Latest News
|^| Home -> Cover story -> കാരുണ്യത്തിന്റെ അമ്മ

കാരുണ്യത്തിന്റെ അമ്മ

sathyadeepam

-ഡോ. കെ.വി. റീത്താമ്മ

കല്‍ക്കട്ടയിലെ തെരുവുകളില്‍ ഒരു ജന്മം മുഴുവന്‍ ചെലവഴിച്ച് അലിവിന്റെ മാലാഖയെത്തേടി ഇന്നെവരെ ലഭിച്ച പുരസ്‌കാരങ്ങളേക്കാള്‍ വലിയ ഒരു പുരസ്‌കാരം എത്തിയിരിക്കുകയാണ്. ഒരുപക്ഷേ, ഭൂമിയിലെയും സ്വര്‍ഗത്തിലെയും ഏറ്റവും വലിയ പുരസ്‌കാരം – വിശുദ്ധ പദവി. മരണശേഷവും മനുഷ്യമനസ്സില്‍ നിത്യതയുടെ പ്രകാശം ചൊരിയുന്ന ആ ദിവ്യതേജസ്സ് നമുക്ക് എന്നും വഴികാട്ടിയായിരിക്കട്ടെ.

”ത്യഗമെന്നതേ നേട്ടം താഴ്മതാന്‍ അഭ്യുന്നതി.”
ഗാന്ധിജിയെക്കുറിച്ചുള്ള വള്ളത്തോളിന്റെ ഈരടികളാണിവ. സ്വാര്‍ത്ഥത നിറഞ്ഞ ഈ ലോകജീവിതത്തില്‍ ത്യാഗം, എളിമ എന്നീ പദങ്ങളുടെ അര്‍ത്ഥംതന്നെ തിരയേണ്ടി വരുന്നു. തിന്മയുടെ കാറണിഞ്ഞ ആകാശത്തേയ്ക്ക് ഒരു വെണ്‍മേഘം പറന്നിറങ്ങിയാലോ? അപ്രകാരമുള്ള ഒരു വ്യക്തിത്വമാണു പാവങ്ങളുടെ അമ്മയായ മദര്‍ തെരേസ. ഓരോ കാലഘട്ടത്തിലും ലോകത്തെ നന്മയിലേക്കു നയിക്കാന്‍ ദൈവം ആരെയൊക്കെയോ നിയോഗിക്കുന്നു. അങ്ങനെ 1910 ആഗസ്റ്റ് 26-ന് യുഗോസ്ലാവിയായില്‍ ദൈവനിയോഗത്താല്‍ പിറന്നുവീണ കുഞ്ഞു മാലാഖയാണ് ആഗ്നസ്. അവള്‍ മാലാഖയല്ല പുണ്യവതിതന്നെയെന്നു ലോകത്തിനു ബോദ്ധ്യമായി. ഇത്തരത്തിലുള്ള ജന്മങ്ങളാണു ലോകത്തെ വെളിച്ചത്തിലേക്കു നയിക്കുന്ന കെടാവിളക്കുകള്‍. സ്വന്തം ജീവിതം തന്നെ മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ചുകൊണ്ടു ലോകത്തിനു മാതൃകയായ ഈ പുണ്യവതിയെക്കുറിച്ചുള്ള ചിന്തകള്‍ക്കുപോലും നറുനിലാവിന്റെ കുളിര്‍മയുണ്ട്. കല്‍ക്കട്ടയിലെ തെരുവുകളില്‍ അലഞ്ഞുനടന്നിരുന്ന ആയിരക്കണക്കിനു പാവങ്ങളുടെ അമ്മയായി, രോഗികള്‍ക്കു സ്‌നേഹലേപനമായി മാറിയ മദര്‍ തെരേസ മനുഷ്യമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമാണ്.

അല്‍ബേനിയായിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ‘ഗോംക്‌സാ’ എന്ന ഓമനപ്പേരുള്ള ആഗ്നസ്, ഗോം ക്‌സാ എന്ന വാക്കിന്റെ അര്‍ത്ഥംപോലെ തന്നെ, ഒരു പനിനീര്‍ പൂമൊട്ടായിരുന്നു. ആഗോളസഭയ്ക്ക് അള്‍ത്താരയിലേക്ക് ഒരു പുണ്യവതികൂടി. ഇതില്‍ ഏറ്റവും ആനന്ദിക്കുന്നത് ഇന്ത്യാക്കാരായിരിക്കും. കാരണം, കര്‍മവേദികൊണ്ടും പൗരത്വംകൊണ്ടും അവള്‍ ഒരു ഇന്ത്യാക്കാരിയാണ്. ജീവിക്കുമ്പോള്‍ത്തന്നെ വിശുദ്ധ എന്നറിയപ്പെട്ടിരുന്ന മദര്‍ വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിനു സാക്ഷികളാകുന്നു എന്നതു നമ്മുടെ ഭാഗ്യം. ”ജീവിച്ചിരിക്കുമ്പോഴാണ് വിശുദ്ധരാകേണ്ടത്. മരണശേഷം ആരും വിശുദ്ധരായിട്ടില്ല. വിശുദ്ധരായി പേരു വിളിക്കപ്പെട്ടിട്ടേയുളളൂ” എന്ന തന്റെ ഉദ്ധരണി സ്വന്തം ജീവിതംകൊണ്ടു മദര്‍ അന്വര്‍ത്ഥമാക്കി.

ഒരു ആല്‍േബനിയക്കാരി തന്റെ കര്‍മവേദിയായി എന്തുകൊണ്ട് ഇന്ത്യ തിരഞ്ഞെടുത്തു എന്നതു നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു ചോദ്യമാണ്. അതിനുത്തരം മദര്‍ തെരേസ തന്നെ പറയുന്നുണ്ട്. ‘ഇന്ത്യ മഹത്തായ രാജ്യമാണ്. ഇവിടെ സാമ്പത്തികമായേ ദാരിദ്ര്യമുള്ളൂ. കോടിക്കണക്കിനു വരുന്ന ഭാരതീയരുടെ മനസ്സ് സമ്പന്നമാണ്. അവരുടെ മനസ്സുനിറയെ സ്‌നേഹമാണ്. അവരുടെ ഹൃദയം സമ്പന്നമാണ്. ആത്മാവില്‍ സമ്പന്നമായ രാഷ്ട്രമാണ് ഇന്ത്യ. ദൈവം ഈ പാവപ്പെട്ടവരോടൊപ്പം വസിക്കുന്നു. ദൈവമക്കളോടൊപ്പം കഴിയാനുള്ള ആഗ്രഹമാണ് എന്നെ ഇന്ത്യാക്കാരിയാക്കിയത്. എന്നെ ഞാനാക്കിയത് ഈ രാജ്യവും ഇവിടത്തെ ജനങ്ങളുമാണ്. എന്റെ ജീവനും ആത്മാവും ഈ മനുഷ്യര്‍ക്കിടയിലാണ്. ഇവരില്‍ ഞാനെന്റെ ദൈവത്തെ കാണുന്നു. എനിക്ക് ഇന്ത്യ വിട്ടുപോകാ നാവില്ല.” മദറിന്റെ ഈ വാക്കുകള്‍ ഉള്‍പ്പുളകത്തോടെ അല്ലാതെ ആര്‍ക്കാണു വായിക്കാന്‍ കഴിയുക? ബിബിസിയില്‍ക്കൂടി പ്രശസ്തനായിത്തീര്‍ന്ന മാല്‍ക്കം മഗറിഡ്ജ്, മദര്‍ തെരേസയെ ഒരു ടെലിവിഷന്‍ പരിപാടിയിലൂടെ അവതരിപ്പിക്കുകയും മദറിന്റെ അഭിമുഖത്തോടുകൂടി മദറിനെക്കുറിച്ച് ഒരു പുസ്തകമെഴുതുകയും ചെയ്തു. അതിന്റെ പേര് ”സംതിങ്ങ് ബ്യൂട്ടിഫുള്‍ ഫോര്‍ ഗോഡ്” എന്നായിരുന്നു. ശരിയാണ്, മദര്‍ തെരേസ എന്നാല്‍ ദൈവത്തിനുവേണ്ടി മനോഹരമായി സൃഷ്ടിക്കപ്പെട്ടവള്‍ എന്നാണ്.

ഏഴാം വയസ്സില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആഗ്നസ്, ഡ്രാണാഫില്‍ ബര്‍ണായി എന്ന തന്റെ അമ്മയുടെ ശിക്ഷണത്തിലാണു വളര്‍ന്നത്. തിരുക്കുടുംബഭക്തിയുടെയും പ്രാര്‍ത്ഥനയുടെയും പങ്കുവയ്ക്കലിന്റെയും സ്‌നേഹത്തിന്റെയും ഒരു കുടുംബാന്തരീക്ഷത്തിലാണ് ആഗ്നസ് വളര്‍ന്നത്. മൂന്നു മക്കളില്‍ ഏറ്റവും ഇളയവള്‍. സ്‌നേഹിക്കുവാനും പങ്കുവയ്ക്കുവാനും പഠിച്ചത് അമ്മയില്‍നിന്നാണ്. തങ്ങള്‍ക്കുള്ളതു ദരിദ്രരുമായി പങ്കുവയ്ക്കുവാന്‍ അമ്മ മക്കളെ പ്രചോദിപ്പിച്ചിരുന്നു. സമ്പദ്‌സമൃദ്ധ മല്ലാത്ത, ഒരു സാധാരണ കുടുംബം. എന്നിട്ടും ആറ് അനാഥബാലന്മാരെ ആ അമ്മ ദത്തെടുത്തു വളര്‍ത്തിയിരുന്നു എന്നറിയുമ്പോഴാണ് ആഗ്നസിന്റെ അമ്മയുടെ മഹത്ത്വം നാം മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ വിശപ്പിന്റെ വേദന അറിഞ്ഞാണ് ആഗ്നസ് വളര്‍ന്നത്. ദൈവസ്‌നേഹത്തിന്റെ പാഠങ്ങളും പഠിച്ചത് അമ്മയില്‍ നിന്നാണ്. ഏതു പ്രതിസന്ധിയിലും അടിപതറാതെ പിടിച്ചുനില്ക്കുവാനുള്ള ധൈര്യം ലഭിച്ചതും സ്വന്തം അമ്മയില്‍നിന്നാണെന്നു മദര്‍ അനുസ്മരിക്കുന്നു. ഒരു കന്യാസ്ത്രീയാകണമെന്ന ആഗ്നസിന്റെ ഉറച്ച തീരുമാനത്തിനു മുന്നില്‍ ആ അമ്മയ്ക്കു കീഴടങ്ങേണ്ടി വന്നു. ആഗ്നസിന്റെ ആവശ്യമറിഞ്ഞ അമ്മ മുറിയില്‍ കയറി വാതിലടച്ചു തന്റെ സങ്കടം മുഴുവന്‍ പരി. അമ്മയോടു പറയുകയും മകളെ വിട്ടുപിരിയാന്‍ ശക്തി തരണേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തു. തിരികെവന്ന് ആഗ്നസിനു ധൈര്യം പകര്‍ന്നുകൊണ്ട് അമ്മ പറഞ്ഞു: ”പരി. അമ്മയുടെ കൈപിടിച്ചു കര്‍ത്താവിന്റെ കൂടെ നടക്കുക. നിന്റെ ജീവിതം അവനു സമര്‍പ്പിക്കുക. ഒരിക്കലും പിരിയാതെ അവന്റെ വെളിച്ചത്തിലേക്കു നടന്നടുക്കുക.” ആ അമ്മയുടെ ത്യാഗപൂര്‍ണമായ സമ്മതമാണു നമുക്ക് ഇങ്ങനെ ഒരു വിശുദ്ധയെ ലഭിക്കാന്‍ ഇടയാക്കിയത്. ഇനിയും ധാരാളം മദര്‍ തെരേസമാര്‍ ജനിക്കണം. നമ്മുടെയൊക്കെ കുടുംബങ്ങള്‍ അതിനു വേദിയാകണം. ആഗ്നസിന്റെ അമ്മയെപ്പോലെ പങ്കുവയ്ക്കാന്‍ കഴിയുന്ന അമ്മമാരാകാന്‍ നമുക്കു കഴിയണം. ആഗ്നസിനു സമര്‍പ്പിതയാകണമെന്ന ആഗ്രഹം ഉണ്ടായപ്പോള്‍ സ്വന്തം ഗൃഹത്തിലെ സ്‌നേഹവും വാത്സല്യവും സംതൃപ്തിയും ഉപേക്ഷിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്നു മദര്‍ ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ബാല്യത്തില്‍ സൊഡാലിറ്റിയില്‍ അംഗമായിരുന്ന ആഗ്നസിനെ വിദേശങ്ങളില്‍ പ്രേഷിതവേല ചെയ്തിരുന്ന മിഷനറിമാരുടെ കഥകള്‍ സ്വാധീനിച്ചിരുന്നു. അങ്ങനെ പ്രേഷിതവേലയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ അവളില്‍ വളരാന്‍ തുടങ്ങുകയും ചെയ്തു. 1928 ഒക്‌ടോബര്‍ 12-ന് അയര്‍ലണ്ടിലെ ലോറെറ്റോ കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗിലുള്ള ലോറെറ്റോ മഠത്തിലേക്ക് അയയ്ക്കപ്പെട്ടു. 1931 മേയ് 24-ാം തീയതി സിസ്റ്റേഴ്‌സ് ഓഫ് ലോറെറ്റയില്‍ വിശുദ്ധ കൊച്ചു ത്രേസ്യയോടുള്ള ആരാധനയില്‍ നിന്നു സിസ്റ്റര്‍ തെരേസ് എന്ന നാമം സ്വീകരിച്ചു. തുടര്‍ന്നു ലോറെറ്റോ സ്‌കൂളില്‍ അദ്ധ്യാപികയായി. ലോറെറ്റോ സ്‌കൂളില്‍ ഭൂമിശാസ്ത്രവും സന്മാര്‍ഗശാസ്ത്രവും പഠിപ്പിക്കുമ്പോഴും സിസ്റ്റര്‍ തെരേസിന്റെ മനസ്സ് കല്‍ക്കട്ടയിലെ ചേരികളിലായിരുന്നു. 1946 സെപ്തംബര്‍ 10-ാം തീയതി ഡാര്‍ജീലിംഗില്‍ ഒരു ധ്യാനത്തില്‍ പങ്കെടുക്കാന്‍ പോയി. സിസ്റ്റര്‍ തെരേസയെ സംബന്ധിച്ചിടത്തോളം തീവണ്ടിയിലെ മൂന്നാം ക്ലാസ്സിലെ ആ യാത്ര ജീവിതത്തിലെ ഒരു വഴിത്തിരിവായി. ആ യാത്രയില്‍ വിശുദ്ധ മത്തായിയുടെ സുവിശേഷം 25-ാം അദ്ധ്യായം 31 മുതലുള്ള വചനങ്ങള്‍ വായിക്കാനിടയാകുകയും അത് അവരെ കല്‍ക്കത്തയുടെ തെരുവുകളില്‍ എത്തിക്കുകയും ചെയ്തു. ‘നിന്റെ ഈ എളിയ സഹോദരന്മാരില്‍ ഒരുവനു ചെയ്തു കൊടുത്തപ്പോള്‍ അത് എനിക്കുതന്നെയാണു ചെയ്തുതന്നത്’ എന്ന ഈശോയുടെ വചനം ജീവിതത്തിലുടനീളം മദര്‍ പ്രാവര്‍ത്തികമാക്കി. ട്രെയിന്‍ യാത്രയ്ക്കിടയിലെ ആ ദൈവാനുഭവം സിസ്റ്റര്‍ തെരേസയ്ക്കു താനായിരിക്കുന്ന വിളിയില്‍നിന്നും വിശാലമായ മറ്റൊരു ലോകത്തിലേക്കുള്ള രണ്ടാമത്തെ വിളിയായി മാറി. മനോഹരമായ പുന്തോപ്പുകളുള്ള കൊച്ചു ലോറെറ്റോ മഠത്തിന്റെ സംരക്ഷണവും ലോറെറ്റോ സ്‌കൂളിന്റെ ഊഷ്മളമായ അന്തരീക്ഷവും ഉപേക്ഷിച്ചു പുതിയ വിളി ഏറ്റെടുക്കാന്‍ സിസ്റ്റര്‍ ഇറങ്ങിത്തിരിച്ചു. ആ വിളിയിലെ വിളിയാണ് 1950 ഒക്‌ടോബര്‍ 7-ാം തീയതി കാരുണ്യത്തിന്റെ സഹോദരിമാരുടെ സഭ (മിഷനറീസ് ഓഫ് ചാരിറ്റി) സ്ഥാപിക്കാന്‍ മദറിനു പ്രേരണയായത്. ”ഞാനല്ല ക്രിസ്തുവാണ് എന്നില്‍ വസിക്കുന്നത് എന്ന തിരിച്ചറിവാണ്” പരിത്യക്ത രെയും ചോരക്കുഞ്ഞുങ്ങളെയും ആലംബഹീനരെയും മരണാസന്നരെയും ഏറ്റെടുക്കാന്‍ മദറിനെ പ്രാപ്തയാക്കിയത്. ഇന്നു 126 രാജ്യങ്ങളിലായി 700-ലേറെ സ്ഥാപനങ്ങളുമായി ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റിയില്‍ 4500-ലേറെ വരുന്ന സഹോദരിമാര്‍ മദര്‍ തുടങ്ങിവച്ച കാരുണ്യപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.

കല്‍ക്കട്ടയിലെ തെരുവുകളില്‍ മരണാസന്നരായി കഴിയുന്നവര്‍ക്കു മരണത്തിനൊരുങ്ങാനും ശാന്തമായി മരിക്കാനും വേണ്ടി മദര്‍ സ്ഥാപിച്ച സ്ഥാപനമായിരുന്നു ”നിര്‍മല്‍ ഹൃദയ്.” തെരുവിന്റെ മക്കളെ അക്ഷരം പഠിപ്പിക്കാന്‍ വിദ്യാലയവും നിരാലംബരുടെ പുനരധിവാസത്തിനായി ‘പ്രേംദാന്‍’ എന്ന സ്ഥാപനവും ആരംഭിച്ചു.

ഇന്നത്തെ ലോകത്തില്‍ താന്താങ്ങളുടെ സുഖത്തിനും സന്തോഷത്തിനുംവേണ്ടി എന്തു ഹീനകൃത്യവും ചെയ്യാന്‍ മടിക്കാത്ത തലമുറയേ, നിങ്ങള്‍ക്കിതാ ഒരു തുറന്ന പാഠപുസ്തകം. മദറിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സാധാരണ മനുഷ്യര്‍ക്കു ചെയ്യുവാന്‍ കഴിയുന്നതേ അല്ല. ദൈവത്തിന്റെ പ്രത്യേക കൃപാകടാക്ഷം ഉള്ളവര്‍ക്കു മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ദേഹം മുഴുവന്‍ മാലിന്യവുമായി നടക്കുന്ന, ആരും അറയ്ക്കുന്ന തെരുവുമക്കളെ നെഞ്ചോടു ചേര്‍ത്തു പുണരുവാനും അവരെ ചുംബിക്കുവാനും ആ അമ്മയ്ക്കല്ലാതെ ആര്‍ക്കാണു കഴിയുന്നത്? ആ മെലിഞ്ഞുണങ്ങിയ ശരീരത്തിനുള്ളിലെ ഹൃദയത്തില്‍ ഇത്ര സ്‌നേഹപ്രവാഹം നിറച്ചുവച്ചതാര്? സര്‍വേശ്വരനല്ലാതെ മറ്റാരുമല്ല.

കൂട്ടിവയ്ക്കുന്നതിലല്ല, കൊടുക്കുന്നതിലാണു സൗന്ദര്യം എന്നു ലോകത്തെ പഠിപ്പിച്ച പുണ്യവതി. സ്വന്തം എന്നു പറയുവാന്‍ ഒന്നു മില്ലാത്ത പതിനായിരങ്ങളുടെ സ്വന്തം അമ്മ! ഒരു കുഞ്ഞിനുപോലും ജന്മംകൊടുക്കാതെ കര്‍മംകൊണ്ടു മാനവരാശിയുടെ മുഴുവന്‍ അമ്മയായി മദര്‍. ഗര്‍ഭച്ഛിദ്രത്തിനെതിരെ ശക്തമായ നിലപാടു മദറിനുണ്ടായിരുന്നു. ”പ്രിയപ്പെട്ട അമ്മമാരേ, നിങ്ങളുടെ ഉദരം ചോരക്കളമാക്കരുതേ. ജീവനെ നശിപ്പിക്കരുത്. നിങ്ങള്‍ക്കു കുഞ്ഞിനെ വേണ്ടെങ്കില്‍ അവരെ എനിക്കു തരിക. ഞാന്‍ അവരെ വളര്‍ത്തിക്കൊള്ളാം.” ചിലരിെലങ്കിലും ഒരു വീണ്ടുവിചാരം ഉണ്ടാക്കാന്‍ മദറിന്റെ ഈ വാക്കുകള്‍ പ്രചോദനമായിട്ടുണ്ട്.

സ്‌നേഹനിര്‍ഭരമായ മദറിന്റെ പ്രവര്‍ത്തനങ്ങള്‍ ആരെയും ബോദ്ധ്യപ്പെടുത്താനായിരുന്നില്ല. ഇതൊക്കെ ചെയ്യുമ്പോഴും താന്‍ ദൈവകരങ്ങളില്‍ ഒരു പെന്‍സില്‍ മാത്രമെന്നു മദര്‍ വിശ്വസിച്ചിരുന്നു.
ജാതിയോ മതമോ വര്‍ണമോ ധനമോ ഒന്നും നോക്കാതെയാണു മദര്‍ എല്ലാവരെയും സ്‌നേഹിച്ചത്. ആര്‍ക്കെങ്കിലും നമ്മള്‍ എപ്പോഴെങ്കിലും ആശ്വാസം പകര്‍ന്നിട്ടുണ്ടെങ്കില്‍ നന്മ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഹൃദയത്തില്‍ അനുഭവപ്പെട്ട ആനന്ദം ഈശ്വരസവിധത്തില്‍ എത്തിച്ചേരും. അതു നമുക്ക് അനുഗ്രഹമായി പെയ്തിറങ്ങും. മദര്‍ തെരേസയുടെ ജീവിതമാതൃകയില്‍ നിന്നു നാം ഉള്‍ക്കൊള്ളേണ്ട ഒരു പാഠവും ഇതുതന്നെയാണ്.

ഒരുപാടു പുരസ്‌കാരങ്ങളും ബഹുമതികളും മദര്‍ തെരേസയെ തേടിവന്നിട്ടുണ്ട്. 1979-ല്‍ സമാധാനത്തിനുള്ള നോബല്‍സമ്മാനം മദര്‍ തെരേസയ്ക്കു ലഭിച്ചിട്ടുണ്ട്. അത് ഏറ്റുവാങ്ങുമ്പോള്‍ അമ്മ നടത്തിയ ഒരു പ്രസംഗം വളരെ ഹൃദയസ്പര്‍ശിയായിരുന്നു. കല്‍ക്കട്ടയിലെ തെരുവുകളില്‍ ഭിക്ഷാടനം നടത്തിയിരുന്ന ഒരു യാചകന്‍ തന്റെ രണ്ടു രൂപയില്‍ താഴെയുള്ള ഒരു ദിവസത്തെ സമ്പാദ്യം മദറിനു നല്കിയപ്പോള്‍ കിട്ടിയ നിര്‍വൃതിയോളം വലുതല്ല ഈ നോബല്‍ സമ്മാനം എന്നു മദര്‍ പറയുകയുണ്ടായി.

കാരുണ്യവര്‍ഷത്തില്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന കാരുണ്യത്തിന്റെ അമ്മ ആഗോള കത്തോലിക്കാസഭയുടെ ദേവാലയങ്ങളില്‍ അള്‍ത്താരവണക്കത്തിനു യോഗ്യയാക്കപ്പെടുന്നതു തന്റെ പത്തൊമ്പതാം ചരമവാര്‍ഷികദിനത്തില്‍ത്തന്നെയാണ്. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലാണു തുടങ്ങിയതെങ്കിലും മാനവരാശിയെ മനുഷ്യത്വത്തിന്റെ കുടക്കീഴില്‍ ഒന്നിച്ചുനിര്‍ത്താന്‍ സാധിച്ചു എന്നതാണു മദറിന്റെ ഏറ്റവും വലിയ വിജയം.

”ജീവിതത്തില്‍ വിജയം നേടുന്നവരെല്ലാം പ്രത്യേക കഴിവുള്ളവരായിരിക്കണമെന്നില്ല. പലപ്പോഴും ശരാശരി കഴിവുള്ളവരായിരിക്കും അവര്‍. എന്നാല്‍ സ്ഥിരോത്സാഹവും ക്ഷമാശീലവും അവരെ ആ ത്യന്തികവിജയത്തിലേക്കു നയിക്കും” എന്ന അമ്മയുടെ വാക്കുകള്‍ നമുക്കു പ്രചോദനമായിരിക്കട്ടെ.

കല്‍ക്കട്ടയിലെ തെരുവുകുളില്‍ ഒരു ജന്മം മുഴുവന്‍ ചെലവഴിച്ച അലിവിന്റെ മാലാഖയെത്തേടി ഇന്നേവരെ എത്തിയ പുരസ്‌കാരങ്ങളേക്കാള്‍ വലിയ ഒരു പുരസ്‌കാരം എത്തിയിരിക്കുകയാണ്. ഒരുപക്ഷേ, ഭൂമിയിലെയും സ്വര്‍ഗത്തിലെയും ഏറ്റവും വലിയ പുരസ്‌കാരം – വിശുദ്ധ പദവി. മരണശേഷവും മനുഷ്യമനസ്സില്‍ നിത്യതയുടെ പ്രകാശം ചൊരിയുന്ന ആ ദിവ്യതേജസ്സ് നമുക്ക് എന്നും വഴികാട്ടിയായിരിക്കട്ടെ.

Leave a Comment

*
*