സമൂഹനാമത്തിലേക്ക് അവര്‍ സ്വയം ആനയിക്കപ്പെടാന്‍ കാരണമായത്. വിക്കിപീഡിയയില്‍ ബി.ആര്‍. അംബേദ്കറാണു പിന്നോക്ക ജനവിഭാഗങ്ങളെ ദളിതരെന്നു വിശേഷിപ്പിച്ചതെന്നു പറയുന്നുണ്ട്. ആപരാമര്‍ശം തെറ്റാണെന്നു ദളിതരുടെ ചരിത്രം പറയുന്നു. നാം ദിയെ ദാസാല്‍ എന്ന മറാത്തി യുവാവാണു ‘ദളിത്’ എന്ന പദത്തിന്റെ ഉപജ്ഞാതാവ്. ‘ദല്‍’ എന്നാല്‍ ‘നശിപ്പിക്കപ്പെട്ട’, ‘തകര്‍ക്കപ്പെട്ട’, ‘പിളര്‍ക്കപ്പെട്ട’, ‘ചവിട്ടിയരയ്ക്കപ്പെട്ട’, ‘പൊട്ടിച്ചെറിഞ്ഞ’ എന്നെല്ലാം അര്‍ത്ഥമുണ്ട്. ഭാരതത്തിലെ ദളിതര്‍ക്ക് ഇപ്പോള്‍ ഈ വിശേഷണങ്ങളെല്ലാം തന്നെ യോജിക്കുമെന്നു മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ദളിതര്‍ക്കു നേരെ ഏറ്റവും ഒടുവിലായി ഉണ്ടായ ആക്രമണം ഗുജറാത്തിലെ ഉനയില്‍ നിന്നാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചത്ത പശുവിന്റെ തൊലിയുരിഞ്ഞ നാലു ദളിത് യുവാക്കളെ വാഹനത്തില്‍ കെട്ടിയിട്ടു തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ നിറഞ്ഞു. രാജ്യമൊട്ടാകെ പ്രതിഷേധം അലയടിച്ചു. പലപ്പോഴും ഇത്തരം സംഭവങ്ങളോടു പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഉനയിലെ ഗോസംരക്ഷകരെ കപട ഗോസംരക്ഷകരെന്നു പരസ്യമായി ആക്ഷേപിച്ചു. എന്നാല്‍ ബിജെപിയോട് അനുഭാവം പുലര്‍ത്തുന്ന ചില ഫാസിസ്റ്റ് ശക്തികള്‍ നാളുകളായി ദളിതരെ ആക്രമിക്കുന്നതില്‍ ഹരം കണ്ടെത്തുന്നതായി സാമൂഹ്യനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
കമ്പോള-ആഗോളവത്കരണ ശക്തികളുമായുള്ള സൗഹൃദത്തില്‍ രാഷ്ട്രീയപാര്‍ട്ടികളോടൊപ്പം രാജ്യത്തെ ഫാസിസ്റ്റ് ശക്തികളും കൈകോര്‍ത്തു കഴിഞ്ഞു. ദളിതരെ ഇല്ലായ്മ ചെയ്യുകയെന്ന ലളിതമായ സാമൂഹികാക്രമണശൈലി നടപ്പാക്കുന്നതിലൂടെ ഉന്നതകുലജാതരുടെ സാന്നിദ്ധ്യം മാത്രമുള്ള ഒരു രാഷ്ട്രത്തെക്കുറിച്ച് അവര്‍ സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു. ഭാരതം ഒരു മതത്തില്‍പ്പെട്ടവരുടെ മാത്രം രാജ്യമാണെന്നും മറ്റു മതക്കാര്‍ രാജ്യം വിട്ടുപോകുന്നതാണു നല്ലതെന്നുമുള്ള ചില പ്രസ്ഥാനക്കാരുടെ രഹസ്യപ്രചാരണം ഇന്നു പരസ്യമായിത്തന്നെ വിളിച്ചു പറയാന്‍ ചില നേതാക്കള്‍ക്കു മടിയില്ല. ഈ ചുവടുമാറ്റത്തിനു കാരണം, രാജ്യം ഭരിക്കാന്‍ കിട്ടിയ അവസരം സ്വന്തം സങ്കുചിതചിന്തകള്‍ക്ക് തണലൊരുക്കാന്‍ ചിലര്‍ ഉപയോഗിക്കുന്നുവെന്നുതന്നെയല്ലേ?
ദളിതര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ബിജെപി കേന്ദ്രത്തില്‍ അധികാരമേറ്റതോടെ വര്‍ദ്ധിച്ചു വെന്നു കണക്കുകള്‍ പറയുന്നു. 2014-ല്‍ ദളിതര്‍ക്കു നേരെയുള്ള ആക്രമണം 19 ശതമാനം വര്‍ദ്ധിച്ചു (എന്നാല്‍ ഈ ആക്രമണകേസുകളില്‍ ശിക്ഷിക്കപ്പെട്ടതു വെറും 5 ശതമാനമാണ്!). കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത 25 വിദ്യാര്‍ത്ഥികളില്‍ 23 പേരും ദളിതരായിരുന്നു! ഇനി മോദിയുടെ നാട്ടിലെ സ്ഥിതിയോ? ദളിതര്‍ക്കെതിരെയുള്ള അക്രമം ഗുജറാത്തില്‍ അഞ്ചു മടങ്ങു വര്‍ദ്ധിച്ചു. അതായത് 2014-ല്‍ ദളിതരെ ആക്രമിച്ചതിന് 1130 കേസുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ 2015-ല്‍ ഇത് 6655 ആയി. യുപിയില്‍ 2015-ല്‍ 8946 ദളിത് പീഡനമുണ്ടായി. ബിജെപി അധികാരത്തിലുള്ള ഛത്തീസ്ഗഡില്‍ 2014-ല്‍ 1160 കേസുകളേ ഉണ്ടായിരുന്നുള്ളൂ. 2015-ല്‍ ഇതു മൂവായിരമായി.
യുപി, പഞ്ചാബ്, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ എത്തിനില്‌ക്കെ ദളിത് പീഡനങ്ങളുടെ വര്‍ദ്ധനവു ബിജെപിയുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. അതുകൊണ്ടാകാം കഴിഞ്ഞ കേന്ദ്രമന്ത്രിസഭാ വികസനത്തില്‍ 19 കേന്ദ്രമന്ത്രിമാരില്‍ അഞ്ച് ദളിതരെയും രണ്ടു പിന്നോക്കക്കാരെയും മോദി ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഉത്തരേന്ത്യയിലെങ്ങും ദളിതര്‍ക്കു നേരെ അരങ്ങേറുന്ന അക്രമങ്ങള്‍ മോദിയുടെ പുതിയ രാഷ്ട്രീയതന്ത്രങ്ങളെ നിഷ്പ്രഭമാക്കിക്കഴിഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയില്‍, 1976-ല്‍ എഴുതിച്ചേര്‍ക്കപ്പെട്ട മതേതരത്വമെന്ന പദത്തിന്റെ ചമയചാരുത സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ഭരണഘടനയില്‍ എഴുതിവയ്ക്കപ്പെട്ടിട്ടുള്ള ”മതപരമായ സ്വാതന്ത്ര്യവും ആചാരപരമായ നിഷ്പക്ഷതയും പരിഷ്‌കരണപരമായ നീതിയും”….
….എന്ന മതേതരത്വ നിര്‍വചനം മോദിയുടെ നാളുകളില്‍ എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്ന വിലയിരുത്തല്‍ അനിവാര്യമായി കഴിഞ്ഞു. രാഷ്ട്രപിതാവായ മഹാത്മജിയുടെ ‘സര്‍വ ധര്‍മ സമഭാവം’, നെഹ്‌റുവിന്റെ ‘എല്ലാ മതങ്ങളില്‍ നിന്നും സമദൂര’മെന്ന പ്രഖ്യാപിത നയങ്ങളില്‍നിന്നു മോദി ഭരണകൂടം അറിഞ്ഞോ അറിയാതെയോ വ്യതിചലിക്കുന്നുണ്ട്. ഈ ഇടര്‍ച്ചയാകട്ടെ ഏറ്റവും കൂടുതല്‍ മുറിപ്പെടുത്തുന്നത് ദളിത്- ആദിവാസി സമൂഹങ്ങളെയും ന്യൂനപക്ഷങ്ങളെയുമാണ്.
അമ്പതു വര്‍ഷത്തിലേറെയായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സാന്നിദ്ധ്യമറിയിച്ചിരുന്ന വര്‍ഗീയശക്തികള്‍ ഭരണത്തിന്റെ തണലില്‍ കഴുകച്ചിറകുകള്‍ വിടര്‍ത്തുമ്പോള്‍ ആഹിംസാത്മകമായ സാമൂഹിക ദുരന്തപാതയില്‍ വീണുപിടയുന്നവര്‍ ദളിതരായാലും ആദിവാസികളായാലും അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിന്റെ ചുമലിലുണ്ട്. പൊതുസമ്മേളനങ്ങളില്‍ ‘ദളിത് സംരക്ഷക’നെന്ന രീതിയില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ആ നിലപാടു പരസ്യമായി പ്രഖ്യാപിക്കുന്നതില്‍ ഇതിനകംതന്നെ വീഴ്ച വരുത്തിക്കഴിഞ്ഞു. ഇന്ത്യ ഹിന്ദുക്കളുടെ നാടാണെന്ന ദാമോദര്‍ സവര്‍ക്കറുടെ നിരീക്ഷണത്തിന്റെ (ഹിന്ദുത്വം എന്ന കൃതിയിലാണ് ഈ അവകാശവാദം) പശ്ചാത്തലത്തില്‍ വേരോടുന്ന ഫാസിസ പ്രവണതകള്‍ എന്തുകൊണ്ടു ദളിതരെ വേട്ടയാടുന്നുവെന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. ഒരര്‍ത്ഥത്തില്‍ ദളിതിസവും ബ്രാഹ്മണിസവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ചില ഫാസിസ്റ്റ് ശക്തികള്‍ ബ്രാഹ്മണിസത്തിന്റെ പക്ഷത്തേയ്ക്കു പൂര്‍ണമായി ചാഞ്ഞുകഴിഞ്ഞു. ചില പ്രസ്ഥാനങ്ങളുടെ രാമരാജ്യസങ്കല്പത്തിനു ബദലായി രൂപപ്പെട്ട ‘ബലിരാജ്യ’ത്തില്‍ പോലുമുണ്ട് അഭിമുഖീകരണത്തിന്റെ കനല്‍പ്പാടുകള്‍. ‘ബ്രാഹ്മണഹിതായ, ബ്രാഹ്മണസുഖായ’ (ബ്രാഹ്മണന്റെ സുഖവും സമൃദ്ധിയുമാണ് ഏറ്റവും പ്രധാനം) എന്ന മോലാള ചിന്താഗതികള്‍ക്കെതിരെ ബുദ്ധന്‍ ആവിഷ്‌കരിച്ച ‘ബഹുജനവിതായ, ബഹുജനസുഖായ’ (ബഹുജനങ്ങളുടെ സുഖവും സമൃദ്ധിയുമാണു പ്രധാനം) എന്ന വിശ്വാസപ്രമാണം ഇന്നും പ്രാവര്‍ത്തികമാക്കാന്‍ ഭാരതത്തിലെ ഭരണാധികാരികള്‍ക്കു കഴിഞ്ഞിട്ടില്ല. മാത്രമല്ല, വര്‍ണരഹിത, ജാതിരഹിത സമൂഹമെന്ന ബുദ്ധദര്‍ശനം ഭാരതത്തില്‍ വേരുപിടിക്കാന്‍ മേലാളജാതിക്കാര്‍ ഒരു കാലത്തും അനുവദിച്ചിട്ടുമില്ല. വര്‍ണ ധര്‍മത്തിന്റെ പരിപാലനത്തിനാണു രാജാവ് അഥവാ അധികാരിയെ ബ്രഹ്മാവ് സൃഷ്ടിച്ചിട്ടുള്ളതെന്ന ചില ഹൈന്ദവവിശ്വാസ ഇടര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ രൂപീകരിക്കപ്പെട്ടു കഴിഞ്ഞ രാഷ്ട്രീയ-ഭരണസംവിധാനങ്ങളുടെ ഇരളായി മാറുകയാണ് ഇന്നു ദളിതരും ആദിവാസികളും.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതോടെ രണ്ടു ജ്ഞാനസിദ്ധാന്ത വ്യവഹാരങ്ങള്‍ രൂപപ്പെട്ടു. വര്‍ണവ്യവസ്ഥയ്ക്കു കോട്ടം വരാത്ത ജനാധിപത്യവും ദളിത്-ബഹുജന്‍ ദേശീയതയ്ക്കുവേണ്ടിയുള്ള ഭരണക്രമവുമെന്ന മട്ടില്‍ ഇവ രണ്ടും മുഖാഭിമുഖം വന്ന നാളുകളില്‍ ഗാന്ധിജിയും അംബേദ്കറും ഈ സിദ്ധാന്തങ്ങളുടെ നേതൃനിരയില്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ അംബേദ്കറുടെ അകാലനിര്യാണത്തോടെ ദളിതരുടെ ഐക്യനിര ശിഥിലമായി. ആ ശൈഥില്യത്തിന്റെ കരിക്കട്ടകളില്‍ നിന്നു പോരാട്ടവീര്യം ഊതിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ക്കു പലപ്പോഴും രാഷ്ട്രീയനേട്ടങ്ങള്‍ക്കായുള്ള ചില ദളിത് നേതാക്കളുടെ അധികാരക്കസര്‍ത്തുകളില്‍ കാലിടറി വീഴുകയും ചെയ്തു.
മുഖ്യധാരാ മാധ്യമങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളോ ദളിതരോടും ആദിവാസികളോടും പ്രകടിപ്പിച്ച അവഗണനയെ മറികടക്കാന്‍ ഇന്നു നവമാധ്യമങ്ങള്‍ രംഗത്തുണ്ട്. ഗുജറാത്തിലെ ഉനയില്‍ അരങ്ങേറിയ ‘ദളിത് പീഡനം’ വളരെ പെട്ടെന്നു രാഷ്ട്രീയ, സാമൂഹികവേദികളില്‍ ചര്‍ച്ചയായതിനെ പ്രതിരോധിക്കാന്‍ ഭരണകൂടത്തിനുപോലും കഴിയാതെ പോയി. സമരങ്ങളുടെ വേലിയേറ്റത്തില്‍ തികച്ചും അജ്ഞാതനായിരുന്ന ഒരു യുവാവ് ദളിതരുടെ പക്ഷത്തുനിന്ന് ഉയര്‍ന്നുവന്നു കഴിഞ്ഞു. അഭിഭാഷകന്‍ കൂടിയായ ജിഗ്‌നേഷ് മെവാനി എന്ന ഈ യുവനേതാവ് ‘ഉനാ ദളിത് അത്യാചാര്‍ ഘടത് സമിതി’യുടെ കണ്‍വീനറാണ്. ചമാര്‍ സമുദായാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു ജിഗ്‌നേഷ് അഹമ്മദാബാദില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ദളിതരുടെ ചെറുത്തുനില്പിന്റെ പുതിയ സൂചകമായി മാറിക്കഴിഞ്ഞു.
ദളിതരുടെ സാമൂഹിക പിന്നോക്കാവസ്ഥയെ പ്രതിരോധിക്കാന്‍ മതങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടുണ്ടോയെന്ന ചോദ്യം തന്നെ അപ്രസക്തമാണ്. ഭാരതത്തിലെ ക്രൈസ്തവരില്‍ 70 ശതമാനത്തോളം ദളിതരാണെങ്കിലും അവര്‍ക്കു ക്രിസ്തുമതത്തില്‍ തന്നെ ‘വേര്‍തിരിവ്’ അനുഭവപ്പെടുന്നുവെന്ന് ഈയിടെ വിലപിച്ചതു തിരുവനന്തപുരം ആര്‍ച്ച്ബിഷപ് മോസ്റ്റ് റവ. ഡോ. സൂസപാക്യമാണ്. ക്രിസ്തുമതത്തില്‍ ദളിതരോടും അയിത്തമെന്ന വാര്‍ത്ത ജന്മഭൂമി ദിനപത്രം 2016 ജൂണ്‍ 9-ന് അഞ്ചു കോളം വരുന്ന തലവാചകത്തിനു കീഴിലാണു നല്കിയത്. ദളിതരെ ഭാരതമെങ്ങും അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന സ്വന്തം രാഷ്ട്രീയാനുഭാവികളെക്കുറിച്ചു ‘കമാ’ന്ന് ഒരക്ഷരം പറയാതെ ഈ പത്രം എന്തിനാണ് ഈ വാര്‍ത്ത ഇത്രയേറെ പ്രാധാന്യത്തോടെ നല്കിയതെന്നു നാം ചിന്തിക്കണം.
സാമൂഹിക വിശകലനത്തിനു മൂന്നു തലങ്ങളുണ്ട്: ഒന്ന്, ചരിത്രപരമായ വിശകലനം. രണ്ട്, ഘടനാപരമായ വിശകലനം, മൂന്ന്, സാംസ്‌കാരികമായ വിശകലനം. ചരിത്രപരമായ വിശകലനത്തില്‍ ഗോത്രസമൂഹങ്ങളെ പ്രഥമസ്ഥാനത്തു കാണാനാകും. പ്രകൃതിയുമായി ഇണങ്ങി ജീവിച്ചവരാണവര്‍. ഫ്യൂഡല്‍ സമൂഹങ്ങളെന്നോ ജന്മിത്ത സമൂഹങ്ങളെന്നോ വിളിക്കാവുന്ന സാമൂഹികഘടനയില്‍ ജന്മിയാണ് അധികാരി. ജന്മിക്കു കീഴിലാണു കുടിയാന്റെ സ്ഥാനം. 18-ഉം 19-ഉം നൂറ്റാണ്ടുകളില്‍ പിറവിയെടുത്ത മുതലാളിത്ത സമൂഹത്തിലും മുതലാളി-തൊഴിലാളി ബന്ധമാണുള്ളത്. തുടര്‍ന്നു സാന്നിദ്ധ്യമറിയിച്ച സോഷ്യലിസ്റ്റ് വ്യവസ്ഥയിലോ മിശ്ര സമ്പദ് വ്യവസ്ഥയിലോ സ്ഥാനം കിട്ടാതെ പോയ ദളിത്-ആദിവാസി സമൂഹങ്ങള്‍ കമ്പോള-ആഗോളവത്കരണ യുഗത്തിലാകട്ടെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുകയാണ് ഇന്ന്. കമ്പോള-ആഗോളവത്കരണശക്തികളുമായുള്ള ഹിന്ദുത്വ ഫാസിസത്തിന്റെ ചങ്ങാത്തത്തെ ചെറുക്കാന്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുപോലും കഴിയാതെ പോകുന്ന നാളുകളാണിത്.
സാമൂഹിക വിശകലനത്തിന്റെ മൂന്നാം തലത്തില്‍ പ്രതിപാദിക്കുന്ന സാംസ്‌കാരിക വിശകലനം നമുക്കു ദൃശ്യമല്ല. സമൂഹത്തിന്റെ ബാഹ്യതലങ്ങളിലേക്കും അര്‍ത്ഥതലങ്ങളിലേക്കും മനോഘടനയിലേക്കും ഇറങ്ങിച്ചെല്ലുന്നതാണു സാംസ്‌കാരികവിശകലനം. മതമായാലും രാഷ്ട്രീയമായാലും അധികാരമായാലും അധിപതികളുടെ സംസ്‌കാരവും വിധേയരുടെ സംസ്‌കാരവും തമ്മില്‍ ഏറ്റുമുട്ടലുണ്ട്. വിധേയത്വത്തിന്റെ സംസ്‌കാരത്തിലേക്ക് ഒരു ജനപദത്തെ ആട്ടിയിറക്കാനുള്ള ശ്രമങ്ങളെ അറിവ് എന്ന ആയുധം നല്കി ശക്തരാക്കിയ ചരിത്രമാണു കേരളസഭയ്ക്കു പറയാനുള്ളത്. എന്നാല്‍ ദളിത്-ആദിവാസി സമൂഹങ്ങളെ മാനവീകരണത്തിന്റെ ഇടര്‍ച്ചകളില്‍ നിന്നു രക്ഷിച്ചെടുത്തു സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ സാംസ്‌കരികമൂല്യങ്ങളിലേക്കു വിളക്കിച്ചേര്‍ക്കാന്‍ ഇനിയും നമുക്കു കഴിഞ്ഞിട്ടുണ്ടോ എന്ന സ്വയംവിമര്‍ശനത്തിനു സമയമായെന്നു തോന്നുന്നു.
‘ദളിത് ക്രൈസ്തവന്‍’ എന്ന പദം പോലും ഒരു യഥാര്‍ത്ഥ ക്രിസ്തീയവിശ്വാസി നെഞ്ചുരുക്കത്തോടെയാണു വായിക്കേണ്ടതെന്നാണ് എന്റെ പക്ഷം. അപ്പസ്‌തോലിക നടപടികളിലെ 2:44-46 വാക്യങ്ങള്‍ വായിക്കുമ്പോള്‍ ചിലരെങ്കിലും മനസ്സില്‍ സൂക്ഷിക്കുന്ന കപട ആത്മയീതയുടെ കളങ്കം തെളിഞ്ഞുവരുന്നതു കാണാം. ഈ കളങ്കപാതയില്‍ നിന്നു നമുക്കു മോചനം വേണം. അപ്പോള്‍ നമുക്കു മുന്നില്‍ തെളിയുന്നതു ”നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയു”മായിരിക്കും! (2 പത്രോ. 3:13).

Leave a Comment

*
*